ADVERTISEMENT

തിരുവനന്തപുരം∙ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലേ, വെള്ളക്കരം കൂട്ടണമെന്ന ആവശ്യവുമായി കേരള വാട്ടർ അതോറിറ്റി (കെഡബ്ല്യുഎ). കടബാധ്യതയും, വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിലെ നഷ്ടവും നികത്താന്‍ വെള്ളക്കരം കൂട്ടണമെന്നാണ് ജല അതോറിറ്റിയുടെ നിലപാട്.

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. വെള്ളക്കരം കൂട്ടണമെന്നാണ് യോഗത്തിന്റെ അഭിപ്രായമെങ്കില്‍ മന്ത്രിസഭാ യോഗത്തിൽ കൂടി ചര്‍ച്ച ചെയ്തശേഷമാകും തീരുമാനം.

ജല അതോറിറ്റി ഒരു കിലോലീറ്റര്‍ വെള്ളത്തിനു നാലു രൂപയാണ് ഈടാക്കുന്നത്. ലീറ്ററിന് 4 പൈസ. വൈദ്യുതി നിരക്ക് ഇനത്തില്‍ പ്രതിമാസം ശരാശരി 23 കോടിരൂപയാണ് അതോറിറ്റി കെഎസ്ഇബിക്ക് നല്‍കുന്നത്. വര്‍ഷം 281 കോടിയോളം രൂപ.

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനാല്‍ ഈ തുക ഇനി കൂടും. 2014ലാണ് അവസാനമായി വെള്ളക്കരം കൂട്ടിയത്. 15 കിലോ ലീറ്ററില്‍ താഴെ പ്രതിമാസ ഉപയോഗമുള്ളവര്‍ക്ക് അന്ന് നിരക്ക് വര്‍ധന ബാധകമായിരുന്നില്ല.

15 കിലോ ലീറ്ററില്‍ താഴെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങളില്‍നിന്നും  അതോറിറ്റി പണം ഈടാക്കുന്നില്ല. ഇതെല്ലാം പ്രതിസന്ധി വര്‍ധിപ്പിക്കുന്നതായി അതോറിറ്റി പറയുന്നു.

42.43 കോടിരൂപയാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രതിമാസ വരുമാനം. ചെലവ് 102 കോടിക്ക് മുകളിലും. 330 കോടിരൂപയാണ് ശമ്പളത്തിനായി ഒരു വര്‍ഷം ചെലവാക്കുന്നത്.  ജല അതോറിറ്റിയുടെ ബാധ്യത 2,291 കോടിരൂപയാണ്.

ഇതില്‍ വൈദ്യുതി നിരക്കിനത്തില്‍ നല്‍കാനുള്ളത് 1321കോടി. കരാറുകാര്‍ക്ക് നല്‍കാനുള്ളത്  472 കോടി. കുടിശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത് 1,030 കോടി. അതോറിറ്റിക്ക് 23.15 ലക്ഷം ഗാര്‍ഹിക കണക്‌ഷനുകളാണുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com