ADVERTISEMENT

കോട്ടയം ∙ വാലേ വാലേ ബസ് പോകുന്നതു പുനഃക്രമീകരിക്കാൻ കെഎസ്ആർടിസി വരെ ശ്രമം നടത്തുമ്പോൾ ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന കണക്കിൽ 3 ട്രെയിനുകള്‍ ഓടിക്കാൻ റയിൽവേ തയാറെടുക്കുന്നു. അമൃത എക്സ്പ്രസും രാജ്യറാണി എക്സ്പ്രസും സ്വതന്ത്ര ട്രെയിൻ ആയി മാറുന്നതോടെയാണു തിരുവനന്തപുരം ഭാഗത്തു നിന്നു കോട്ടയം വഴി തൃശൂരിലേക്കു മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്നു ട്രെയിനുകൾ വരുന്നത്.

വ്യാഴാഴ്ച മുതലാണു തിരുവനന്തപുരത്തു നിന്നു മധുരയ്ക്കുള്ള അമൃത എക്സ്പ്രസും നിലമ്പൂർക്കുള്ള രാജ്യറാണി എക്സ്പ്രസും സ്വതന്ത്ര ട്രെയിനായി മാറുന്നത്. രാജ്യറാണി കൊച്ചുവേളിയിൽ നിന്നാണു പുറപ്പെടുന്നത്. ഇതിനൊപ്പം തിരുവനന്തപുരം–മംഗളൂരു സെൻട്രൽ എക്സ്പ്രസും കൂടിയെത്തുമ്പോൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്നു ട്രെയിനുകൾ കോട്ടയം പാതയിൽ കടന്നു വരും.

രാത്രി 8.30നാണു തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്നത്. തിരുവനന്തപുരം സെൻട്രലിലെ പിറ്റ് ലൈനിന്റെ പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം–മംഗളൂരു സെൻട്രൽ എക്സ്പ്രസ് കൊച്ചുവേളിയിൽ നിന്നാണു പുറപ്പെടുന്നത്. അമൃത പോയ ഉടൻ തന്നെ 8.35നു ഇതു കൊച്ചുവേളിയിൽ നിന്ന് എടുക്കും. പുതിയ സമയക്രമം അനുസരിച്ചു 8.50നു രാജ്യറാണിയും കൊച്ചുവേളി വിടും. പിന്നീട് അങ്ങോട്ട് ഏതാണ്ട് 10 മിനിറ്റിന്റെ വ്യത്യാസത്തിലാണു മൂന്നു ട്രെയിനുകളുടേയും ഓട്ടം.

രാത്രി 9.35ന് അമൃത കൊല്ലത്തെത്തും. 9.48നു രാജ്യറാണിയും 9.55നു മംഗളൂരു എക്സ്പ്രസും കൊല്ലം വഴി കടന്നു പോകും. ഇത് റയിൽവേയുടെ ഷെഡ്യൂൾ സമയമാണ്. ഫലത്തിൽ ഒരു ട്രെയിനു തൊട്ടുപിന്നാലെ തന്നെ അടുത്തതും കടന്നു പോകുമെന്നു ചുരുക്കം. കായംകുളത്ത് 10.17ന് അമൃത എത്തും. 10.34നു രാജ്യറാണിയും 10.45നു മംഗളൂരു എക്സ്പ്രസും എത്തും. തൃശൂർ വരെ ഈ ഓട്ടം തുടരും.

നിലവിൽ രാത്രിയിൽ കോട്ടയം വഴിയുള്ള യാത്രക്കാർക്കു ഉപയോഗപ്രദമായ രീതിയിൽ രണ്ടു ട്രെയിൻ ഉണ്ടായിരുന്നു. 8.40ന് മംഗളൂരു എക്സ്പ്രസ് തിരുവനന്തപുരം വിട്ടാൽ 10.30നാണ് അമൃത തിരുവനന്തപുരത്തു നിന്ന് എടുക്കുന്നത്. സമയം മേയ് ഒൻപതു മുതൽ മാറുന്നതോടെ കോട്ടയം വഴിയുള്ള രാത്രി യാത്രയ്ക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് 8.30നു അമൃത എടുത്താൽ വേറെ ട്രെയിൻ ഇല്ല എന്ന അവസ്ഥയായി. പിന്നീടുള്ള രണ്ടു ട്രെയിനുകളും കൊച്ചുവേളിയിൽ നിന്നാണ് എടുക്കുന്നത്.

അമൃത എക്സ്പ്രസ് പഴയ സമയമായ രാത്രി 10.30നു തന്നെ എടുത്താലും മതിയെന്ന അവസ്ഥ ഷെഡ്യൂൾ കണ്ടാൽ മനസിലാകും. തൃശൂരിനും ഒറ്റപ്പാലത്തിനും ഇടയിൽ രണ്ടു മണിക്കൂർ 21 മിനിറ്റാണ് പുതിയ ഷെഡ്യൂൾ പ്രകാരം അനുവദിച്ചിരിക്കുന്നത്. 35, 40 മിനിറ്റുകളിൽ എക്സ്പ്രസ് ട്രെയിനുകൾ കടന്നു പോകുന്ന സ്ഥലത്താണ് ഇത്രയധികം സമയം അനുവദിച്ചിരിക്കുന്നത്. ഇങ്ങനെ നഷ്ടപ്പെടുത്തുന്ന സമയം ട്രെയിൻ പുറപ്പെടുന്നതിൽ ക്രമീകരിച്ചാൽ പഴയ സമയത്തു തന്നെ തിരുവനന്തപുരം സെൻട്രലിൽ നിന്നു അമൃത എടുത്താൽ മതി. ഒരു ട്രെയിൻ കൂടി അധികമായി ലഭിച്ചു എന്ന് ആശ്വസിക്കുന്ന യാത്രക്കാർക്കു ഫലത്തിൽ ഒരു പ്രയോജനവുമില്ലാതെയാണു മൂന്നു ട്രെയിനുകളും കടന്നു പോകുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com