ADVERTISEMENT

പത്തനംതിട്ട ∙ ഒഡീഷയെ ഉലച്ച ഫോനി ചുഴലിക്കാറ്റ്  കാറ്റഗറി 4 വിഭാഗത്തിൽ പെടുന്ന അതി തീവ്ര ചുഴലിയെന്ന് ലോക കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഡബ്ലിയു എംഒ) വിലയിരുത്തൽ. കഴിഞ്ഞ 20 വർഷത്തിനിടയിലുണ്ടായ ഏറ്റവും തീവ്രമായ ചുഴലിക്കാറ്റാണ് ഇതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി)  വിശദീകരിച്ചു.  ചുഴലിക്കാറ്റുകൾ ഏറ്റവും കുറവു രൂപപ്പെടുന്ന മാസങ്ങളാണ് ഫെബ്രുവരിയും ഏപ്രിലും. ബാക്കിയുള്ളവ രൂപപ്പെട്ടത് ഒക്ടോബറിനും ഡിസംബറിനുമിടയിൽ.

Fani
ഫോനി ചുഴലിക്കാറ്റിൽ തകർന്ന പുരി നഗരത്തിന്റെ ഭാഗം

1965 നും 2017 നും ഇടയിൽ 46 അതിതീവ്ര ചുഴലികളാണ് ഇന്ത്യൻ തീരങ്ങളിൽ രൂപപ്പെട്ടത്. എന്നാൽ ഇതിൽ  28 എണ്ണവും ഒക്ടോബർ–ഡിസംബർ മാസങ്ങളിലായിരുന്നു. 7 എണ്ണം മേയിലും. 1966 ലും 1976 ലും മാത്രമാണ് ഏപ്രിലിൽ ചുഴലി രൂപപ്പെട്ടത്. കാറ്റഗറി 5 സൂപ്പർ സൈക്ലോണിനു തൊട്ടുതാഴെയുള്ളതാണ് കാറ്റഗറി 4 അതിതീവ്ര ചുഴലി.  മണിക്കൂറിൽ 210 കിമീ വരെ വേഗത്തിലുള്ള കാറ്റാണ് ഇതിന്റെ പ്രത്യേകത.  പത്തു ദിവസംകൊണ്ടാണ് ഫോനി ഈ നിലയിലേക്ക് വളർന്നത് എന്നതും നിരീക്ഷകരിൽ കൗതുകമുണർത്തി. ഭൂമധ്യരേഖയിൽ നിന്നു തുടങ്ങി ശ്രീലങ്കയ്ക്കു കിഴക്കുകൂടി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് ഏകദേശം 1500 കിലോമീറ്ററിലേറെ സഞ്ചരിച്ച് കടൽവെള്ളത്തിന്റെ താപമത്രയും ഉൾക്കൊണ്ടാണ് ഫോനി ഭീകരരൂപമാർജിച്ചത്. ന്യൂനമർദം ചുഴലിയാകാൻ പരമാവധി 6 ദിവസം മതിയെന്നിരിക്കെയാണ് ഈ ദീർഘിച്ച കാലയളവ്. ബംഗാൾ ഉൾക്കടലിലെ 31 ഡിഗ്രി വർധിച്ച താപനിലയും ഫോനിയെ ഫോമിലാകാൻ സഹായിച്ചു.

