ADVERTISEMENT

കൊച്ചി∙ പാലാരിവട്ടം മേൽപാലം വിഷയത്തിൽ രാഷ്ട്രീയ അന്വേഷണമല്ല നടക്കുകയെന്ന് മന്ത്രി ജി. സുധാകരൻ. കൊച്ചിയിൽ മേൽപാലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലം നിർമാണത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കും. നിർമാണത്തിലും മേൽനോട്ടത്തിലും വീഴ്ച വന്നത് വ്യക്തമാണ്. അറ്റകുറ്റപ്പണിയായിരിക്കില്ല, പുനഃസ്ഥാപിക്കലാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഒരു പാലം നിർമാണം കഴിഞ്ഞ് രണ്ടു വർഷത്തിനകം അപകടാവസ്ഥയിൽ ആകുകയും പുനർനിർമാണത്തിനായി അടിച്ചിടേണ്ടി വരുന്നതും സംസ്ഥാനത്ത് ആദ്യമായാണ് ഇത്രവലിയ വാർത്തയാകുന്നത്. വീണ്ടും നിർമാണ പ്രവർത്തനത്തിനായി പാലം അടച്ചിടുമ്പോഴുണ്ടാകുന്ന റോഡ് ബ്ലോക്ക് കടുത്ത ജനരോഷത്തിനാണ് വഴിവച്ചിരിക്കുന്നത്. നേരത്തെ കുഴികളടച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമം ഉണ്ടായെങ്കിലും അത് വിജയിക്കാതിരുന്നതോടെ കൂടുതൽ ബലപ്പെടുത്തിയുള്ള പണികൾക്കായാണ് ഇപ്പോൾ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുന്നത് എന്നാണ് വിശദീകരണം.

2018ൽ പാലം പരിശോധിച്ച ദേശീയ ഉപരിതല ഗതാഗത വകുപ്പിന്റെ  മൊബൈൽ ഇൻസ്പെക്‌ഷൻ യൂണിറ്റാണു പാലം അപകടാവസ്ഥയിലാണെന്നു റിപ്പോർട്ട് നൽകിയത്. മദ്രാസ് ഐഐടി സ്ട്രക്ചറൽ എൻജീനിയറിങ് വിഭാഗത്തിന്റെ സഹായം തേടിയ അധികൃതർ അവരുടെ നിർദേശം അനുസരിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലത്തിന്റെ ഉപരിതലം വീണ്ടും ടാർ ചെയ്യും. ഗർഡറുകൾ‌ക്കുളള വിളളലുകളിലും അറ്റകുറ്റപ്പണി വേണ്ടിവരും. മൺസൂണിനു മുൻപു ജോലികൾ തീർക്കുമെന്നാണ് അധികൃതർ പറയുന്നത്.

അറ്റകുറ്റപ്പണിയോടനുബന്ധിച്ചു പാലത്തിലെ ഗതാഗത നിയന്ത്രണം  30 വരെ തുടരും. പാലത്തിന്റെ 2 സ്പാനുകൾക്കിടയിലുളള എക്സ്പാൻഷൻ ജോയിന്റുകളിലെ പ്രശ്നങ്ങളും പരിഹരിക്കും. പാലത്തിന്റെ ഡിസൈൻ കൺസൽട്ടന്റായ കിറ്റ്കോയുടെയും പദ്ധതി നടപ്പാക്കിയ ആർബിഡിസികെയുടെയും വീഴ്ചയാണു മോശം നിർമാണത്തിൽ കലാശിച്ചതെന്ന് ആക്ഷേപമുണ്ട്. 39 കോടി രൂപയാണു പദ്ധതിക്കു ചെലവഴിച്ചത്. പാലത്തിന്റെ നിർമാണം നടത്തിയ ഡ‍ൽഹി ആസ്ഥാനമായ ആർഡിഎസ് കൺസ്ട്രക്‌ഷനു തന്നെയാണു അറ്റകുറ്റപ്പണിച്ചുമതല. അവസാന ഗഡുവായ 5 കോടി രൂപ അറ്റകുറ്റപ്പണി പൂർത്തിയാക്കിയാൽ മാത്രമേ, ആർബിഡിസികെ കരാറുകാരനു കൈമാറൂ.

മേൽപാലം അടച്ചതോടെ വൈറ്റില– പാലാരിവട്ടം  റൂട്ടിൽ ഗതാഗതക്കുരുക്കു രൂക്ഷമായി. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണം നടക്കുന്നതിനാൽ രണ്ടിടത്തും  ഗതാഗതക്കുരുക്കുണ്ട്. അതോടൊപ്പം പാലാരിവട്ടം പാലം കൂടി അടച്ചതോടെ ദേശീയപാതയിലൂടെയുളള യാത്ര പേടി സ്വപ്നമായി മാറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com