ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെപ്പറ്റി വ്യക്തമായൊരു തീർപ്പോ ഭാവിയെപ്പറ്റി തെളിഞ്ഞൊരു പദ്ധതിയോ ഇത്രനാളായിട്ടും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്കു രൂപപ്പെട്ടിട്ടില്ല. രാജ്യത്തു കമ്യൂണിസ്റ്റ് ഭരണമുള്ള കേരളത്തിലാകട്ടെ, കൂനിന്മേൽകുരു പോലെ പൊന്തുന്ന വിവാദങ്ങളിൽ ഉഴറുകയാണ് ഇടതുപക്ഷം. അങ്ങുദൂരെ, ‘മധുര മനോജ്ഞ ചെങ്കോട്ടയായ’ ചൈന പക്ഷേ, പുതിയ കാലത്തിലേക്കു ഗിയർ മാറ്റുകയാണ്. ഇരുമ്പുമറയുള്ള രഹസ്യമുറികളിൽ പുതിയ നേതൃത്വം രൂപപ്പെടുന്നു. പ്രായോഗികവും വികസനോന്മുഖവുമായ കമ്യൂണിസത്തിന്റെ ആശയങ്ങളുമായി നവനേതൃത്വം അടിവച്ചടിവച്ച് വരികയായി.

അയഞ്ഞ കറുത്ത ഉടുപ്പ്, ബ്ലാക് ഷൂ, കറുത്ത മുടി. എല്ലാവർക്കും ഒരേ വേഷം. പ്രായം 40നും 50നും ഇടയ്ക്ക്. ക്ലാസ് മുറിയിൽ അച്ചടക്കത്തോടെ ഇരിക്കുകയാണ് 60 പാർട്ടി കേഡർമാർ. ലോകത്തെ മറ്റു രാഷ്ട്രങ്ങൾ എങ്ങനെയാണ് ‘പരിസ്ഥിതിസൗഹൃദ നാഗരികത’ നടപ്പാക്കുന്നത്, ജനജീവിതം മെച്ചപ്പെടുത്തുന്ന ലോകമാതൃകകൾ ഏതെല്ലാം തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകൻ ക്ലാസെടുക്കുന്നു. യുഎസിലെ നാഷനൽ പാർക്ക് സിസ്റ്റം, ജർമനിയിലെ മാലിന്യനിർമാർജനം എന്നിവ ഉദാഹരണങ്ങളാണെന്നു ‘വിദ്യാർഥികൾ’ മറുപടി പറഞ്ഞു.

ബെയ്ജിങ്ങിലെ സെൻട്രൽ കമ്മിറ്റി പാർട്ടി സ്കൂളിലെ ഒരു ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ്. ലോകത്തിനു മുന്നിൽ മുഖംമിനുക്കാൻ കഷ്ടപ്പെടുന്ന ചൈന, വിദേശമാധ്യമങ്ങൾക്ക് തങ്ങളുടെ ‘എക്സ്ക്ലുസീവ്’ മേഖലകൾ ആദ്യമായി തുറന്നുകൊടുത്തപ്പോൾ വെളിപ്പെട്ടത് അപൂർവ കാഴ്ചകൾ. ഭാവിയിലെ ചൈന ഭരിക്കാൻ നിയുക്തരായ അംഗങ്ങളെയാണു ക്ലാസുകളിലൂടെ വാർത്തെടുക്കുന്നത്. പരമോന്നത പദവിയിൽ പ്രസിഡന്റ് ഷി ചിൻപിങ് അവരോധിതനായ ശേഷം രാജ്യത്തു കമ്യൂണിസത്തിന്റെ വേര് കൂടുതലാഴ്ത്താൻ നടത്തുന്ന പദ്ധതികളിലൊന്നാണ് ഈ ക്ലാസുകൾ.

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്

ആധുനിക കാലത്തോടു സംവദിക്കുന്ന, തുറന്നതും ആഡംബരം നിറഞ്ഞതുമായ ക്യാംപസ്. ഏഴു പതിറ്റാണ്ടോളം പ്രായമുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖച്ഛായ ആധുനികമാണെന്നു ലോകത്തെ കാണിക്കാനുള്ള വെമ്പൽ അവിടെയുടനീളം കാണാം. വിശാലമായ മുറികളും ഹാളും കഫറ്റീരിയയുമുണ്ട്. ‘സാധാരണ’ ചൈനീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നതൊന്നും ഇവിടെയില്ല. ചൈന: മാർക്സിസം– ലെനിനിസം, പാർട്ടി വളർത്തൽ സിദ്ധാന്തം, പ്രചാരണ തന്ത്രങ്ങൾ, പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ആശയങ്ങൾ മുതലായ വിഷയങ്ങളിലാണു പഠനം.

