ADVERTISEMENT

ഏഴു ഘട്ടമായുള്ള ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇനി ബാക്കി രണ്ടു ഘട്ടം മാത്രം. ഇതിനിടെ പിന്നിട്ട രണ്ടുദിവസങ്ങളിൽ ചില ബിജെപി നേതാക്കളിൽനിന്നു വരുന്ന സൂചനകൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായേക്കാവുന്ന തിരിച്ചടിയെക്കുറിച്ച് ബിജെപിക്കുള്ളിൽ തന്നെയുളള വിലയിരുത്തലുകളുടെ തുടർചലനങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷൻ അമിത് ഷായും വൻ ഭൂരിപക്ഷം നേടുമെന്നു ആവർത്തിക്കുമ്പോഴും മറ്റു ബിജെപി നേതാക്കൾക്കിടയിൽ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കില്ലെന്ന ആശങ്ക പരക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

ആർഎസ്എസ് നേതൃത്വത്തോട് അടുത്ത ബന്ധം പുലർത്തുന്ന ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം പറഞ്ഞത് ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷമായ 271 സീറ്റുകൾ നേടാൻ കഴിഞ്ഞാൽ ‘വളരെ സന്തോഷം’ എന്നാണ്. അതേസമയം ഘടകകക്ഷികളുടെ സഹായത്തോടെ എൻഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി തരംഗത്തിൽ 2014 ൽ പാർട്ടി ഒറ്റയ്ക്കു നേടിയത് 282 സീറ്റാണ്. എൻഡിഎ സഖ്യകക്ഷികൾ എല്ലാം കൂടി 336 സീറ്റുകളും.

ആർഎസ്എസിലൂടെ ബിജെപി നേതൃത്വത്തിലേക്കെത്തിയ റാം മാധവ് പാർട്ടിയിലെ കരുത്തനായ നേതാവാണ്. അദ്ദേഹത്തിന്റെ അഭിപ്രായം ഒരു തരത്തിൽ ആർഎസ്എസിന്റെ കൂടി കണക്കുകൂട്ടലായാണ് വിലയിരുത്തപ്പെടുന്നത്. 118 ലോക്സഭാ മണ്ഡലങ്ങളിൽ കൂടി വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ റാം മാധവ് സംശയം ഉയർത്തിയതെന്നതും ശ്രദ്ധേയം. റാം മാധവിന്റെ വിലയിരുത്തൽ ശരിവച്ച ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത് പ്രാദേശിക കക്ഷികൾ പലേടത്തും ശക്തമാണെന്നാണ്. എന്നാൽ ബിജെപി തന്നെയായിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയെന്നും നരേന്ദ്ര മോദി തന്നെ സർക്കാരുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ബുധനാഴ്ച രാവിലെ ക്രൈസ്തവ സഭാ നേതാക്കളുമായുള്ള യോഗത്തിൽ ബിജെപി നേതാവ് അരുൺ ജയ്റ്റ്‌ലിയും സമാനമായ സൂചന നൽകിയിരുന്നു. സീറ്റെണ്ണത്തിൽ 2014 ആവർത്തിക്കാനാവില്ലെന്നു സൂചിപ്പിച്ച അദ്ദേഹം, ബിജെപിക്കു മറ്റു ചില കക്ഷികളുടെ സഹായത്തോടെ സർക്കാരുണ്ടാക്കാൻ സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

ആശങ്കയായി ഐബി റിപ്പോർട്ട്

നാലു ഘട്ടങ്ങളിലെ പോളിങ് ഏപ്രിൽ 29നു പൂർത്തിയായതിനു പിന്നാലെ എൻഡിഎയെക്കാൾ കൂടുതൽ സീറ്റുകൾ യുപിഎയ്ക്കു ലഭിക്കുമെന്ന തരത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് നൽകിയെന്നു ചില ദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. 371 സീറ്റുകളിലെ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ കുറഞ്ഞത് 30 സീറ്റുകൾക്കെങ്കിലും യുപിഎ മുന്നിലാണെന്ന തരത്തിലാണ് ഐബി റിപ്പോർട്ട് ചെയ്തതെന്നായിരുന്നു ഈ വാർത്തകളിൽ. ഈ റിപ്പോർട്ടിൽ പറയുന്ന യുപിഎ സഖ്യത്തിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി), തൃണമൂൽ കോൺഗ്രസ് (ടിഎംസി), എസ്പി, ബിഎസ്പി, ആർഎൽഡി പാർട്ടികളില്ല. ഇവർ നേടുന്ന സീറ്റുകളും ബിജെപിക്കു തിരിച്ചടിയുണ്ടാകുമെന്നതിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്

ആത്മവിശ്വാസം നഷ്ടപ്പെട്ട തരത്തിലാണു തുടക്കം മുതൽ തന്നെ ബിജെപിയുടെ പ്രചാരണമെന്നും ഇതിനിടെ വിലയിരുത്തലുകളുണ്ടായി. അഞ്ചു വർഷം ഭരിച്ച ശേഷം വികസന വിഷയങ്ങളിൽനിന്നു മാറി ദേശസുരക്ഷ, അഴിമതി തുടങ്ങിയവയിൽ അഭയം തേടാൻ ബിജെപി പ്രചാരണസംഘത്തെ നിർബന്ധിതമാക്കിയതും ഈ ആത്മവിശ്വാസക്കുറവിന്റെ സൂചനയായാണു കണക്കാക്കപ്പെട്ടത്. അയോധ്യവിഷയം വാക്കിലോ പ്രവർത്തിയിലോ കടന്നെത്താതെ ശ്രദ്ധിക്കാൻ പരിവാർ സംഘടനകളും ശ്രമിച്ചത് ഇതിന്റെ ഭാഗമായാണെന്നാണു സൂചന.

