ADVERTISEMENT

കൊച്ചി∙ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തുനിന്നു കസ്റ്റഡിയിൽ എടുത്തവരെ എൻഐഎ കൊച്ചിയിൽ ചോദ്യം ചെയ്യുന്നതു തുടരുന്നു. ഇവർക്കു സ്ഫോടനങ്ങളുമായി നേരിട്ടു ബന്ധമില്ലെന്നാണ് എൻഐഎ നൽകുന്ന സൂചന. എന്നാൽ പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കർ എന്നയാൾ സഹ്രാൻ ഹാഷിമിന്റെ പ്രസംഗങ്ങളിൽ ആകൃഷ്ടനായിരുന്നതിനു തെളിവു ലഭിച്ചിട്ടുണ്ട്. ഇയാളുടെ പ്രസംഗങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും കണ്ടെത്തിയിട്ടുണ്ട്.

കസ്റ്റഡിയിലുള്ളവർക്കു കാസർകോട് കേന്ദ്രീകരിച്ചു നടന്ന ഐഎസ് റിക്രൂട്മെന്റുമായി ബന്ധമുണ്ടെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഫോണിൽ പരസ്പരം ബന്ധപ്പെട്ടിരുന്നതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ എൻഐഎ സംഭവത്തെ ഗൗരവമായാണ് എടുത്തിട്ടുള്ളത്. ഇവരുടെ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ എൻഐഎ വിശദമായി അന്വേഷിക്കും. ഐഎസ് റിക്രൂട്മെന്റ് കേസിൽ തെളിവുകൾ വ്യക്തമായാൽ ഇവരെ പ്രതി ചേർക്കുകയും അറസ്റ്റ് ചെയ്യുന്നതിനും ഇടയുണ്ടെന്നാണു ലഭിക്കുന്ന സൂചന.

ശ്രീലങ്കയിൽ നടന്ന സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ സഹ്രാൻ ഹാഷിം കേരളത്തിൽ എത്തിയിരുന്നു എന്ന വിവരവും എൻഐഎ പരിശോധിക്കുന്നുണ്ട്. ഇന്നലെയാണ് എൻഐഎ ശ്രീലങ്കൻ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടു സംശയമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തിയത്. ഇവരുടെ താമസസ്ഥലത്തുനിന്ന് മൊബൈൽ ഫോണുകളും കംപ്യൂട്ടറുകളും ഉൾപ്പടെയുള്ളവ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ 8 സ്ഫോടനങ്ങളിൽ പിഞ്ചു കുഞ്ഞുങ്ങളടക്കം 253 പേർക്കാണ് ജീവൻ നഷ്ടമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com