ADVERTISEMENT

ലോക്സഭയിലേക്കുള്ള നാലാംഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ജമ്മു കശ്മീരിലെ അനന്തനാഗ് അടക്കം 9 സംസ്ഥാനങ്ങളിലായി 72 സീറ്റിലേക്കാണ് വോട്ടെടുപ്പ്. ഇതിൽ ഗ്ലാമർ മത്സരം നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലൂടെ ഒരു വിശകലന യാത്ര...

ബെഗുസാരായ്

∙ വോട്ടർമാർ: 17,78,759

സ്ഥാനാർഥികൾ
∙കനയ്യ കുമാർ (സിപിഐ)
∙ഗിരിരാജ് സിങ് (ബിജെപി)
∙തൻവീർ ഹസൻ (ആർജെഡി)

കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ സാന്നിധ്യം കൊണ്ടു ബിഹാറിന്റെ ലെനിൻഗ്രാഡെന്നാണു ബെഗുസാരായ് അറിയപ്പെടുന്നത്. ‍ഡൽഹി ജവാഹർലാൽ നെഹ്‍റു യൂണിവേഴ്സിറ്റി (ജെഎൻയു) വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാർ മത്സരിക്കുന്നതുകൊണ്ടുതന്നെ ശ്രദ്ധേയമായി മാറിയ മണ്ഡലം. കഴിഞ്ഞ തവണ ബിജെപിയിലെ ഭോല സിങ് 58,335 വോട്ടിനു ജയിച്ച മണ്ഡലം. ആർജെഡിയിലെ തൻവീർ ഹസനെയാണു പരാജയപ്പെടുത്തിയത്. 2014ൽ ബിജെപി ആരുമായി സഖ്യമില്ലാതെ ഒറ്റയ്ക്കു മത്സരിച്ചു നേടിയ ജയമായിരുന്നു. ജനതാദൾ (യു) പിന്തുണയോടെ മത്സരിച്ച സിപിഐയിലെ രാജേന്ദ്ര പ്രസാദ് സിങ് 1,92,639 വോട്ടു നേടിയിരുന്നു. ഇത്തവണ ജെഡിയു പിന്തുണ ബിജെപിക്കാണ്.

ഭോല സിങ് 2018 ഒക്ടോബറിൽ അന്തരിച്ചിരുന്നു. നവദ എംപിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങാണ് ഇത്തവണ ബിജെപി സ്ഥാനാർഥി. ഭൂമിഹാർ ബ്രാഹ്മണ വോട്ടു ലക്ഷ്യമിട്ടാണ് ബിജെപി ‌ഗിരിരാജ് സിങ്ങിനെ സ്ഥാനാർഥിയാക്കിയത്. കനയ്യ കുമാറിന്റെ വാക്ചാതുരിയും കരിസ്മയും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് സിപിഐ. മുസ്‍ലിം, യാദവ വോട്ടിലാണു ആർജെഡി സ്ഥാനാർഥി തൻവീർ ഹസൻ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. കേരളവും തമിഴ്നാടും ഒഴിച്ച് സിപിഐ പ്രതീക്ഷിക്കുന്ന ചുരുക്കം സീറ്റുകളിലൊന്നാണു ബെഗുസാരായ്.

priya dutt, Sanjay dutt
പ്രിയ ദത്തും സഞ്ജയ് ദത്തും (ഫയൽ ചിത്രം)

മുംബൈ നോർത്ത് സെൻട്രൽ

∙ വോട്ടർമാർ: 17,38,894

സ്ഥാനാർഥികൾ
∙പ്രിയാ ദത്ത് (കോൺഗ്രസ്)
∙പൂനം മഹാജൻ (ബിജെപി)

ഇന്ത്യൻ വാണിജ്യതലസ്ഥാനത്തെ ഗ്ലാമർപോരാട്ടം. കോൺഗസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായിരുന്ന സുനിൽ ദത്തിന്റെ പുത്രി പ്രിയാ ദത്തും ബിജെപിയുടെ സമുന്നത നേതാവായിരുന്ന പ്രമോദ് മഹാജന്റെ പുത്രി പൂനം മഹാജനും തമ്മിൽ വീണ്ടും കൊമ്പുകോർക്കുന്നു. 2014ൽ സിറ്റിങ് എംപി പ്രിയാ ദത്തിനെ 1,86,771 വോട്ടിനു പരാജയപ്പെടുത്തിയാണു പൂനം മഹാജൻ കന്നി ജയം നേടിയത്. കോസ്മോപോളിറ്റൻ നഗരത്തിന്റെ ഭാഗമായ ഈ മണ്ഡലത്തിൽ രാജ്യത്തിന്റെ എല്ലാഭാഗത്തുനിന്നുള്ള വോട്ടർമാരെയും കാണാം. എന്നാൽ മറാഠി സംസാരിക്കുന്നവർക്കാണു മുൻതൂക്കം. വടക്കെ ഇന്ത്യക്കാരും മലയാളികളടക്കമുള്ള തെക്കേ ഇന്ത്യക്കാരുമായിട്ടുള്ള വോട്ടർമാർക്കു ജനവിധി നിർണയിക്കുന്നതിൽ മുഖ്യപങ്കുണ്ട്. കൂടാതെ മാർവാരീസിനും ഗുജറാത്തികൾക്കും മണ്ഡലത്തിൽ സ്വാധീനമുണ്ട്.

