ADVERTISEMENT

ചേർത്തല ∙ പട്ടണക്കാട് കൊല്ലംവെളി കോളനിയിൽ ആദിഷയുടെ കൊലപാതകം എന്തിന്? എങ്ങനെ? എന്നീ ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം കിട്ടാനുള്ളത്. അമ്മ ആതിരയാണ് കൊന്നതെന്നും അവർ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്ക‍ിയെങ്കിലും ഈ ചോദ്യങ്ങൾക്ക് അവർ മറുപടി നൽകുന്നില്ല. അന്വേഷണം നടക്കുകയാണെന്നു പൊലീസ് പറയുന്നു. കുഞ്ഞ് ശ്വാസം മുട്ടി മരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണത്തിനാണു നീക്കം. ആതിര ആദിഷയെ കൈ കൊണ്ടു ശ്വസം മുട്ടിച്ചു കൊന്നെങ്കിൽ എന്തെങ്കിലും പാടുകൾ കുഞ്ഞിന്റെയോ അമ്മയുടെയോ ദേഹത്തുണ്ടാകും. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

മരിച്ച ശേഷം ആശുപത്രിയിലെത്തിച്ചതിനാൽ പോസ്റ്റ്മോർട്ടം വേണമെന്നും മരണത്തിൽ സംശയമുണ്ടെന്നും ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നു പട്ടണക്കാട് എസ്ഐ അമൃതരംഗന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കി. പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയതോടെയാണു കൊലപാതകം സ്ഥിരീകരിക്കപ്പെട്ടത്.

അമ്മ ചെയ്ത കുറ്റത്തിന് ജയിൽവാസം ആദിഷയ്ക്കും

ചേർത്തല ∙ അമ്മയുടെ കൈകൊണ്ടു കൊല്ലപ്പെട്ട ഒന്നേകാൽ വയസ്സുകാരി ആദിഷ 8 മാസം പ്രായമുള്ളപ്പോൾ താൻ ചെയ്യാത്ത കുറ്റത്തിന് അമ്മയോടൊപ്പം ജയിൽ ശിക്ഷയും അനുഭവിച്ചു. കുടുംബവഴക്കിനെത്തുടർന്നു ഭർതൃമാതാവ് പ്രിയയെ ചിരവ കൊണ്ട് അടിച്ച കേസിലാണു പട്ടണക്കാട് കൊല്ലംവെളി കോളനിയിൽ ആതിരയും ഭർത്താവ് ഷാരോണും ആലപ്പുഴ സബ് ജയിലിൽ റിമാൻഡ് ചെയ്യപ്പെട്ടത്. ആദിഷയെ ജയിലിലേക്കു കൊണ്ടുപോകരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും പ്രിയ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും ആതിര സമ്മതിച്ചില്ല. തുടർന്നാണ് ആദിഷയും ജയിൽവാസം അനുഭവിക്കേണ്ടി വന്നതെന്നു നാട്ടുകാർ പറയുന്നു.

Alappuzha Child Murder
അമ്മയുടെ നിഴലായിരുന്നിട്ടും: ചേർത്തല പുതിയകാവ് കൊല്ലംവെളി കോളനിയിലെ ഈ വീട്ടുമുറ്റത്തു കൂടിയാണ് ഒന്നേകാൽ വയസ്സുള്ള ആദിഷ ഓടിക്കളിച്ചു നടന്നിരുന്നത്. ഇന്നലെ ഈ വീട്ടുമുറ്റത്തെ ചെറിയ കുഴിയിൽ ആ കുഞ്ഞ് അവസാന ഉറക്കത്തിലേക്കും വീണു. കുട്ടിയുടെ സംസ്കാരം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു തുടങ്ങിയപ്പോൾ സമീപത്തെ വേലിയിൽ നിന്ന് വീട്ടുമുറ്റത്തേക്ക് നിഴൽ വീണപ്പോൾ. ചിത്രം: മനോരമ

ആദിഷയെ ആതിര പതിവായി ഉപദ്രവിക്കുന്നെന്ന പ്രിയയുടെ പരാതിയിൽ ഒന്നിലേറെത്തവണ പട്ടണക്കാട് പൊലീസ് നടപടിയെടുത്തിട്ടുണ്ട്. ഷാരോണും ആതിരയും മാതാപിതാക്കളുമായി വഴക്കു പതിവാണെന്നും നാട്ടുകാർ പറയുന്നു. ഷാരോണിന്റെ മാതാപിതാക്കളായ പ്രിയ, ബൈജു, ബൈജുവിന്റെ അമ്മ ശ്യാമള എന്നിവരാണ് ഇവരെക്കൂടാതെ വീട്ടിൽ താമസിക്കുന്നത്. ആതിരയും ഷാരോണും പ്രിയയും പീലിങ് ഷെഡ് തൊഴിലാളികളാണ്.

നാട്ടുകാരുടെ വാക്കുകളിലും കണ്ണീർനനവ്

ചേർത്തല∙ ‘ആ കുഞ്ഞിനെ കണ്ടാൽ ആരായാലും ഒന്നു നോക്കിപ്പോകും. എന്നിട്ടാണ് പെറ്റ തള്ള തന്നെ ഇങ്ങനെ...’ നാട്ടുകാരുടെ വാക്കുകളിൽ രോഷമാണ്. കൊല്ലംവെളി കോളനിയിലെ അടുത്തടുത്ത വീടുകളിലെല്ലാം ആദിഷ എത്തിയിരുന്നു. നിറഞ്ഞു ചിരിക്കുന്ന കുഞ്ഞിനെക്കുറിച്ചു എല്ലാവർക്കും പറയാനേറെ. പലരുടെയും വാക്കുകളിൽ കണ്ണീർ നനവ്. ഇന്നലെ ഉച്ചയോടെ ആദിഷയുടെ സംസ്കാരം നടത്തിയപ്പോഴും പ്രദേശവാസികൾ എല്ലാമെത്തിയിരുന്നു. അവിശ്വസനീയതയോടെയാണു പലരും കുഞ്ഞിന്റെ മരണം കൊലപാതകമെന്നു തിരിച്ചറിഞ്ഞത്.അമ്മ കുറ്റം സമ്മതിച്ചുവെന്നറിഞ്ഞപ്പോൾ ചിലരുടെ രോഷം അണപൊട്ടി. അപ്പോഴും എന്തിനാണു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന ചോദ്യം ഉത്തരം കിട്ടാതെ നിന്നു.

English Summary: Mother killed one year old girl in Alappuzha
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com