ADVERTISEMENT

പനജി ∙ കർണാടകയിലെ വിമതനീക്കത്തിനു പിന്നാലെ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനു കൂടുതൽ തലവേദന സൃഷ്ടിച്ച് അയൽ സംസ്ഥാനമായ ഗോവയിലെ കോൺഗ്രസ് എംഎൽഎമാരും. പത്ത് എംഎൽഎമാരാണ് കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. 

ഗോവയിലെ പ്രതിപക്ഷ നേതാവു കൂടിയായ ചന്ദ്രകാന്ത് കാവ്ലേക്കറുടെ നേതൃത്വത്തിലാണ് പത്ത് എംഎൽഎമാർ സ്പീക്കർ രാജേഷ് പട്നേക്കറിനെ നേരിൽ കണ്ട് കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപി പക്ഷത്തേക്കു മാറുന്നതായി അറിയിച്ചത്. ഗോവ നിയമസഭയുടെ വർഷകാല സമ്മേളനം ജൂലൈ 15 നാണ് തുടങ്ങുന്നത്.

ബിജെപിയിലേക്ക് അണിചേർന്ന എംഎൽഎമാരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെയും സ്വന്തം മണ്ഡലത്തിന്റെയും വികസനത്തിനാണ് ഇവർ ബിജെപിയിലെത്തിയതെന്ന് സാവന്ത് പറഞ്ഞു. ഉപാധികൾ ഒന്നും കൂടാതെയാണ് എംഎൽഎമാർ ബിജെപിയിലേക്കു വന്നതെന്നും സാവന്ത് അവകാശപ്പെട്ടു.

15 അംഗങ്ങളാണ് ഗോവയിൽ കോൺഗ്രസിനുണ്ടായിരുന്നത്. കക്ഷിനിലയിലെ മൂന്നിൽ രണ്ട് അംഗങ്ങളും ഉൾപ്പെട്ട നീക്കമായതിനാൽ കൂറുമാറ്റ നിരോധന നിയമം 10 അംഗങ്ങൾക്കും മറികടക്കാനാകും. മുൻ മുഖ്യമന്ത്രിമാർ കൂടിയായ പ്രതാപ് സിങ് റാണെ, ദിഗംബർ കാമത്ത്, രവി നായിക്, ലൂസിഞ്ഞൊ ഫെലേറിയോ എന്നിവർക്കൊപ്പം കർട്ടോറിം എംഎൽഎ അലക്സിയോ റെജിനാൾഡോ ലൊറൻസോയും മാത്രമാണ് കോൺഗ്രസിൽ തുടരുന്നത്. 

ഗോവയിലെ നാൽപതംഗ നിയമസഭയിൽ ബിജെപിക്ക് 17 അംഗങ്ങളാണുള്ളത്. ഗോവ ഫോർവേഡ് പാർട്ടിയിലെ മൂന്നു എംഎൽഎമാരും മൂന്നു സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നു. പിന്തുണ നൽകുന്ന ആറ് എംഎൽഎമാരും നിലവിൽ മന്ത്രിമാരാണ്. വിമതനീക്കത്തോടെ ഗോവ നിയമസഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങി. നിയമസഭയിൽ എംജിപി, എൻസിപി എന്നിവയ്ക്ക് ഓരോ അംഗങ്ങളാണുള്ളത്. 2017 നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ഗോവയിൽ 15 അംഗങ്ങളോടെ കോൺഗ്രസായിരുന്നു വലിയ ഒറ്റകക്ഷി.

കോൺഗ്രസ് വിട്ട എംഎൽഎമാർ ബിജെപിയിലേക്കു കൂറുമാറിയതോടെ സഭയിൽ ബിജെപിയുടെ അംഗസംഖ്യ 27 ആകും. നേരത്തെ മന്ത്രിസഭയ്ക്കു പിന്തുണ നൽകിയതിലൂടെ മന്ത്രിമാരായ ഗോവ ഫോർവേഡ് പാർട്ടി അംഗങ്ങളുടെയും സ്വതന്ത്ര എംഎൽഎമാരുടെയും വിഷയത്തിൽ ഇനി ബിജെപിയുടെ തീരുമാനമാകും നിർണായകം.

തെലങ്കാനയ്ക്കും കർണാടകയ്ക്കും പിന്നാലെയാണ് ഗോവയിലും കോൺഗ്രസിന് വലിയതോതിൽ എംഎൽഎമാരെ നഷ്ടമാകുന്നത്. കഴിഞ്ഞ മാസം തെലങ്കാനയിൽ 18 കോൺഗ്രസ് എംഎൽഎമാരിൽ 12 പേരും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ പാർട്ടിയിലേക്ക് ചേക്കേറിയിരുന്നു. 18 പേരുടെ ചാഞ്ചാട്ടത്തിലൂടെ കർണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യസർക്കാർ ഭീഷണി നേരിടുന്നതിനിടെയാണ് ‘കൂറുമാറ്റക്കാറ്റ്’ ഗോവതീരത്തുമെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com