ADVERTISEMENT

തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജ് ക്യാമ്പസിൽ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിക്കു പരാതിയില്ലെന്നു പൊലീസ് അറിയിച്ചു.  ആര്‍ക്കെതിരെയും പരാതിയില്ലെന്നും ആത്മഹത്യക്കു ശ്രമിച്ചത് മാനസികസമ്മര്‍ദം മൂലമാണെന്നും പെണ്‍കുട്ടി മൊഴി നല്‍കി. സമരം മൂലം ക്ലാസ് മുടങ്ങിയതില്‍ വിഷമമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. വെള്ളിയാഴ്ചയാണ് വിദ്യാർഥിനിയെ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെ ടി ജലീൽ ഉന്നതവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി.

ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പലില്‍നിന്നാണ് റിപ്പോര്‍ട്ട് തേടുന്നത്. പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയതിനെത്തുടര്‍ന്ന് കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കുറ്റക്കാര്‍‌ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കോളജ് വിദ്യാഭ്യാസ ഡയറക്ടറും കോളജ് പ്രിൻസിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു

പെണ്‍കുട്ടിയെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് വീട്ടുകാര്‍ ആറ്റിങ്ങല്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. കോളജ് അധികൃതര്‍ക്ക് വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്. ആത്മഹത്യാശ്രമത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പരീക്ഷ സമയത്ത് വിദ്യാർത്ഥി യൂണിയൻ നേതാക്കൾ നിർബന്ധിച്ച് ക്ലാസിൽ നിന്നും പുറത്തിറക്കി പരിപാടികളിൽ പങ്കെടുപ്പിച്ചുവെന്നാരോപിച്ചാണ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനി പെൺകുട്ടികളുടെ വിശ്രമമുറിയിൽ കൈയുടെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമിത അളവിൽ വേദന സംഹാരിയും കഴിച്ചിട്ടുണ്ടായിരുന്നു. കോളജ് ജീവനക്കാരാണ് അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ആറ്റിങ്ങൽ സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിൽനിന്ന് രണ്ടു പേജു വരുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. 

യൂണിയൻ പരിപാടികളും സമരങ്ങളും കാരണം പഠന ദിവസങ്ങൾ നഷ്ടപ്പെടുന്നുവെന്ന പരാതി സമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടി മുമ്പ് ഉന്നയിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഏതാനും വിദ്യാർഥി നേതാക്കളുടെ പേരും കുറിപ്പിൽ പരമാർശിക്കുന്നുണ്ടെന്നാ‌ണ് സൂചന. ക്ലാസുള്ള ദിവസങ്ങളിൽ അധ്യാപകർ കൃത്യമായി ക്ലാസെടുക്കാൻ എത്താറില്ല. പാഠഭാഗങ്ങൾ പഠിപ്പിച്ച് പൂർത്തിയാക്കാത്തതിനാൽ പഠനത്തെ ബാധിക്കുന്നു. ക്ലാസുകളില്ലാത്തതിനാൽ ഇന്റേണൽ മാർക്കിൽ കുറവുണ്ടാകുന്നു തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുളളതെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com