ADVERTISEMENT

ചെന്നൈ∙ നാമക്കലിലെ കുട്ടി വിൽപനയുമായി ബന്ധപ്പെട്ടു 2 പേർ കൂടി അറസ്റ്റിൽ. ഇതോടെ, കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. കുട്ടികളില്ലാത്ത ദമ്പതികളെ കേസിലെ മുഖ്യ കണ്ണി രാശിപുരം സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മുൻ നഴ്സ് അമുദയ്ക്കു പരിചയപ്പെടുത്തിയ രണ്ടു പേരാണു അറസ്റ്റിലായത്.

രാശിപുരമുൾപ്പെടെ കുട്ടി വിൽപന റാക്കറ്റ് പ്രവർത്തിച്ചതായി സംശയിക്കുന്ന മേഖലകളിലെ രണ്ടു വർഷത്തിനിടെയുള്ള മുഴുവൻ ജനന സർട്ടിഫിക്കറ്റുകളും ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം പരിശോധിച്ചു വരികയാണ്. ഇതു പൂർത്തിയായാൽ എത്ര കുട്ടികളെ വിറ്റുവെന്ന കൃത്യമായ വിവരം ലഭിക്കുമെന്നാണു പൊലിസിന്റെ പ്രതീക്ഷ.

അമുദ, ഭർത്താവ് രവി ചന്ദ്രൻ, കൊള്ളില സർക്കാർ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ മുരുകേശൻ എന്നിവരാണു സംഘത്തിലെ പ്രധാന കണ്ണികളെന്നാണു നിഗമനം. അറസ്റ്റിലായ മറ്റു 6 പേർ ദമ്പതികളെ ഇവർക്കു പരിചയപ്പെടുത്തിയവരാണ്. തിരുച്ചിറപ്പള്ളിയിലെ സർക്കാർ ആശുപത്രിയിലെ നഴ്സും ഇതിലുൾപ്പെടും.

രണ്ടര മുതൽ നാലര ലക്ഷം രൂപയ്ക്കാണു കുട്ടികളെ ഇവർ ആവശ്യക്കാർക്കു വിറ്റിരുന്നതെന്നു അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മാതാപിതാക്കളിൽനിന്നു 7000 മുതൽ 30,000 വരെ രൂപയ്ക്കാണു കുട്ടികളെ വാങ്ങിയിരുന്നത്. ഒന്നര ലക്ഷത്തോളം രൂപ പ്രധാന കണ്ണി അമുദയ്ക്കുള്ള കമ്മിഷനാണ്. മറ്റുള്ളവർക്ക് ഒരു കുട്ടിക്കു 15,000 രൂപ മുതൽ 25,000 രൂപ വരെ ലഭിക്കും. വ്യാജ ജനന സർട്ടിഫിക്കറ്റ് റജിസ്റ്റർ ചെയ്യാൻ 70,000 രൂപ വരെയാണു കുട്ടികളെ വാങ്ങുന്നവരിൽനിന്ന് ഈടാക്കിയിരുന്നത്.

ഇതിൽ നല്ലൊരു പങ്ക് തട്ടിപ്പിനു കൂട്ടു നിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു കൈക്കൂലയായി നൽകി. രാശിപുരമുൾപ്പെടെ സംഘത്തിന്റെ പ്രവർത്തനമെത്തിയ മേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളിൽ രണ്ടു വർഷത്തിനിടെ റജിസ്റ്റർ ചെയ്ത ജനന സർട്ടിഫിക്കറ്റുകൾ പ്രത്യേക പരിശോധനയ്ക്കു വിധേയമാക്കും.

എട്ടു ലക്ഷത്തിന് വിദേശത്തേക്ക്

രാശിപുരത്ത് കുട്ടി വിൽപന നടത്തിയ സംഘം ഒന്നര വർഷം മുൻപ് ഒരു കുട്ടിയെ എട്ടു ലക്ഷം രൂപയ്ക്കു ശ്രീലങ്കയിൽനിന്നുള്ള ദമ്പതികൾക്കു വിറ്റതായി പരാതി. നാമക്കലിൽനിന്നുള്ള അഭിഭാഷകനാണു പൊലീസിൽ പരാതി നൽകിയത്. രാശിപുരത്ത് അമുദ ജോലി ചെയ്യുന്ന പ്രാഥമികരോഗ്യ കേന്ദ്രത്തിൽ പ്രസവിച്ച കുട്ടിയെയാണു വിറ്റത്. നാമക്കൽ സ്വദേശികളായ ദമ്പതികളുടേതായിരുന്നു കുഞ്ഞ്. ശ്രീലങ്കയിൽനിന്നുള്ള ദമ്പതികൾ തിരുപ്പൂരിലെ വ്യാജ വിലാസമുണ്ടാക്കിയാണു കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് റജിസ്റ്റർ ചെയ്തത്. കുട്ടിയുടെ മാതാപിതാക്കളുടെ വിലാസമുൾപ്പെടെ ഉൾപ്പെടുത്തിയാണു പരാതി. ശ്രീലങ്കയിലുള്ള കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തണമെന്നാണു ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com