ADVERTISEMENT

തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ എസ്എഫ്ഐ നേതാക്കൾ കുത്തിയതിനെ തുടർന്നുള്ള പ്രതിഷേധങ്ങൾ സെക്രട്ടേറിയറ്റിലേക്കും. സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ കെഎസ്‌യു വിദ്യാർഥികൾ മതിൽ‌ ചാടിക്കടന്ന് സെക്രട്ടേറിയറ്റ് വളപ്പൽ കടന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒാഫിസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിലേക്കുള്ള വാതിലിനു മുന്നിൽ പൊലീസ് ഇവരെ തടഞ്ഞു. ആൺകുട്ടികളെ പൊലീസ് നീക്കിയെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാൽ പെൺകുട്ടിയെ കസ്റ്റഡിയിൽ എടുക്കാനായില്ല. ഉള്ളിൽ കടക്കാതിരിക്കാനായി ഗ്രിൽസ് പൂട്ടിയതോടെ പെൺകുട്ടി പുറത്തു നിന്നു മുദ്രാവാക്യം മുഴക്കി. കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നു വനിതാ പൊലീസ് എത്തിയ ശേഷമാണ് പെൺകുട്ടിയെ നീക്കിയത്.

വനിത പൊലീസ് ഇല്ലാതിരുന്നതിനാൽ പ്രതിഷേധവുമായി എത്തിയ പെൺകുട്ടി മുഖ്യമന്ത്രിയുടെ ഓഫിസിനു മുന്നിലേക്ക് എത്തുകയായിരുന്നു. ഒപ്പമെത്തിയ മൂന്ന് ആൺകുട്ടികളെ പൊലീസ് തുടക്കത്തിൽതന്നെ തടഞ്ഞിരുന്നു. പെൺകുട്ടിയെ മഫ്തിയിലുള്ള വനിത പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അവർ നിലത്തുകിടന്ന് എതിർത്തു. കൂടുതൽ വനിതാ പൊലീസെത്തിയാണ് പെൺകുട്ടിയെ ഇവിടെനിന്നു മാറ്റിയത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ശിൽപയാണ് ശക്തമായ പ്രതിഷേധവുമായി ഇവിടെയെത്തിയത്.

വിഷയത്തില്‍ ഇന്നലെയും കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. കേരള സർവകലാശാല വിസിയെ ഉപരോധിച്ചതിനു പിന്നാലെ പ്രവർത്തകർ സർവകലാശാല കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പെൺകുട്ടികൾ അടക്കമുള്ളവരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലിനെ പുറത്താക്കുക, കുത്തുകേസ് പ്രതി ശിവര‍ഞ്ജിത്തിന്റെ വീട്ടിലും കോളജ് യൂണിറ്റ് മുറിയിലും സർവകലാശാല ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം. പ്രധാന ഗേറ്റിൽ കാത്തുനിന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് മറ്റൊരു ഗേറ്റിലൂടെ ഏഴു പ്രവർത്തകർ ആദ്യം സർവകലാശാലയ്ക്ക് ഉള്ളിലും പിന്നീടു കെട്ടിടത്തിനു മുകളിലും സ്ഥാനം പിടിച്ചത്. സെക്യൂരിറ്റി ജീവനക്കാർ കാണാതെ ബിരുദ വിഭാഗത്തിനു സമീപത്തുകൂടിയാണ് മുകളിൽ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com