ADVERTISEMENT

വാഷിങ്ടൻ∙ ചൈനയില്‍ 30 ലക്ഷത്തോളം മുസ്‌ലിംകളെ ‘കോണ്‍സന്‍ട്രേഷന്‍ ക്യാംപു’കളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി യുഎസ് . ചൈനയിലെ ലക്ഷകണക്കിനു മുസ്‍ലിംകൾ സർക്കാരിന്റെ  കൊടും പീഡനങ്ങള്‍ക്കു  വിധേയരാവുകയാണെന്ന  ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെയും മറ്റു സ്വതന്ത്ര സന്നദ്ധ സംഘടനകളുടെയും റിപ്പോർട്ടിനു തൊട്ടുപിന്നാലെ ചൈനയ്ക്കെതിരെ പെൻറഗൺ ഗുരുതര ആരോപണം ഉയർത്തിയത്.ഏഷ്യന്‍ നയങ്ങള്‍ സംബന്ധിച്ച കാര്യങ്ങളുടെ ചുമതലയുളള യുഎസ് പ്രതിരോധ വകുപ്പിലെ  റാന്‍ഡല്‍ ഷ്രിവറാണ്  ചൈനയ്ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.

വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പടെ മുസ്‌ലിംവിഭാഗങ്ങള്‍ക്കു ശക്തമായ നിയന്ത്രണങ്ങളാണ് ചൈന ഏര്‍പ്പെടുത്തിയതെന്നു ഷ്രിവർ കുറ്റപ്പെടുത്തി. സുരക്ഷാസൈനികരെ ഉപയോഗിച്ചാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്‍ലിംകളെ ‘കോണ്‍സന്‍ട്രേഷന്‍ ക്യാംപു’കളില്‍ എത്തിക്കുന്നതെന്ന് ഷ്രിവർ ആരോപിക്കുന്നു. ഉയിഗുര്‍  അടക്കമുള്ള മുസ്‌ലിം വിഭാഗങ്ങൾ ചൈനയിൽ അതിക്രൂരമായ പീഡനങ്ങൾക്കു വിധേയമാകുന്നതായി ഷ്രിവർ പറയുന്നു.

മുസ്‌ലിം പീഡനത്തിന്റെ പേരിൽ ലോകരാജ്യങ്ങളിൽ നിന്നു ചൈന വൻതോതിൽ വിമർശനം ഏറ്റുവാങ്ങി കൊണ്ടിരിക്കേയാണ് ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് രംഗത്തു വരുന്നത്. ചൈനയിലെ മുസ്‍ലിംകൾ അനുഭവിക്കുന്ന ഭീകരതയ്ക്കെതിരെ മുൻപും യുഎസ് രംഗത്തു വന്നിരുന്നു.

എന്നാൽ രാജ്യത്ത് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകൾ നിലവിൽ ഇല്ലെന്നും തൊഴിലധിഷ്‌ഠിത കേന്ദ്രങ്ങളാണ് നിലവിൽ ഉള്ളതെന്നുമാണു ചൈനയുടെ വിശദീകരണം. ചിലമേഖലകളിലെ തീവ്ര മതമൗലികവാദങ്ങളെയും കലാപങ്ങളെയും നേരിടാനാണ് രാജ്യത്ത് ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ തുടങ്ങിയതെന്നായിരുന്നു ചൈന വിശദീകരിക്കുന്നു.

ചൈനയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിൽ നരകയാതന അനുഭവിക്കുന്ന മുസ്‌ലിംകൾ തങ്ങളുടെ യാതനകൾ വാർത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പങ്കുവച്ചതിനെ തുടർന്ന് രാജ്യാന്തര തലത്തിൽ ചൈനയ്ക്കെതിരെ പ്രതിഷേധമിരമ്പിയിരുന്നു. രാജ്യത്ത് നിലവിൽ ഉള്ളത്  കോണ്‍സന്‍ട്രേഷന്‍ ക്യാംപുകൾ അല്ലെന്നും ബോർഡിങ് സ്‌കൂളുകൾ ആണെന്ന്  ഷിന്‍ജിയാങ് ഗവര്‍ണറുടെ ന്യായികരണവും വിമർശനത്തിനു വഴിവച്ചിരുന്നു. 

വൻ സൈനിക സാന്നിധ്യമുളള സിന്‍ജിയാങ് പ്രവിശ്യയിൽ മാത്രം ഒരു കോടി മുസ്‌ലിംകളാണ് തിങ്ങിപ്പാർക്കുന്നത്.  ഓരോ വ്യക്തിയും പാര്‍ട്ടിയുടേയും സൈന്യത്തിന്‍റെ പൂര്‍ണ്ണ നിരീക്ഷണത്തിലാണ്. ഇത്തരം നിയന്ത്രണങ്ങൾക്കു  പിന്നാലെ ഈ വര്‍ഷമാദ്യം ഇസ്‍ലാം മതത്തെ തദ്ദേശവത്കരിക്കുന്ന നിയമവും ചൈന പാസാക്കിയിരുന്നു.

English Summary: The Pentagon says up to 3m people could be imprisoned in detention centres in China.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com