ADVERTISEMENT

തിരുവനന്തപുരം ∙ നിയമലംഘനത്തിനു പിഴ അടയ്ക്കാതെ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു.

കേരളത്തിലേക്കു സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ബസുകളില്‍ ഭൂരിഭാഗവും അരുണാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇക്കാരണത്താല്‍ നടപടിയെടുക്കുന്നതില്‍ വീഴ്ച വന്നിരുന്നു.

നിയമലംഘനങ്ങള്‍ക്കു പിഴ അടയ്ക്കാത്ത ബസുകളുടെ പെര്‍മിറ്റ് സസ്പെന്‍‌ഡ് ചെയ്തശേഷം അതതു സംസ്ഥാനങ്ങളിലെ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കാനാണു മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. 

ഇതര സംസ്ഥാനങ്ങളില്‍ കോണ്‍ട്രാക്ട് ക്യാരേജായി റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിയമവിരുദ്ധമായി സ്റ്റേജ് ക്യാരേജ് വാഹനങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃതമായി പാഴ്സല്‍ സര്‍വീസ് നടത്തിയതിനും അമിത വേഗത്തിനും ഇവര്‍ക്കു നോട്ടിസ് നല്‍കാറുണ്ടെങ്കിലും പിഴ അടയ്ക്കാറില്ല.

അമിത വേഗത്തിനു 205 കേസുകളില്‍ പിഴ അടയ്ക്കാനുള്ള ബസുകളെപ്പോലും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബസുകള്‍ക്കു പെര്‍മിറ്റ് നല്‍കിയ സംസ്ഥാനത്തിനാണ് റദ്ദു ചെയ്യാനുള്ള അവകാശവും. ഇതു പഴുതാക്കി ബസുകള്‍ നിയമലംഘനം തുടരുകയായിരുന്നു. 

നടപടി നേരിടേണ്ട ഘട്ടമെത്തിയാല്‍ റജിസ്ട്രേഷന്‍ മറ്റൊരു സംസ്ഥാനത്തേക്കു മാറ്റി നിയമനടപടികളില്‍നിന്നു രക്ഷപ്പെടുന്ന സംഭവങ്ങളുമുണ്ടായി. ഇതിനെയെല്ലാം തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ബസുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തശേഷം, റജിസ്ട്രേഷന്‍ നടത്തിയ സംസ്ഥാനത്തെ സര്‍ക്കാരിനെ രേഖാമൂലം വിവരം അറിയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ആവശ്യപ്പെടുന്നതിനാല്‍ അരുണാചല്‍ പോലുള്ള സംസ്ഥാനങ്ങള്‍ നടപടി എടുക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതീക്ഷ. 

നിയമ ലംഘനം നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് രേഖകള്‍ പിടിച്ചെടുത്തു പിഴ അടയ്ക്കാന്‍ നോട്ടിസ് നല്‍കും. അവരുടെ വിശദീകരണം കേള്‍ക്കും. പിഴ അടയ്ക്കാന്‍ തയാറാവാത്ത ബസുകളുടെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്തശേഷം വിവരം അതതു സംസ്ഥാനങ്ങളെ അറിയിക്കും.

സ്വകാര്യ ബസ്സുടമകള്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതയോടെ നീങ്ങണമെന്ന നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്നത്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ബസ് ലോബികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനാല്‍ നടപടികള്‍ ഫലപ്രദമാകുമോയെന്ന ആശങ്കയുമുണ്ട്.

ബസുകളില്‍ അനധികൃതമായി സ്ഥാപിക്കുന്ന സൗണ്ട് സിസ്റ്റം മാറ്റാന്‍ നടപടിയെടുക്കുമെന്നും പോണ്ടിച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്തുള്ള നികുതി വെട്ടിപ്പ് അനുവദിക്കില്ലെന്നും ആവര്‍ത്തിച്ചെങ്കിലും ഇപ്പോഴും നിയമലംഘനങ്ങള്‍ തുടരുകയാണ്.

കല്ലട സുരേഷ് ബസില്‍ യാത്രക്കാര്‍ മര്‍ദനത്തിനിരയായ സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടികള്‍ കര്‍ശനമാക്കിയത്. തിരുവനന്തപുരം - ബെംഗളൂരു ബസില്‍ യാത്ര ചെയ്ത ആലപ്പുഴ സ്വദേശി അജയഘോഷ്, സേലത്തു പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളായ സച്ചിന്‍, അഷ്കര്‍ എന്നിവര്‍ക്കാണ് വൈറ്റിലയില്‍ വച്ച് മര്‍ദനമേറ്റത്.

അര്‍ധരാത്രി ഹരിപ്പാടിനു സമീപം ബസ് തകരാറിലായി 3 മണിക്കൂറോളം പെരുവഴിയില്‍ കിടന്നിട്ടും പകരം സംവിധാനം ഏര്‍പ്പെടുത്താത്തത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. കേസില്‍ 7 പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു.

English Summary: New operating conditions for private bus services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com