മേയും നവംബറും ചുഴലി മാസങ്ങൾ

മേയ്– ജൂൺ, ഒക്ടോബർ– ഡിസംബർ എന്നിങ്ങനെ 2 ചുഴലി സീസണാണ് ഇന്ത്യയിലുള്ളത്. 1891 നും രണ്ടായിരത്തിനും ഇടയിൽ 308 ചുഴലിക്കാറ്റുകൾ (ഇതിൽ  108 എണ്ണം തീവ്രം) കിഴക്കൻ തീരത്ത് അടിച്ചെങ്കിൽ പടിഞ്ഞാറൻ തീരത്ത് 48 എണ്ണം മാത്രമാണ് വീശിയത്. (ഇതിൽ  24 എണ്ണം തീവ്രം). കിഴക്കൻ തീരത്ത് ഉടലെടുക്കുന്ന ചുഴലികളിൽ 58 ശതമാനം വരെ ഇന്ത്യയുടെ കരപ്രദേശത്തേക്കാണ് കയറിയിട്ടുള്ളത്. 1891 നും 2017 നും ഇടയിൽ ഇടയിലെ 126 വർഷത്തിനിടെ തീവ്രവും അതിതീവ്രവുമായ 305 ചുഴലികളാണ് ഇന്ത്യൻ തീരത്തേക്ക് വീശിയത്. ഇതിൽ 75 ശതമാനവും (229) ബംഗാൾ ഉൾക്കടലിൽ ആയിരുന്നു. ഒരു വർഷം ലോകമെങ്ങും ഏകദേശം 20– 30 തീവ്രചുഴലികൾ രൂപപ്പെടാറുണ്ട്. ടൈഫൂൺ, ഹരിക്കേൻ തുടങ്ങിയ പേരുകളിലാണ് ഇവ മാറ്റു രാജ്യങ്ങളിൽ അറിയപ്പെടുന്നത്.

Fani
ഫോനി ചുഴലിക്കാറ്റിൽ തകർന്ന കെട്ടിടവും കടപുഴകിയ മരങ്ങളും

തിരമാലകളും റെക്കോഡ് ഉയരത്തിൽ

ചുഴലി സമയത്ത് ഉയരം കൂടിയ തിരമാലകൾ സൃഷ്ടിക്കുന്നത് ബംഗാൾ ഉൾക്കടലിന്റെ പ്രത്യേകതയാണ്. 1876  ലെ ബാക്കർഗഞ്ച് ചുഴലിക്കാറ്റിൽ ഉയർന്ന 45 അടി റെക്കോഡ് തിരമാല ബംഗ്ലദേശ് മേഘ്നാ നദിയുടെ അഴിമുഖത്തായിരുന്നു. രാക്ഷസതിരകളും ചുഴലികളും മഴയും വെള്ളപ്പൊക്കവും കാറ്റിൽ പറന്നുനടക്കുകയും തകർന്നു വീഴുകയും ചെയ്യുന്ന വസ്തുക്കളുമാണ് ചുഴലികളെ വൻ ദുരന്തങ്ങളാക്കുന്നത്.

Fani
ഫോനി ചുഴലിക്കാറ്റിൽ ഒ‍ഡിഷയിലെ പുരിയിൽ മരങ്ങൾ റോഡിലേക്ക് വീണു കിടക്കുന്നു

ബംഗാൾ ഉൾക്കടൽ കൂടുതൽ ചൂടൻ

കടൽ താപനില കൂടുന്നതിന് അനുസരിച്ച് ചുഴലിയുടെ തീവ്രതയും വർധിക്കും. പലപ്പോഴും വിശാലമായ പസഫിക് സമുദ്രത്തിൽ പിറവിയെടുക്കുന്ന ടൈഫൂണുകളുടെ (ചുഴലിയുടെ പസഫിക് പേര്) അവശേഷം ഫിലിപ്പൈൻസ്, ചൈന, തായ്​ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ പ്രളയം സൃഷ്ടിച്ച ശേഷം ശിഷ്ടമേഘങ്ങൾ ആൻഡമാൻസ് സമുദ്രത്തിലേക്കു കയറി വരും. ഇവ ബംഗാൾ ഉൾക്കടലിലെ താപം കൂടി വലിച്ചെടുത്ത് പുതിയ ചുഴലിയായി വേഷം മാറി ബംഗാൾ ഉൾക്കടലിൽ അരങ്ങുതകർക്കും. എന്നാ‍ൽ ഓഖി ഒഴികെ അറബിക്കടലിനു താഴെ രൂപമെടുക്കുന്ന ഒരു കാറ്റും ഇങ്ങനെ വിസ്തരിച്ച് ശക്തിപ്പെടാനുള്ള വലിയൊരു കളിക്കളമല്ല അറബിക്കടൽ. അഥവാ രൂപപ്പെട്ടാലും പശ്ചിമഘട്ടമെന്ന വൻ മതിൽ ചുഴലിയെ അകത്തേക്കു കയറാൻ സമ്മതിക്കയുമില്ല.