ഹിന്ദു, ദലിത്, മുസ്‍ലിം, ക്രിസ്ത്യൻ തുടങ്ങി എല്ലാ വിഭാഗങ്ങളും ഇവിടെ വോട്ടർമാരാണ്. കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിൽ പൂനം മഹാജൻ നടത്തിയ വികസനപ്രവർത്തനത്തിന്റെ പേരിലാണു ബിജെപി വോട്ടു തേടുന്നത്. എന്നാൽ കഴിഞ്ഞ 5 വർഷം രാജ്യത്തുണ്ടായ സാമ്പത്തിക, തൊഴിൽ മേഖലയിലെ തകർച്ച വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. മുൻപു രണ്ടു തവണ ഇവിടെ ജയിച്ച പ്രിയ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്. മോദി തരംഗത്തിൽ നഷ്ടമായ മണ്ഡലം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും പ്രിയാ ദത്തും.

Moon Moon Sen | Babul Supriyo | Election 2019
മൂൺമൂൺ സെൻ, ബാബുൽ സുപ്രിയോ

അസൻസോൾ

∙വോട്ടർമാർ: 16,14,917

സ്ഥാനാർഥികൾ
∙മൂൺ മൂൺ സെൻ (തൃണമൂൽ കോൺഗ്രസ്)
∙ബാബുൽ സുപ്രിയോ (ബിജെപി)
∙ഗൗരംഗാ ചാറ്റർജി (സിപിഎം)
∙ബിസ്വരൂപ് മണ്ഡൽ (കോൺഗ്രസ്)

എംപിമാർ തമ്മിലുള്ള പോരാട്ടം. കേന്ദ്രമന്ത്രിയും ഗായകനുമായ സിറ്റിങ് എംപി ബാബുൽ സുപ്രിയോയെ നേരിടുന്നതു ചലച്ചിത്ര താരം കൂടിയായ മൂൺമൂൺ സെന്നാണ്. അഞ്ചു വർഷം മുൻപു സിപിഎമ്മിന്റെ സമുന്നത നേതാവ് ബാസുദേവ് ആചാര്യക്കെതിരെ ബാങ്കുര മണ്ഡലത്തിൽ അട്ടിമറിജയം നേടിയാണു മൂൺമൂൺ സെൻ ലോക്സഭയിലെത്തിയത്. ബാസുദേവ് ആചാര്യ 9 തവണ ബാങ്കുരയുടെ പ്രതിനിധിയായിരുന്നു. ഇത്തവണ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇടപെടലിനെ തുർന്നാണ് അവർ അസൻസോളിലേക്കു ചുവടുമാറ്റിയത്.

15% വരുന്ന മുസ്‍ലിം വോട്ടർമാർ തൃണമൂൽ കോൺഗ്രസിന്റെ പിൻബലമാണ്. എന്നാൽ പ്രാദേശിക നേതാക്കളെ അവഗണിച്ചു മൂൺമൂൺ സെന്നിനെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടി കേഡറുകളിൽ അമർഷമുണ്ട്. 2014ൽ തൃണമൂൽ കോൺഗ്രസിലെ ഡോള സെന്നിനെ 70,480 വോട്ടിനു പരാജയപ്പെടുത്തിയാണു ബോളിവുഡ് ഗായകൻ ജയിച്ചു കയറിയത്. കഴിഞ്ഞ തവണ സിപിഎം സ്ഥാനാർഥി 2.5 ലക്ഷം വോട്ടും കോൺഗ്രസ് അരലക്ഷം വോട്ടും നേടി. സിപിഎം വോട്ടിൽ ഇത്തവണ ചോർച്ചയുണ്ടാവുമെന്നതിൽ തർക്കമില്ല.

