ADVERTISEMENT

തിരുവനന്തപുരം∙ തലച്ചോറിനു വളരാനാകാത്ത വിധം തലയോട്ടി ഒട്ടിപ്പിടിച്ച രണ്ടുവയസുകാരിക്ക് എസ്എടി ആശുപത്രിയില്‍ നടത്തിയ അപൂര്‍വ ശസ്ത്രക്രിയ വിജയം. കൊട്ടാരക്കര പുലമണ്‍ കോട്ടപ്പുറം അച്യുതത്തില്‍ കുമാര്‍-മഞ്ജു ദമ്പതികളുടെ മകള്‍ ആത്മീയയ്ക്കാണ് എസ്എടി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. 

സാധാരണ നവജാതശിശുക്കളില്‍ തലയോട്ടി ഒട്ടിച്ചേരാറില്ല. തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കനുസരിച്ചു തലയോട്ടി വികാസം പ്രാപിക്കാനാണിത്. ക്രമേണ തലയോട്ടിയിലെ എല്ലുകള്‍ യോജിക്കും. എന്നാല്‍ ആത്മീയയ്ക്ക് ആദ്യമേ തന്നെ തലയോട്ടിയിലെ എല്ലുകള്‍ ഒട്ടിച്ചേര്‍ന്ന അവസ്ഥയിലായിരുന്നു. ഇതുമൂലം വളര്‍ച്ചയ്ക്കനുസരിച്ചു തലച്ചോറിനാവശ്യമായ സ്ഥലമില്ലാത്തതിനാല്‍ തലയോട്ടിയ്ക്കുള്ളില്‍ ഞെരുങ്ങിയാണു വളര്‍ന്നത്. തത്ഫലമായി കണ്ണുകള്‍ തള്ളുകയും തലയുടെ മുകള്‍ഭാഗം വലുതാകുകയും ചെയ്തു. കണ്ണുകള്‍ പുറത്തേയ്ക്കു തള്ളിവന്നതിനാല്‍ കണ്ണുകള്‍ അടയുകയോ ഇമ ചിമ്മുകയോ ചെയ്തിരുന്നില്ല. 

കുഞ്ഞിനു മൂന്നുമാസം പ്രായമുള്ളപ്പോള്‍ ഒട്ടിച്ചേര്‍ന്ന തലയോട്ടിയുടെ എല്ലുകള്‍ വിടുവിക്കുന്നതിനുള്ള ശസ്ത്രക്രിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചെയ്തിരുന്നു. എന്നാല്‍ വീണ്ടും എല്ലുകള്‍ ഒട്ടിച്ചേരുകയായിരുന്നു. ആ ശസ്ത്രക്രിയയ്ക്ക് അഞ്ചുലക്ഷത്തോളം രൂപ ചെലവായി. ഒരു വയസില്‍ വീണ്ടുമൊരു ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധകൃതര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും വീണ്ടും അഞ്ചുലക്ഷം രൂപ ചെലവുള്ള ചികിത്സ നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആരോഗ്യവകുപ്പുമന്ത്രിയുടെ ഓഫിസിന്‍റെ ഇടപെടലില്‍ ആര്‍ബിഎസ്കെ (രാഷ്ട്രീയ ബാല സുരക്ഷാ പദ്ധതി) പദ്ധതിയിലൂടെ കുഞ്ഞിന് എസ്എടി ആശുപത്രിയില്‍ ചികിത്സയ്ക്കു വഴിതെളിഞ്ഞു. ഏപ്രില്‍ 20ന് കുഞ്ഞിന് എസ് എടിയില്‍ തലയോട്ടിയുടെ ശസ്ത്രക്രിയ നടത്തി. 

വീണ്ടും ഒട്ടിച്ചേരാതിരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ പാളി എല്ലുകള്‍ക്കിടയില്‍ ഉറപ്പിച്ചു. അകത്തേക്കു വലിഞ്ഞിരുന്ന മുഖത്തെ എല്ലുകൾ പുറത്തേയ്ക്കു കൊണ്ടുവരാനുള്ള ശസ്ത്രക്രിയയും ചെയ്തു. ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയ ആറുമണിക്കൂര്‍ നീണ്ടുനിന്നു. മെഡിക്കല്‍ കോളജ് ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. അനില്‍ പീതാംബരന്‍, ഡോ. രാജ് ചന്ദ്രന്‍, ഡെന്‍റല്‍ കോളജിലെ ഫേസിയോമാക്സിലറി വിഭാഗത്തില്‍ നിന്ന് ഡോ. കെ അജിത്കുമാര്‍, ഒഫ്ത്താല്‍മോളജിയിലെ ഡോ. ആര്യ, ഡോ. നവീന, അനസ്തേഷ്യാവിഭാഗത്തിലെ ഡോ. ശോഭ, ഡോ. ഉഷാകുമാരി, ഡോ. സീന നഴ്സിങ് വിഭാഗത്തില്‍ നിന്ന് ഹെഡ് സിസ്റ്റര്‍ സിന്ധു, ശരവണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണു ശസ്ത്രക്രിയ നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം ആശുപത്രി വിട്ടു.

English Summary: Rare surgery in SAT Hospital in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com