ADVERTISEMENT

കണ്ണൂർ∙ അറയ്ക്കൽ ബീവി ആദിരാജ സുൽത്താന ഫാത്തിമ മുത്തുബീവി (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തലശ്ശേരി ചേറ്റൻകുന്നിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു നടക്കും. 2018 ജൂലൈ 1നാണു സ്ഥാനമേറ്റത്.

1932 ഓഗസ്റ്റ് 3ന് എടക്കാട് ആലുപ്പി എളയയുടെയും അറക്കൽ ആദിരാജ മറിയം എന്ന ചെറുബിയുടെയും ഏട്ടാമത്തെ മകളായാണ് ആദിരാജ ഫാത്തിമ മുത്ത് ബീവിയുടെ ജനനം. അറയ്ക്കൽ രാജവംശത്തിന്റെ അധികാരത്തിലുണ്ടായിരുന്ന ആദിരാജ ഹംസ കോയമ്മ തങ്ങൾ, ആദിരാജ സൈനബ ആയിഷബി എന്നിവർ സഹോദരങ്ങളാണ്. 

കണ്ണൂർ സിറ്റിയിലെ അറയ്ക്കൽ കെട്ടിനകത്തെ അസീസ് മഹലിൽ ജനിച്ചു വളർന്ന ബീവിക്ക് വിദ്യയുടെ ആദ്യ പാഠങ്ങൾ പകർന്ന് നൽകിയത് കണ്ണൂർ സിറ്റിയുടെ ആധുനിക വിദ്യാഭ്യാസ ശിൽപിയായ എ.എൻ. കോയക്കുഞ്ഞി സാഹിബാണ്. കണ്ണൂർ സിറ്റിയിലെ പലമാടത്തിൽ അറയ്ക്കലിന്റെ ആശിർവാദത്തോടെ പ്രവർത്തിച്ച കോയിക്കാന്റെ സ്‌കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സി.പി. കുഞ്ഞഹമ്മദ് എളയയെ വിവാഹം ചെയ്ത ബീവിയുടെ ഏക മകൾ ആദിരാജ ഖദീജ സോഫിയയാണ്.

കണ്ണൂർ സിറ്റി ജുമുഅത്ത് പള്ളി ഉൾപ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറയ്ക്കൽ സുൽത്താൻ എന്ന നിലയിൽ ബീവിയിൽ നിക്ഷിപ്‌തമായിട്ടുള്ളത്. കണ്ണൂർ നഗരത്തിന്റെ ചരിത്ര ഗവേഷണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ നേതൃത്വം നൽകുന്ന അറയ്ക്കൽ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി. 2018 ൽ ജൂണ്‍ 26നു സഹോദരിയും, 38ാമത് അറയ്ക്കൽ സ്ഥാനിയുമായിരുന്ന അറയ്ക്കൽ സുൽത്താൻ സൈനബ ആയിഷ ആദിരാജയുടെ വിയോഗത്തെ തുടർന്നാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി 39ാമത് അറയ്ക്കൽ സുൽത്താൻ സ്ഥാനം ഏറ്റെടുത്തത്.

ശനിയാഴ്ച തലശേരി ഓടത്തിൽ പള്ളിയിൽ മഗ്‍രിബ് നമസ്കാര ശേഷം മയ്യത്ത് നമസ്കാരവും ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകൻ ഇത്യസ്‌ അഹമദ് ആദിരാജ, സഹോദരി പുത്രൻ മുഹമ്മദ് റാഫി ആദിരാജ എന്നിവർ അറിയിച്ചു.

English Summary: Arakkal Sulthana Fathima Muth Beevi Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com