മാധ്യമപ്രവർത്തകരെ സ്കൂളിലെ ഡോർമിറ്ററി, കഫറ്റീരിയ, സ്പോർട്സ് കോംപ്ലക്സ് തുടങ്ങി എല്ലായിടവും കൊണ്ടുനടന്നു കാണിച്ചത് ക്യാംപസ് ഓപറേഷൻസ് തലവൻ വാങ് ജിൻലോങ് ആണ്. ‘നിങ്ങൾ കണ്ടോ, കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ തുറന്ന ഇടമാണ്’ എന്നു പറയാനും വാങ് മറന്നില്ല. പാർട്ടി ‘റീബ്രാൻഡി’ങ്ങിനുള്ള പരിപാടികളുടെ ഭാഗമാണു വിദേശമാധ്യമങ്ങളെ ക്ഷണിച്ചിട്ടുള്ളതെന്നു ചൈനീസ് കാര്യങ്ങളിലെ വിദഗ്ധനും ‘ദ് ന്യൂ റെഡ് ഗാർഡ്സ്’ ഗ്രന്ഥകർത്താവുമായ ജൂഡ് ബ്ലാൻഷെറ്റെ ചൂണ്ടിക്കാട്ടി.

ചരിത്രബോധമുള്ളവർക്കേ രാജ്യത്തെ നയിക്കാനാകൂ എന്ന ചിന്തയിൽ, സാംസ്കാരിക വിപ്ലവവും 1989 ജൂണിലെ ടിയാനൻമെൻ സ്ക്വയർ പ്രതിഷേധവും ഉൾപ്പെടെ പഠിപ്പിക്കുന്നുണ്ടെന്നു വാങ് വ്യക്തമാക്കി. ജോലിക്കാരായ കേഡർമാർ 3 മാസം മുതൽ 6 മാസം വരെ ജോലി ഒഴിവാക്കിയാണ് ഇവിടെ പഠിക്കാനെത്തുന്നത്. ഒരാഴ്ച നീളുന്ന റിഫ്രഷർ കോഴ്സുകളുമുണ്ട്. എത്രത്തോളം പഠിച്ചു എന്നത് അടിസ്ഥാനമാക്കിയാണു കേഡർമാർക്കു പ്രമോഷനുകൾ നൽകുക. പാർട്ടിനേതൃനിരയിലെത്താൻ ഈ പഠനം അനിവാര്യം. 2018 ൽ മാത്രം 10,000 വിദ്യാർഥികൾക്ക് ഇവിടെ പരിശീലനം നൽകിയെന്നാണു വിവരം.

1933ൽ സ്ഥാപിതമായ സ്കൂളിന് പാർട്ടിയുടെ വളർച്ചയിലും നയരൂപീകരണത്തിലും നിർണായക സ്ഥാനമുണ്ട്. സ്കൂളിന്റെ തലപ്പത്തിരുന്ന മൂന്നുപേർ– മാവോ സെദൂങ്, ഹു ജിന്റാവോ, ഷി ചിൻപിങ്– രാജ്യത്തിന്റെ തലപ്പത്തുമെത്തി. ചിൻപിങ് രാഷ്ട്രത്തലവനായതോടെ പഠനം നിർബന്ധിതവും കർക്കശവുമായി. ‘ഷിയെ പഠിക്കുക, ശക്തമായ രാജ്യമാവുക’ എന്നൊരു സ്മാർട്ഫോൺ ആപ്പും പ്രവർത്തകർക്കായി പാർട്ടി അവതരിപ്പിച്ചിട്ടുണ്ട്. പൊതുസർവേകൾ, പുറത്തുനിന്നുള്ള കൺസൽറ്റന്റുമാരുടെ സേവനം എന്നിവയിലൂടെ, ചൈനീസ് യുവാക്കൾ എത്രത്തോളം പാർട്ടിയുമായി അടുപ്പം പുലർത്തുന്നുവെന്നും സർക്കാർ നിരീക്ഷിക്കുന്നു.

