ADVERTISEMENT

തിരുവനന്തപുരം ∙  ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ 250 ലേറെ പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കേരളത്തില്‍ എത്തിയിരുന്നെന്ന ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകെയുടെ പ്രതികരണത്തിന് അഭിപ്രായം പറയേണ്ടത് എന്‍ഐഎ ആണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. 

‘രാജ്യാന്തര ബന്ധമുള്ള കേസില്‍ അന്വേഷണം നടത്തുന്നത് എന്‍ഐഎയാണ്. അത്തരമൊരു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കേരള പൊലീസിനു കഴിയില്ല. അതു ശരിയായ നടപടിയല്ല. കേരളം വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ മറ്റു രാജ്യത്തുനിന്നുള്ളവര്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല’ - ഡിജിപി വ്യക്തമാക്കി.

ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ലങ്കന്‍ ആക്രമണത്തിലെ കേരള ബന്ധം ശ്രീലങ്കന്‍ സൈനിക മേധാവി സ്ഥിരീകരിക്കുന്നത്. തീവ്രവാദ സംഘടനയിലുള്ളവര്‍ കശ്മീര്‍, ബെംഗളൂരു എന്നിവിടങ്ങളിലെത്തിയ ശേഷം കേരളത്തിലേക്കു പോയതായാണ് സൈനിക മേധാവി വെളിപ്പെടുത്തിയത്.

അതേസമയം, ശ്രീലങ്കന്‍ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയുമായി ബന്ധമുള്ളവരെക്കുറിച്ച് 2014 മുതല്‍തന്നെ ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതായി ഇന്റലിജന്‍സ് അധികൃതര്‍ അറിയിച്ചു. എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. സ്ഫോടനം നടക്കുന്നതിനു മാസങ്ങള്‍ക്കു മുന്‍പും റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടുണ്ടെന്നും അതു നടപടിക്രമങ്ങളുടെ ഭാഗമാണെന്നും അവര്‍ വ്യക്തമാക്കി.

English Summary: Sri Lanka Army chief says Suicide bombers visited Kerala; State police chief response.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com