സിപിഐ മന്ത്രിമാരില്‍നിന്ന് അനര്‍ഹമായ ആനൂകൂല്യം പ്രതീക്ഷിക്കരുത്: അന്‍വറിനു മറുപടി
Mail This Article
മലപ്പുറം ∙ സിപിഐ മന്ത്രിമാർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിലപാട് അനുസരിച്ചാണു പ്രവർത്തിക്കുന്നതെന്നും അവരിൽ നിന്ന് അനർഹമായ ആനുകൂല്യം ലഭിക്കുമെന്ന മോഹം ആർക്കും വേണ്ടെന്നും സിപിഐ ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്.
സിപിഐ നേതാക്കൾ തന്നെ ദ്രോഹിക്കുകയാണെന്ന പി.വി.അൻവർ എംഎൽഎയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്ത് സിപിഐക്ക് മുസ്ലിം ലീഗ് നേതാക്കളോടാണ് താൽപ്പര്യമെന്ന അൻവറിന്റെ പരാമർശം അവജ്ഞയോടെ തള്ളുന്നെന്നും കൃഷ്ണദാസ് പറഞ്ഞു.
അൻവറിന്റെ തുടരെയുള്ള പ്രസ്താവനകൾ എൽഡിഎഫ് പ്രവർത്തകർക്കും ഇടതുപക്ഷ മനസ്സുള്ളവർക്കും ഇടയിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. അൻവർ സിപിഐക്കെതിരെ നടത്തിയ പ്രസ്താവനകൾ സിപിഎമ്മിന്റെ നിലപാടാണെന്നു കരുതുന്നില്ല.
സിപിഐ ഏതെങ്കിലും തിരഞ്ഞെടുപ്പു പ്രവർത്തനവുമായി സഹകരിക്കാതിരുന്നതായി ഒരു പരാതിയും ലഭിച്ചിട്ടില്ല. 2011ലെയും 2014ലെയും തിരഞ്ഞെടുപ്പുകളെക്കുറിച്ച് മാത്രം ഓർക്കുന്ന അൻവർ 2016 മറക്കരുത്. സിപിഐ ഉൾപ്പെടുന്ന എൽഡിഎഫിന്റെ സ്ഥാനാർഥിയായാണ് അദ്ദേഹം നിലമ്പൂരിൽനിന്ന് ജയിച്ചത് എന്നോർക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.