Chinese Woman
ചൈനീസ് വനിത

പുറമേക്ക് ഇങ്ങനെയൊക്കെയാണെങ്കിലും ജയിലിൽ അടയ്ക്കപ്പെട്ട അവസ്ഥയിലാണു ചൈനീസ് ജനതയെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെയും സർക്കാരിന്റെയും നിലനിൽപിനു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശങ്ങളെല്ലാം കവർന്നെടുത്തു. പ്രതിഷേധത്തിനോ വിമതസ്വരത്തിനോ രാജ്യത്തു സ്ഥാനമില്ല. പ്രതിഷേധിക്കണം എന്നു നിർബന്ധമാണെങ്കിൽ നേരത്തെ അപേക്ഷിക്കണം. അനുമതി കിട്ടിയാൽ 'പ്രൊട്ടസ്റ്റ് പാർക്കുകളിൽ’ ചെന്ന് കാര്യം അവതരിപ്പിക്കാം. എന്നാൽ അപേക്ഷ നൽകിയവരിൽ ഇവിടെ പ്രതിഷേധിച്ചവർ വിരളമാണ്. മിക്കവരെയും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്ത് നിയമക്കുരുക്കിൽ പെടുത്തിയിരിക്കുകയാണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശങ്ങൾ അനുസരിച്ചു മാത്രമാണു മാധ്യമങ്ങളുടെ പ്രവർത്തനം. വിരുദ്ധമായ എന്തെങ്കിലും വാർത്ത പ്രത്യക്ഷപ്പെട്ടാൽ തുറങ്കിലയ്ക്കപ്പെടാം. രാജ്യത്തിന്റെ ഇരുമ്പുമറ തകർത്ത് ‘രാജ്യവിരുദ്ധ’ വാർത്തകളൊന്നും പുറംലോകം കാണാറില്ല. ലോകത്തെ മുഴുവൻ ഒറ്റക്ലിക്കിലേക്കു ചുരുക്കിയ ഇന്റർനെറ്റിനോടു ചൈന മുഖം തിരിച്ചിരിക്കുകയാണ്. അറുപതിലധികം നിയന്ത്രണങ്ങളാണ് ഇന്റർനെറ്റ് ഉപയോഗത്തിനുള്ളത്. സ്വന്തം സെർച്ച് എൻജിനും സമൂഹമാധ്യമവുമെല്ലാം കൊണ്ടുവന്നാണ് ആഗോള ടെക് മാധ്യമ ഭീമന്മാരെ ചൈന പടിക്കുപുറത്തു നിർത്തിയത്.

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ഒന്നിലും വിശ്വസിക്കാതിരിക്കാനുമുള്ള ഭരണഘടനാ അവകാശം രാജ്യത്തുണ്ട്. പക്ഷേ ക്രിസ്ത്യൻ, ഇസ്‌ലാം, ടിബറ്റൻ ബുദ്ധമതം തുടങ്ങിയവയെ അടിച്ചമർത്തുന്ന സമീപനമാണ് അധികൃതരുടേത്. പാർട്ടി അംഗങ്ങൾ നാസ്തികരായിരിക്കണം എന്നതിലും വിട്ടുവീഴ്ചയില്ല. ഉയിഗുർ മുസ്‌ലിംകൾക്കു നേരെയുമുണ്ടായി വലിയതോതിൽ അതിക്രമങ്ങൾ. കമ്യൂണിസ്റ്റ് പാ‍ർട്ടിയല്ലാതെ മറ്റൊരു രാഷ്ട്രീയത്തിനും സർക്കാർ അനുമതി നൽകിയിട്ടില്ല.

കഠിനാധ്വാനം ചെയ്യുന്ന ഓരോത്തർക്കും സർക്കാർ സംതൃപ്തമായ ജീവിതം ഉറപ്പുനൽകുന്നു. അതിനു ചില നിബന്ധനകൾ പാലിക്കണമെന്നു മാത്രം. പൂർണമായും രാഷ്ട്രീയത്തിൽനിന്നു മാറിനിൽക്കണം, സർക്കാർവിരുദ്ധ പ്രക്ഷോഭകരെ കണ്ടില്ലെന്നു നടിക്കണം എന്നിവയാണു പ്രധാന നിബന്ധന. മാവോയ്ക്കു കീഴിൽ പതിറ്റാണ്ടുകളോളം സഹനജീവിതം നയിച്ച ചൈനക്കാർ, വരുമാനവും സാമൂഹിക സ്വാതന്ത്ര്യവും വർധിച്ചപ്പോൾ രാഷ്ട്രീയ സ്വാതന്ത്യം ആവശ്യപ്പെടുമെന്നാണു പാശ്ചാത്യ, രാഷ്ട്രീയ നിരീക്ഷകർ കരുതിയത്. എന്നാൽ ചൈനയിലെ സ്വേച്ഛാധിപത്യ നേതാക്കളുടെ വരവിനു യാതൊരു കോട്ടവും സംഭവിച്ചില്ല. ഒരായുഷ്കാലം മുഴുവൻ ഷി ചിൻപിങ് അവരുടെ നേതാവായാലും അംഗീകരിക്കാനുള്ള സഹിഷ്ണുത ചൈനീസ് ജനത നേടിക്കഴിഞ്ഞു.

English Summary: Inside China's Exclusive Training Ground For Communist Party Cadres

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com