Nakul Nath | Nathansaha Kavretti | Election 2019
നകുൽ നാഥ്, നാഥൻസഹ കവ്റേട്ടി

ചിന്ദ്‍വാര

∙ വോട്ടർമാർ: 14,01,277

സ്ഥാനാർഥികൾ
∙നകുൽ നാഥ് (കോൺഗ്രസ്)
∙നാഥൻസഹ കവ്‍റേട്ടി (ബിജെപി)

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് 9 തവണ ജയിച്ച മണ്ഡലം. മോദി തരംഗത്തിൽ മധ്യപ്രദേശിൽ കോൺഗ്രസ് ജയിച്ചു കയറിയ രണ്ടു മണ്ഡലങ്ങളിലൊന്ന്. ഡൂൺ സ്കൂളിൽനിന്നു പഠിച്ചിറങ്ങി യുഎസിൽനിന്നു എംബിഎ ബിരുദം നേടിയ 44കാരനായ നകുൽ നാഥ് വരും വർഷങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രീയ നേതാവായി മാറുമെന്നതിൽ തർക്കമില്ല. പൊതു തിരഞ്ഞെടുപ്പിൽ 1952 മുതൽ ഇതുവരെ കോൺഗ്രസ് മാത്രം ജയിച്ചിട്ടുള്ള രാജ്യത്തെ ഏക മണ്ഡലമാണ്. എന്നാൽ 1997ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ സുന്ദർലാൽ പട്‍വയ്ക്കു മുന്നിൽ കമൽനാഥിനു കാലിടറി. 1996ൽ ഭാര്യ അൽക്ക കമൽനാഥാണു ജയിച്ചത്.

2014ലെ മോദി തരംഗത്തിൽ കമൽനാഥ് ബിജെപിയിലെ ചന്ദ്രബാൻ കുബേർ സിങിനെ 1,16,537 വോട്ടിനാണു പരാജയപ്പെടുത്തിയത്. ചിന്ദ്‍വാര നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കമൽനാഥാണു മത്സരിക്കുന്നത്. കോൺഗ്രസ് എംഎൽഎ ദീപക് സക്സേന രാജിവച്ച ഒഴിവിലാണു കമൽനാഥ് മത്സരിക്കുന്നത്. കേരളത്തിലെ വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനമെടുക്കുന്നതിനു മുന്‍പു രാഹുൽ ഗാന്ധിക്കു വേണ്ടി പരിഗണിച്ചിരുന്ന മണ്ഡലമാണു ചിന്ദ്‍വാര. ബിജെപിയിലെ നാഥൻസഹ കവ്‍റേട്ടിയാണു മുഖ്യഎതിരാളി. മറ്റു 12 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.

Satyadev Pachouri | Ramkumar | Sriprakash Jaiswal | Election 2019
സത്യദേവ് പച്ചൗരി, രാംകുമാർ, ശ്രീപ്രകാശ് ജയ്സ്വാൾ

കാൻപുർ

∙ വോട്ടർമാർ: 16,11,248

സ്ഥാനാർഥികൾ
∙ശ്രീപ്രകാശ് ജയ്സ്വാൾ (കോൺഗ്രസ്)
∙സത്യദേവ് പച്ചൗരി (ബിജെപി)
∙രാംകുമാർ (എസ്പി)

കിഴക്കിന്റെ മാഞ്ചസ്റ്റർ എന്നറിപ്പെടുന്ന നഗരം. 1999 മുതൽ 3 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തുടർച്ചായായി ജയിച്ച മണ്ഡലം. 2014ൽ നാലാം ജയത്തിന് ഇറങ്ങിയ ശ്രീപ്രകാശ് ജയ്സ്വാളിനും കാലിടറി. മോദി തരംഗത്തിൽ ബിജെപി മുൻ ദേശീയഅധ്യക്ഷൻ കൂടിയായ മുരളി മനോഹർ ജോഷിക്കു മുന്നിൽ 2,22,946 വോട്ടിനു ജയ്സ്വാൾ പരാജയപ്പെട്ടു. മൂന്നു ലക്ഷം വീതമുള്ള മുസ്‍ലിം, ബ്രാഹ്മണ വോട്ടുകളാണു വിധി നിർണയിക്കുന്നത്. സിറ്റിങ് എംഎൽഎ സത്യദേവ് പച്ചൗരിയാണു ബിജെപി സ്ഥാനാർഥി. രാംകുമാറാണ് എസ്പി സ്ഥാനാർഥി. 18 പേർ മത്സരരംഗത്തുണ്ട്. മോദി സർക്കാർ അധികാരമേറ്റതിനു ശേഷമുണ്ടായ തൊഴിൽ, സാമ്പത്തിക മേഖലകളിലെ മാന്ദ്യം കോൺഗ്രസിനു തുണയാകും.

നാലാം ഘട്ട പോളിങ് ഏപ്രില്‍ 29നു അവസാനിച്ചു കഴിയുന്നതോടെ 373 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാകും. അവശേഷിക്കുന്നത് 169 മണ്ഡലങ്ങൾ മാത്രം.

English Summary: Elections 2019, Phase Four Election, Major Fights of Fourth Phase Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com