ADVERTISEMENT

കൊല്ലം∙ കൊല്ലപ്പെട്ട ഭീകരന്‍ ഉസാമ ബിന്‍ലാദന്റെ ചിത്രം കാറില്‍ പതിച്ച യുവാവിനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. സ്വന്തം ഇഷ്ടപ്രകാരമാണ് ആഗോള ഭീകരന്റെ സ്റ്റിക്കര്‍ വാഹനത്തില്‍ പതിച്ചതെന്നാണു യുവാവിന്റെ മൊഴി. അതേ സമയം സംശയാസ്പദമായ ഒന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഉസാമ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ കഴിഞ്ഞ ദിവസമാണ് കൊല്ലം ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനയുടമയും പള്ളിമുക്ക് സ്വദേശിയുമായ ബിരുദ വിദ്യാര്‍ഥിയെ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു.

പശ്ചിമ ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ ഒരു വര്‍ഷം മുന്‍പ് കൊല്ലത്ത് തന്നെയുള്ള ഒരു സുഹൃത്തിന്റെ പക്കല്‍ നിന്നു വാങ്ങിയതാണെന്നാണ് മൊഴി. സ്വയം നിര്‍മിച്ച ഉസാമ ബിന്‍ലാദന്റെ ചിത്രം സ്വന്തം ഇഷ്ടപ്രകാരമാണ് കാറില്‍ പതിച്ചതെന്നും യുവാവ് വെളിപ്പെടുത്തി.

പെരുമാറ്റത്തില്‍ അസ്വഭാവികത പ്രകടിപ്പിച്ചതിനാല്‍ ഇരുപത്തിയൊന്നുകാരനെ കൗണ്‍സിലിങ്ങിന് വിധേയമാക്കും. യുവാവിന്റെ കുടുംബ പശ്ചാത്തലവും ബന്ധങ്ങളും പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല.

അതേ സമയം വാഹനത്തിന്റെ ഉടമ ഇപ്പോഴും പശ്ചിമ ബംഗാള്‍ സ്വദേശിയായതിനാല്‍ സിആര്‍പിസി 102 ആം വകുപ്പ് പ്രകാരം കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം മോഷ്ടിച്ചതോ, ഏതെങ്കിലും കുറ്റകൃത്യത്തിന് ഉപയോഗിച്ചിട്ടുള്ളതോ ആകാം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവാവിനു കാര്‍ വിറ്റ സുഹൃത്തിനെയും ഉടന്‍ ചോദ്യം ചെയ്യും. 

English Summary: Kollam Police seizes car with Osama Bin Laden sticker 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com