ADVERTISEMENT

കോഴിക്കോട്∙ വൈകല്യങ്ങളോടാണ് ഈ വിദ്യാർഥികളുടെ യുദ്ധം. ശബ്ദങ്ങളിലാത്ത അവരുടെ ലോകത്തു പക്ഷേ എല്ലാ വർഷവും വിജയത്തിന്റെ നൂറുപൂക്കൾ വിരിയുന്നു. എരഞ്ഞിപ്പാലത്തെ കരുണ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലെ വിദ്യാർഥികൾ ഈ വർഷവും ഹയർസെക്കൻഡറി പരീക്ഷയിൽ നൂറു ശതമാനം വിജയവുമായി വിധിയുടെ മുഖത്തു നോക്കി ചിരിക്കുന്നു.

179 ഹയർസെക്കൻഡറി സ്കൂളുകളുള്ള കോഴിക്കോട് ജില്ലയിൽ ഇക്കുറി 100 ശതമാനം വിജയം നേടിയത് 5 സ്കൂളുകൾ മാത്രമാണ്. ആ കൂട്ടത്തിലാണു കേൾവിവൈകല്യമുള്ള വിദ്യാർഥികൾ മാത്രം പഠിക്കുന്ന കരുണ സ്കൂളും ഇടം പിടിച്ചത്. തുടർച്ചയായ നാലാം തവണയാണ് കരുണ സ്കൂൾ ഈ നേട്ടം സ്വന്തമാക്കുന്നത്. ഇക്കുറി കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 18 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടി. രണ്ടു വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.

കോഴിക്കോട് രൂപതയുടെ കീഴിലുള്ള കാരുണ്യമാതാവിന്റെ പുത്രിമാരുടെ സന്യാസസമൂഹത്തിന്റെ നേതൃത്വത്തിൽ 1980 ലാണ് ശ്രവണവൈകല്യമുള്ള വിദ്യാർഥികൾക്കായി കരുണ സ്കൂൾ പ്രവർത്തനം തുടങ്ങിയത്. 1990 ആദ്യ എസ്എസ്എൽസി ബാച്ചു മുതൽ തുടർച്ചയായി 100 ശതമാനമാണു വിജയം. 2014ൽ ആരംഭിച്ച  ഹയർസെക്കൻഡറി വിഭാഗവും ആദ്യബാച്ചു മുതൽ 100 ശതമാനം വിജയം നേടുന്നു.

ശ്രവണവൈകല്യമുള്ള വിദ്യാർഥികൾക്കായി പ്രത്യേകം പരിശീലനം നേടിയ അധ്യാപകരാണ് ക്ലാസുകളെടുക്കുന്നത്. ഓരോ വിദ്യാർഥിയുടെയും കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞു പ്രത്യേകമായി നൽകുന്ന പരിശീലനമാണു കരുണയുടെ വിജയത്തിനു പിന്നിലെന്നു പ്രിൻസിപ്പൽ സിസ്റ്റർ വിക്ടോറിയ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com