ADVERTISEMENT

കാഠ്‌മണ്ഡു ∙ കള്ളപ്പണവും ഹവാലയും നിയന്ത്രിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമങ്ങള്‍ക്ക് തടയിട്ട് നേപ്പാൾ വഴി ആയിരക്കണക്കിനു കോടി രൂപയുടെ സ്വര്‍ണക്കടത്ത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് പരിശോധന കാര്യമായിട്ടില്ലാത്ത കാഠ്‌മണ്ഡ‍ു വിമാനത്താവളത്തിലെത്തിച്ച് അവിടെ നിന്ന് ബസിലും സൈക്കിൾ റിക്ഷയിലും മറ്റുമാണ് ഇന്ത്യ– നേപ്പാൾ അതിർത്തിയിൽ എത്തിക്കുന്നത്. പരിശോധന കാര്യമായില്ലാത്ത ഈ അതിർത്തിയിലൂടെയാണ് കടത്തിയ സ്വർണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. ‘ഓപ്പറേഷൻ നേപ്പാൾ ഗോൾഡ്’ എന്ന പേരിൽ കള്ളക്കടത്തിന്റെ അപകടവഴികളിലൂടെ രാജ്യാന്തര അതിർത്തി കടന്നാണ് മനോരമ ന്യൂസ് സംഘം അന്വേഷണം നടത്തിയത്.

ഗള്‍ഫില്‍ നിന്ന് പരിശോധനകള്‍ ശക്തമല്ലാത്ത നേപ്പാള്‍ വഴി സ്വര്‍ണം ഒഴുകുമ്പോള്‍ തകരുന്നത് ഇന്ത്യയുടെ സാമ്പത്തിക അടിത്തറ കൂടിയാണ്. ഒരുവര്‍ഷം അതിര്‍ത്തി കടക്കുന്നത് 7,900 കോടിയുടെ സ്വര്‍ണമെന്നാണ് വിലയിരുത്തൽ. സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന് പുറകേയുള്ള യാത്ര മനോരമ ന്യൂസ് സംഘം തുടങ്ങിയത് ഡല്‍ഹിയില്‍ നിന്നാണ്.

ഗള്‍ഫില്‍ നിന്ന് നേപ്പാളിലേക്കുളള ഒരേ വിമാനത്തില്‍ സ്വര്‍ണമൊളിപ്പിച്ച് എട്ടും പത്തും ഇന്ത്യന്‍ യാത്രക്കാർ എത്താറുണ്ടെന്ന് വിശ്വസനീയമായ വിവരമുണ്ടായിരുന്നു. അത്തരമൊരു യാത്രക്കാരന്‍ എത്തുന്നുവെന്ന കൃത്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു യാത്ര. ത്രിഭുവന്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി ഏറെ കാത്തിരിക്കാതെ തന്നെ ദുബായില്‍ നിന്നുള്ള വിമാനമെത്തി. വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണക്കടത്തുകാരന്‍ എന്ന കാരിയറിനെ സൂക്ഷിച്ച് നോക്കരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ അത് ഒഴിവാക്കി. പേരിനുള്ള കസ്റ്റംസ് പരിശോധന കഴിഞ്ഞ് എല്ലാവരും പുറത്തേക്ക്.

വിമാനത്താവളത്തിന് പുറത്ത് കാരിയര്‍മാര്‍ക്ക് സഹായം നല്‍കാന്‍ ഇന്ത്യയില്‍ നിന്നുളള സ്വര്‍ണക്കടത്തു സംഘങ്ങളുടെ സഹായികളുണ്ട്. കാരിയര്‍ക്കൊപ്പം കാഠ്മണ്ഡുവിലേക്ക്. അവിടെ സുരക്ഷിതമായ ഇടത്ത് വച്ച് രഹസ്യത്തിന്‍റെ മറനീങ്ങി. തടസങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുളള യാത്ര. വഴിയില്‍ യാത്രക്കാരെയോ ലഗേജുകളോ പരിശോധിക്കില്ല. പരിശോധനയുണ്ടാകുമോ എന്ന ചെറിയ ഭയം പോലും ബസ് ഡ്രൈവര്‍ തീര്‍ത്തു. നേപ്പാള്‍ എന്ന രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് തടസമില്ലാതെ ഇന്ത്യയില്‍ കടന്നു. സ്വര്‍ണമായെത്തിയ കാരിയറും കാര്യമായ പരിശോധനകൾ ഭയക്കാതെ അതിർത്തി കടന്ന് ഇന്ത്യയിലേക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com