Fani
ഫോനി ചുഴലിക്കാറ്റിനെ തുടർന്ന് പട്നയിൽ പൊടിക്കാറ്റുണ്ടായപ്പോൾ നടന്നുനീങ്ങുന്ന സ്വദേശികൾ

മരണം വിതയ്ക്കുന്ന ചുഴലി

മരണ സംഖ്യയുടെ കാര്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം 1970 ലെ ബംഗ്ലദേശ് ചുഴലിക്കാറ്റായിരുന്നു. ഏകദേശം 3 ലക്ഷം പേരാണ് മരിച്ചത്. 1977 ലെ ആന്ധ്രചുഴലിക്കാറ്റിൽ 14000 പേരോളം മരിച്ചു. 1971, 1999 ചുഴലിക്കാറ്റിൽ 9500 പേർ വീതം മരിച്ചു. 1991 ബംഗ്ലദേശ് ചുഴലിയിലും മരണസംഖ്യ ഏറെയായിരുന്നു. 2008 ലെ നർഗീസ് ചുഴലിയിൽ മ്യാൻമറിൽ മരണം 5.7 ലക്ഷമായിരുന്നു.   1970 നും 2012 നും ഇടയിൽ ലോകത്ത് 7.7 ലക്ഷത്തോളം പേർ ചുഴലിക്കാറ്റു മൂലം മരിച്ചുവെന്നാണ് കണക്ക്. ഇതിൽ 89 ശതമാനവും ഇന്ത്യ– ബംഗ്ലാദേശ്– മ്യാൻമർ ഉൾപ്പെട്ട ഏഷ്യൻ മേഖലയിൽ ആയിരുന്നു. ഇക്കാലത്ത് ഏഷ്യയിൽ അനുഭവപ്പെട്ട 2681 പ്രകൃതി ദുരന്തങ്ങളിൽ 938 എണ്ണവും ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടായിരുന്നു. ലോക കാലാവസ്ഥാ സംഘടനയുടെ കണക്കനുസരിച്ച് ഏഷ്യയിൽ പ്രകൃതി ദുരന്തങ്ങളിൽ ഏറ്റവും കൂടുതൽ മരണത്തിന് ഇടയാക്കിയത് ചുഴലിക്കാറ്റുകളിലാണ്. ദേശീയ സൈക്ലോൺ മിറ്റിഗേഷൻ പദ്ധതിയുടെ കണക്കനുസരിച്ച് ലോകത്ത് ചുഴലിക്കാറ്റ് സാധ്യത ഏറ്റവും കൂടുതലുള്ള 6 സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യയുടെ കിഴക്കൻ തീരം. 84 തീരദേശ ജില്ലകളാണ് ഇവിടെയുള്ളത്. 2 ലക്ഷം പേർ വരെ മരിച്ച 10 വൻ ചുഴലിക്കാറ്റ് ദുരന്തങ്ങളിൽ 9 എണ്ണവും ബംഗാ‍ൾ ഉൾക്കടലിലോ അറബിക്കടലിലോ ആയിരുന്നു. ഇതിൽ തന്നെ 5 എണ്ണം ബംഗ്ലദേശിലും 3 എണ്ണം ഇന്ത്യയിലും ഒന്ന് മ്യാൻമറിലും.

English Summary: Fani the most powerful cyclone in April Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com