ADVERTISEMENT

ഹേഗ്∙ ചാരനെന്ന് മുദ്രകുത്തി കുൽഭൂഷൺ ജാദവിന് പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി തടഞ്ഞു. വധശിക്ഷ പുനപരിശോധിക്കാൻ പാക്കിസ്ഥാനു നിർദേശം നൽകിയ കോടതി, ജാദവിന് നയതന്ത്ര സഹായം നൽകണമെന്നും ആവശ്യപ്പെട്ടു. കുൽഭൂഷൺ ജാദവ് ചാരനാണെന്നതിന് തെളിവില്ലെന്ന നിലപാടെടുത്ത കോടതി  സൈനികക്കോടതിവിധി റദ്ദാക്കുകയോ ജാദവിനെ വിട്ടയയ്ക്കാൻ  നിർദേശിക്കുകയോ ചെയ്തില്ല.

പാക്കിസ്ഥാൻ നടപടി ക്രമങ്ങൾ വിയന്ന കരാറിന്റെ നഗ്നമായ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫാണ് വിധിപ്രസ്താവം വായിച്ചത്. 16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചിൽ 15 പേരും ഇന്ത്യയുടെ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു. ലോകനീതിദിനത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 6:30നാണ് കോടതി വിധി പറഞ്ഞത്. കേസിലെ വിജയം ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയാണ്.

ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി 2016 ലാണ് കുല്‍ഭൂഷന്‍ ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. വിശദമായ വിചാരണ പോലും നടത്താതെ 2017 ഏപ്രിലില്‍ പാക്ക് പട്ടാളക്കോടതി കുല്‍ഭൂഷനെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ഏതൊരു വിദേശതടവുകാരനു ലഭിക്കേണ്ട നയതന്ത്ര പരിരക്ഷ നിഷേധിച്ചതോടെ പാക്കിസ്ഥാനെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.

Kulbhushan Jadhav

മുന്‍ ഇന്ത്യന്‍ നാവികസേന  ഉദ്യോഗസ്ഥൻ കൂടിയായ കുല്‍ഭൂഷന്‍ സുധീര്‍ ജാദവ്(48) നെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ വച്ച് ചാരവൃത്തിക്കു ശ്രമിക്കുമ്പോള്‍ 2016 മാര്‍ച്ച് 3 ന് അറസ്റ്റ് ചെയ്തെന്നാണ് പാക്കിസ്ഥാന്റെ വാദം. എന്നാല്‍, ഇറാനിലെ ഛബഹാര്‍ തീരത്ത് നിയമപ്രകാരമുള്ള കച്ചവടത്തിനെത്തിയ കുല്‍ഭൂഷനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയതാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. നാവികസേനയിൽ നിന്ന് വിരമിച്ച ശേഷം ജാദവിന് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളുമായോ സുരക്ഷാ ഏജൻസികളുമായോ യാതൊരു ബന്ധമില്ലെന്നും ഇറാനുമായി നല്ലബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ നാണം കെടുത്തുകയെന്നതായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യമെന്നും ഇന്ത്യ ആരോപിച്ചിരുന്നു. 

കുല്‍ഭൂഷന് ഇന്ത്യയില്‍നിന്നുള്ള നയതന്ത്രസഹായം നിഷേധിച്ചത് 1963ലെ വിയന്ന കരാറിന്റെ ലംഘനമാണെന്നാണ് ഹേഗില്‍ ഇന്ത്യ പ്രധാനമായും വാദിച്ചത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വികാരഭരിതമായാണ് ഇന്ത്യ തങ്ങളുടെ നിലപാട് ലോകസമക്ഷം അവതരിപ്പിച്ചത്.  ഇതാദ്യമായി വ്യക്തി സ്വാതന്ത്ര്യം രാജ്യാന്തര കോടതിയുടെ മുന്നിൽ വന്നു. പാക്ക് സൈനിക കോടതിയിലെ സുതാര്യമല്ലാത്ത, രാജ്യാന്തര നിയമങ്ങൾ പാലിക്കാതെയുള്ള വിചാരണയുടെ സാധുതയും ഇന്ത്യ രാജ്യാന്തര കോടതിയിൽ ചോദ്യം ചെയ്തിരുന്നു. 

ക്രൂരമായി പീഡിപ്പിച്ചു നേടിയ വ്യാജ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ സൈനിക കോടതി നൽകിയ വധശിക്ഷ രാജ്യാന്തര നിയമങ്ങൾക്ക് എതിരാണെന്നും ഇന്ത്യ വാദിച്ചിരുന്നു. കുൽഭൂഷണെ മോചിപ്പിക്കുന്നതിലൂടെ മാത്രമേ നീതി നടപ്പാക്കുകയുള്ളു എന്ന് ഇന്ത്യയുടെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ രാജ്യാന്തര കോടതിയിൽ ചൂണ്ടികാട്ടുകയും ചെയ്തു.

English Summary: Pak Must Review Kulbhushan Jadhav's Death Sentence, Says World Court ICJ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com