ADVERTISEMENT

തിരുവനന്തപുരം∙ പൊലീസുകാരുടെ പോസ്റ്റൽ വോട്ട് അട്ടിമറിയിലെ നടപടി താഴെത്തട്ടിൽ ഒതുങ്ങുന്നതോടെ പൊലീസ് അസോസിയേഷൻ നേതാക്കൾ രക്ഷപ്പെടുന്നു. ക്രമക്കേട് സ്ഥിരീകരിച്ചിട്ടും പോസ്റ്റൽ വോട്ടുകൾ പുനഃപരിശോധിക്കാനും നടപടിയില്ല. അതേസമയം കുറ്റക്കാരെന്നു കണ്ടെത്തിയവരെ സസ്പെൻഡ് ചെയ്തും തുടരന്വേഷണം പ്രഖ്യാപിച്ചും ഡിജിപി ഇന്ന് ഉത്തരവിറക്കും. ഇന്നു വൈകിട്ടോട്ടെ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.

ഭരണ സ്വാധീനം ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും പൊലീസുകാരുടെ വോട്ടുകൾ എൽഡിഎഫിന് അനുകൂലമാക്കിയെന്ന ഗുരുതര കുറ്റമാണു പൊലീസ് അസോസിയേഷനെതിരെ തെളിഞ്ഞിരിക്കുന്നത്. എന്നാൽ അസോസിയേഷന്റെ ഒരു യൂണിറ്റ് ഭാരവാഹിക്കെതിരെ പോലും നടപടിയില്ലാതെ രക്ഷപെടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. സംസ്ഥാന വ്യാപകമായി നടന്ന ക്രമക്കേടിന്റെ ഉത്തരവാദിത്വം മുഴുവൻ സേനയിലെ എറ്റവും ചെറിയ വിഭാഗമായ ഐആർ ബറ്റാലിയനിലെ അഞ്ച് ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവയ്ക്കുന്നതാണ് നിലവിലെ നടപടി. ഇനി നടക്കുന്ന സമഗ്ര അന്വേഷണത്തിൽ തെളിവ് ലഭിച്ചാൽ മാത്രമാവും ക്രമക്കേടിന് ആഹ്വാനവും ഗൂഢാലോചനയും നടത്തിയ നേതാക്കളടക്കം കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാവുക. മാത്രവുമല്ല ഇനി തുടങ്ങാൻ പോവുന്ന അന്വേഷണത്തിലും കേസ് റജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കാത്തതിനാൽ കുറ്റക്കാരെന്നു കണ്ടെത്തിയവർക്കെതിരെ പോലും വകുപ്പ് തല നടപടിക്കപ്പുറം ഒന്നുമുണ്ടാവില്ല.

മുപ്പതിനായിരത്തിലേറെ വോട്ടുകൾ ചെയ്ത് കഴിഞ്ഞപ്പോളാണ് ക്രമക്കേട് സ്ഥിരീകരിക്കുന്നത്. എന്നിട്ടും വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ പുനഃപരിശോധിക്കാൻ നടപടിയില്ലാത്തത് കള്ളവോട്ട് എന്ന ആശങ്ക അതേപടി നിലനിർത്തുകയാണ്. അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശപ്രകാരമുള്ള നടപടികളെടുത്ത് ഡിജിപി ഉത്തരവിറക്കും. ഒരു കമാൻഡോയെ സസ്പെൻഡ് ചെയ്യുന്നതിനൊപ്പം എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥനെ തുടരന്വേഷണത്തിനു ചുമതലപ്പെടുത്തും.

English Summary: Kerala Police Postal Ballot Irregularity - action will announce today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com