റഫാൽ ആരോപണങ്ങളിൽ മുങ്ങി പ്രചാരണത്തിന്റെ തുടക്കത്തിൽ ആശങ്കയിലായ ബിജെപിക്കു നിവർന്നുനിൽക്കാൻ കിട്ടിയ ആയുധമായിരുന്നു ബാലാക്കോട്ട് ആക്രമണം. ചെറുതും വലുതുമായ നേതാക്കളെല്ലാം വീര ജവാന്മാരെക്കുറിച്ചും ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ചും വാതോരാതെ പ്രസംഗിച്ചുനടന്നു. അതിർത്തി സുരക്ഷയും ദേശീയതയും പതിവില്ലാത്ത വിധത്തിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് കളത്തിൽ ചർച്ചയായി. മോദിയുടെ വ്യക്തിപ്രഭാവത്തെ ഊന്നിയുള്ള പ്രചാരണവും നടന്നു. ഇതിന്റെ ബലം പിടിച്ച്, മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചതുൾപ്പെടെ കിട്ടുന്ന എല്ലാ വിഷയങ്ങളും മോദിക്ക് അനുകൂലമാക്കി പ്രചാരണം നടത്തുന്നതിലായിരുന്നു ബിജെപിയുടെ ശ്രദ്ധ.

മോദി തരംഗത്തിൽ തുടക്കം; പിന്നീട് ഹിന്ദുത്വം, രാഹുൽ

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ആരോപണങ്ങൾ നിയമം മൂലം തലയിൽനിന്ന് ഒഴിഞ്ഞെങ്കിലും സംസ്ഥാന മുഖ്യമന്ത്രിയെന്ന പേരിൽ ഒതുങ്ങിനിന്ന നരേന്ദ്ര മോദിയുടെ പേര് 2014ലെ തിരഞ്ഞെടുപ്പൊരുക്കത്തിനു മുന്നോടിയായി വളരെ പെട്ടെന്നാണു ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ഗുജറാത്തിലെ വികസന നായകനെന്ന ലേബലിൽ അറിയപ്പെടാനും പ്രചരിപ്പിക്കാനും പാർട്ടിയും അനുയായികളും പിആർ സംഘങ്ങളും മുന്നിട്ടുനിന്നപ്പോൾ 2014ലെ തിരഞ്ഞെടുപ്പ് വലിയതോതിലുള്ള മോദി തരംഗത്തിനിടയാക്കി.

5 വർഷത്തെ ഭരണത്തിനുശേഷം 2014 ആവർത്തിക്കുമെന്ന ആത്മവിശ്വാസവുമായാണ് ബിജെപിയും കേന്ദ്രസർക്കാരും തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. നരേന്ദ്ര മോദിയെന്ന വ്യക്തിയുടെ പ്രഭാവത്തിൽ ഊന്നിയായിരുന്നു ആദ്യത്തെ പ്രചാരണങ്ങളെല്ലാം. പിന്നീട് ഹിന്ദുത്വ ബെൽറ്റിൽ ചെന്നപ്പോൾ മോദി തരംഗത്തെക്കാൾ ഉഗ്രമൂർച്ചയോടെ ഏൽക്കുന്ന ഹിന്ദുത്വ കാർഡ് ഇറക്കി. പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്നതരത്തിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ അധ്യക്ഷനും വർഗീയ പരാമർശങ്ങൾ നടത്തി വോട്ടുകൾ അനുകൂലമാക്കാൻ പരിശ്രമിച്ചു. ഇവ ബിജെപിയുടെ പെട്ടിയിൽ വീണോ എന്നറിയാൻ മേയ് 23 വരെ കാത്തിരിക്കണം. ബിജെപിയുടെ ഉറച്ച കോട്ടയായ ഭോപ്പാലിൽ മാലഗാവ് സ്ഫോടനക്കേസിലെ പ്രതിയും ഇപ്പോൾ ജാമ്യത്തിലിറങ്ങിയ സ്വാധി പ്രജ്ഞാ സിങ് ഠാക്കൂറിനെ ഇറക്കി മധ്യപ്രദേശിൽ തീവ്ര ഹിന്ദുത്വകാർഡിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റാനും ബിജെപി നേതൃത്വം മടിച്ചില്ല.

