ADVERTISEMENT

വാഷിങ്ടൻ∙ യുഎസിലെ ഫ്ലോറിഡയിൽ 143 യാത്രക്കാരുമായി വിമാനം നദിയിലേക്കു വീണു. ഫ്ലോറി‍ഡ ജാക്സൺവിൽ നാവിക വിമാനത്താവളത്തിലെ റൺവേയിൽ ഇടിമിന്നലിനിടെ ഇറങ്ങാൻ ശ്രമിക്കെ സെന്റ് ജോൺസ് നദിയിലേക്ക് ബോയിങ് 737–800 വിമാനം വീഴുകയായിരുന്നു. സംഭവത്തിൽ 21 പേർക്കു പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ലെന്നാണു വിവരം. പരുക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്യൂബയിലെ ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തിൽനിന്നു വരികയായിരുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.40ന് റൺവേയ്ക്കു സമീപത്തുള്ള നദിയിലേക്കു തെന്നിനീങ്ങിയാണ് അപകടത്തിൽപെട്ടത്. വിമാനം നദിയിൽ മുങ്ങിയിട്ടില്ല. യുഎസ് സൈന്യത്തിനായി ചാർട്ട് ചെയ്ത മയാമി എയർ ഇന്റർനാഷനലിന്റെ വിമാനമാണ് അപകടത്തിൽപെട്ടത്. സൈനികരും അവരുടെ ബന്ധുക്കളും സാധാരണക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി ജാക്സൺവിൽ മേയർ അറിയിച്ചു.

വിമാനം താഴെ ഇറങ്ങുമ്പോൾ തറയിൽ ഇടിച്ചതായും ചാടിയതായും വിമാനത്തിലുണ്ടായിരുന്ന ഷെറിൽ ബോർമാൻ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. പൈലറ്റിന് വിമാനത്തിൻമേൽ‌ യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ലെന്നു വ്യക്തമാണ്. ഭയപ്പെടുത്തുന്ന അനുഭവമാണ് വിമാനത്തിൽ നേരിട്ടത്– അവര്‍ പറഞ്ഞു. അപകടത്തിന്റെ വിവരങ്ങൾ ശേഖരിച്ചുവരുന്നതായി ബോയിങ് വിമാനക്കമ്പനി വക്താവ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com