ADVERTISEMENT

ന്യൂഡല്‍ഹി∙ പെരുമറ്റച്ചട്ടം ലംഘിച്ചുവെന്ന ഏഴു പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ ഏഴു ക്ലീന്‍ ചിറ്റില്‍ അഞ്ചെണ്ണത്തിലും ഒരു തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നുവെന്നു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷന്‍ സുനില്‍ അറോറ, കമ്മിഷണര്‍മാരായ അലോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവരടങ്ങിയതാണു തിരഞ്ഞെടുപ്പു കമ്മിഷന്‍.

മോദിക്കെതിരെ സമര്‍പ്പിക്കപ്പെട്ട അഞ്ചു പരാതികളില്‍ നാലെണ്ണത്തിലും അമിത് ഷായ്‌ക്കെതിരെ സമര്‍പ്പിച്ച രണ്ടു പരാതികളില്‍ ഒരെണ്ണത്തിലും കമ്മിഷനിലെ ഒരംഗം വിയോജിപ്പു രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഭൂരിപക്ഷ അഭിപ്രായത്തിന്റെ (21) അടിസ്ഥാനത്തിലാണ് മോദിക്കും അമിത് ഷായ്ക്കും അനുകൂലമായി കമ്മിഷന്‍ നിലപാടു സ്വീകരിച്ചത്. ഏപ്രില്‍ ഒന്നിനു വാര്‍ധയില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു നടത്തിയ പ്രസംഗവും ഏപ്രില്‍ 9നു ലാത്തുരില്‍ ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ പേരില്‍ കന്നിവോട്ടര്‍മാരോട് അഭ്യര്‍ഥന നടത്തിയ പ്രസംഗവും പെരുമാറ്റച്ചട്ട ലംഘനമാണെന്നായിരുന്നു പരാതി. 

ഈ രണ്ടു പരാതികളും തള്ളിയ കമ്മിഷന്‍ പ്രധാനമന്ത്രിക്ക് അനുകൂലമായി തീരുമാനമെടുത്തു. ഭൂരിപക്ഷം ന്യൂനപക്ഷമായ മണ്ഡലത്തിലേക്കുള്ള ഒളിച്ചോട്ടമെന്നാണ് മോദി രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തെ പരാമര്‍ശിച്ചത്. മഹാരാഷ്ട്രയിലെ ലാത്തൂരിലാണു കന്നിവോട്ടര്‍മാര്‍ ധീരജവാന്മാര്‍ക്കായി വോട്ട് സമര്‍പ്പിക്കണമെന്നു മോദി ആഹ്വാനം ചെയ്തത്. കോണ്‍ഗ്രസിനെ 'മുങ്ങിത്താഴുന്ന ടൈറ്റാനിക് കപ്പലെ'ന്നു വിശേഷിപ്പിച്ച പരാമര്‍ശമുള്ള പ്രസംഗം ഉള്‍പ്പെടെ 2 പ്രസംഗങ്ങള്‍ക്കു കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

നാന്ദേഡിലെ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു ടൈറ്റാനിക് പരാമര്‍ശം. വാരാണസിയില്‍ നടത്തിയ മറ്റൊരു പ്രസംഗത്തിലും മോദി തിരഞ്ഞെടുപ്പു ചട്ടലംഘനം നടത്തിയിട്ടില്ലെന്നു കമ്മിഷന്‍ അറിയിച്ചു. പാക്കിസ്ഥാനു പുതിയ ഇന്ത്യ ചുട്ട മറുപടി കൊടുത്തു എന്ന പരാമര്‍ശമുള്ള പ്രസംഗമാണിത്. മൂന്നംഗ കമ്മിഷനിലെ ഒരംഗം ഈ പരാതികളില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനോടു വിയോജിച്ചിരുന്നു. ഏപ്രില്‍ 30നും മേയ് ഒന്നിനുമായി പരാതിക്കാരായ കോണ്‍ഗ്രസിനു കമ്മിഷന്‍ നല്‍കിയ കത്തുകളിലും ഭൂരിപക്ഷ തീരുമാനമാണെന്നു സൂചിപ്പിച്ചിട്ടില്ല. എന്നാല്‍ 'ആണവായുധം ദീപാവലിക്കു പൊട്ടിക്കാനല്ല' എന്ന മോദിയുടെ പരാമര്‍ശം ചട്ടലംഘനമല്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏകകണ്ഠമായാണു തീരുമാനിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷയായിരിക്കേ 2009 ല്‍ സോണിയ ഗാന്ധി വിദേശ പുരസ്‌കാരം സ്വീകരിച്ചതിന്റെ പേരില്‍ അവരെ അയോഗ്യയാക്കണമെന്ന പരാതിയില്‍ തീരുമാനമെടുത്തപ്പോള്‍ 2-1 എന്ന ഭൂരിപക്ഷ വിധിയാണുണ്ടായത്. സോണിയയ്‌ക്കെതിരെ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന് 2 കമ്മിഷന്‍ അംഗങ്ങള്‍ നിലപാടെടുത്തപ്പോള്‍ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷന്‍ അന്വേഷണം വേണമെന്ന നിലപാടിലായിരുന്നു. നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരായ ചട്ടലംഘന പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോടു നിര്‍ദേശിച്ചിട്ടുണ്ട്.

English Summary: Poll Officer Dissented In 5 Cases Of Clean Chit To PM, BJP Chief: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com