ADVERTISEMENT

ശ്രീരാംപുർ (ബംഗാൾ) ∙ തൃണമൂൽ കോൺഗ്രസിന്റെ 40 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു ഡൽഹിയിലേക്ക് എത്താൻ വലിയ ദൂരമുണ്ടെന്നും അവരുടെ ദേശീയ രാഷ്ട്രീയ മോഹത്തെ ഉന്നമിട്ടു മോദി പറഞ്ഞു. ബംഗാളിലെ ശ്രീരാംപുരിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘40 തൃണമൂൽ എംഎൽഎമാർ എന്നെ ബന്ധപ്പെട്ടു. അവർ ബിജെപിയിൽ ചേരാനിരിക്കുകയാണ്. പൊതുതിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിനു പിന്നാലെ അതു സംഭവിക്കും. മമത ബാനർജിയുടെ കാൽച്ചുവട്ടിലെ രാഷ്ട്രീയമണ്ണ് ഒലിച്ചുപോവുകയാണ്. മമത തോൽവി ഭയന്നിരിക്കുന്നു. പ്രധാനമന്ത്രിയാകുന്നതു സ്വപ്നത്തിൽ പോലും അവർ ചിന്തിക്കുന്നുണ്ടാകില്ല. വിരലിലെണ്ണാവുന്ന സീറ്റുമായി ദീദിക്കു ഡൽഹിയിലേക്ക് എത്താനാകില്ല’– മോദി പറഞ്ഞു.

ഡൽഹി വളരെ ദൂരെയാണ്. അത് ദീദിക്കറിയാം. ഡൽഹിയെ മറയാക്കുന്ന മമതയുടെ യഥാർത്ഥ ലക്ഷ്യം തന്റെ ബന്ധുക്കളെ ബംഗാൾ രാഷ്ട്രീയത്തിൽ സജീവമാക്കുക എന്നതാണെന്നും മോദി ആരോപിച്ചു. മമതയുടെ ബന്ധു അഭിഷേക് ബാനർജി ഡയമണ്ട് ഹാർബറിലെ സിറ്റിങ് എംപിയും സ്ഥാനാർഥിയുമാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീന് (ഇവിഎം) എതിരെ പ്രതിപക്ഷം വിമർശനവും പരാതികളും ഉന്നയിക്കുന്നതിനെതിരെയും പ്രധാനമന്ത്രി രംഗത്തെത്തി.

നേരത്തേ അവർ മോദിയെ മാത്രമാണ് അപമാനിച്ചിരുന്നത്. ഇപ്പോൾ വോട്ടിങ് യന്ത്രത്തെയും അപമാനിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി മുന്നിൽക്കണ്ടാണു പ്രതിപക്ഷം വോട്ടിങ് യന്ത്രത്തെ കുറ്റം പറയുന്നത്. ബംഗാളിൽ ഭരണകക്ഷിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിൽ അക്രമങ്ങൾ അരങ്ങേറുകയാണ്. വോട്ടർമാരെ വോട്ടു ചെയ്യുന്നതിൽനിന്നു ഭരണകക്ഷിയുടെ ഗൂണ്ടകൾ തടയുകയാണ്– മോദി കുറ്റപ്പെടുത്തി.

English Summary: Prime Minister Narendra Modi claimed 40 TMC MLAs were in touch with him and will desert their party once the BJP wins the general elections, Election 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com