പക്ഷേ, ബിജെപിയുടെ ഈ ആത്മവിശ്വാസത്തിനു നേർക്കാണു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് എതിരായി വന്നത്. മോദി തരംഗമെന്നത്, നേതാക്കന്മാർതന്നെ പരസ്യമായി പറയുന്നതു അപ്പോഴേക്കും നിർത്തി. തുടർന്നു തന്ത്രം മാറ്റി. ഹിന്ദുത്വ കാർഡിറക്കിയുള്ള കളികൾ ഒരു വശത്ത് ഒതുക്കി നിർത്തി ആക്രമണത്തിന്റെ മുന കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ നേർക്കാക്കി.

സുബ്രഹ്മണ്യൻ സ്വാമിയെ മുന്നിൽനിർത്തി രാഹുലിന്റെ ഇരട്ട പൗരത്വ വിഷയം സജീവമാക്കാനുള്ള നീക്കമായിരുന്നു പിന്നീട്. അപ്പോഴും ഒരു ചോദ്യം ബാക്കി, രാഹുലിനെതിരെ നേരത്തെയും ഉയർന്ന ഈ ആരോപണത്തെക്കുറിച്ചു സ്വാമിയുടെ കൈവശം ഇത്രയും നാൾ ഉണ്ടായിരുന്ന രേഖകൾ എന്തുകൊണ്ട് തിരഞ്ഞെടുപ്പിന്റെ പകുതിയായപ്പോൾ മാത്രം എടുത്തുപയോഗിച്ചു?. അതുകൊണ്ടുതന്നെ ആ ആരോപണം കാര്യമായി ഏശിയില്ലെന്നു വ്യക്തമായതോടെ രാജീവ് ഗാന്ധിയും ബൊഫോഴ്സ് കേസുമാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.

അവസാനഘട്ടങ്ങളിൽ ഉന്നമിടുന്നത് സിഖ് വികാരവും

ശേഷിക്കുന്ന രണ്ടു ഘട്ടങ്ങളിൽ ബിജെപി കനത്ത മൽസരം നേരിടുന്ന പഞ്ചാബ്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ പ്രത്യേകം ഊന്നിയുള്ള പ്രചാരണതന്ത്രമാണ് മോദി ക്യാംപ് പയറ്റുന്നതെന്നാണ് വിലയിരുത്തൽ. ഇന്ത്യ കണ്ട ‘ഒന്നാം നമ്പർ അഴിമതിക്കാരനാണ്’ രാജീവ് ഗാന്ധി എന്നു പറഞ്ഞു തുടങ്ങിയ പ്രസംഗങ്ങൾക്കു പിന്നാലെ സിഖ് കലാപത്തിൽ രാജീവിന്റെ നിലപാടുകൾ ചർച്ചയിൽ എത്തിച്ച് സിഖ് വികാരം കോൺഗ്രസിന് എതിരാക്കാനുള്ള നീക്കമാണെന്നാണു സൂചന.

തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സൈനിക കുടുംബങ്ങളുടെ വിപുലമായ സാന്നിധ്യം കൂടി കണക്കിലെടുത്ത് പിന്നിട്ട രണ്ടു ദിവസങ്ങളിൽ വൺ റാങ്ക് വൺ പെൻഷൻ, ബാലാക്കോട്ട്, ദേശസുരക്ഷ, കർതാർപുർ ഇടനാഴി തുടങ്ങിയ വിഷയങ്ങളാണ് മോദിയും മറ്റു നേതാക്കളും പ്രസംഗങ്ങളിൽ ഉറപ്പിക്കുന്നത്. കർതാർപുർ ഇടനാഴിയുടെ നിർമാണത്തിനു വഴിയൊരുക്കി ‘1947ലെ തെറ്റുകൾ’ തിരുത്തുകയാണെന്നാണു മോദി പ്രസംഗങ്ങളിൽ സൂചിപ്പിക്കുന്നത്. സിഖ് ഗുരുവായിരുന്ന ഗുരു ഗോബിന്ദ് സിങ്ങുമായി ബന്ധപ്പെട്ട സുപ്രധാന സ്ഥലം വിഭജനവേളയിൽ അതിർത്തിക്കു എതാനും കിലോമീറ്റർ മാത്രമകലെ കൈവിട്ടതിൽ അന്നത്തെ നേതൃത്വത്തിന്റെ ശ്രദ്ധക്കുറവായിരുന്നുവെന്ന വാദമുയർത്തുമ്പോൾ ആരോപണമുന നീളുന്നത് കോൺഗ്രസിലേക്കു തന്നെയാണ്.1984ലെ സിഖ് കലാപത്തിൽ പങ്കാളിത്തമുണ്ടെന്നു കരുതുന്ന നേതാക്കൾക്ക് മുഖ്യമന്ത്രി പദം സമ്മാനിക്കുകയാണ് കോൺഗ്രസ് ചെയ്തുവരുന്നതെന്നു മോദി പ്രസംഗിക്കുമ്പോൾ അതിൽ മധ്യപ്രദേശിൽ അടുത്തിടെ മുഖ്യമന്ത്രിയാക്കിയ കമൽനാഥിനെതിരായ സൂചനകളുമുണ്ട്.

English Summary: Did BJP Lost Confidence Of Winning Absolute Majority?, Election 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com