ADVERTISEMENT

തിരുവനന്തപുരം∙ അമ്പൂരിയില്‍ രാഖിമോളെന്ന യുവതിയെ കാമുകനായ പട്ടാളക്കാരന്‍ അഖില്‍ കഴുത്തുഞെരിച്ചു കൊന്ന കേസില്‍ പൊലീസിനു തുണയായത് ഫോണിന്റെ ഐഎംഇഐ(ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡെന്റിറ്റി) നമ്പര്‍. 21ന് വൈകിട്ട് സ്വിച്ച് ഓഫ് ആയ രാഖിമോളുടെ മൊബൈലില്‍നിന്ന് 24 ന് വീട്ടിലേക്ക് സന്ദേശങ്ങൾ അയച്ചതായി അറിഞ്ഞ പൊലീസ് സന്ദേശം ഇഴകീറി പരിശോധിച്ചപ്പോള്‍ ഐഎംഇഐ നമ്പര്‍ രാഖിമോളുടെ ഫോണിന്റേതായിരുന്നില്ല. പുതിയ ഐഎംഇഐ നമ്പരുള്ള ഫോണ്‍ വാങ്ങിയ ആളെ കണ്ടെത്തിയ പൊലീസ് കൊലപാതകിയിലേക്ക് എത്തുകയായിരുന്നു.

പുതുഫോൺ വാങ്ങി സന്ദേശം; വിനയായത് അതിസാമർഥ്യം

രാഖിമോള്‍ ജീവിച്ചിരിക്കുന്നു എന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണ് അഖില്‍ പുതിയ ഫോണ്‍ വാങ്ങി രാഖിയുടെ സിം അതിലിട്ട് വീട്ടിലേക്ക് സന്ദേശമയച്ചത്. പക്ഷേ ഫോണിന്റെ രേഖകളെല്ലാം വ്യക്തമാക്കാന്‍ പൊലീസിനെ സഹായിക്കുന്ന ഐഎംഇഐ നമ്പരിനെക്കുറിച്ച് മനസിലാക്കുന്നതില്‍ അഖിലിനു പിഴവു പറ്റി. ലോകത്തെ ഓരോ വ്യക്തിയുടേയും വിരലടയാളം വ്യത്യസ്തമായിരിക്കും. അതുപോലെ ഐഎംഇഐ നമ്പരും ഓരോ ഫോണിലും വ്യത്യസ്തമായിരിക്കും. കുറ്റകൃത്യം ഒളിപ്പിക്കാന്‍ ഫോണ്‍ മാറിയാലും പുതിയ ഫോണിലെ ഐഎംഇഐ നമ്പര്‍ തെളിവായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്ന് സൈബര്‍ വിദഗ്ധന്‍ വിനോദ് ഭട്ടതിരി പറയുന്നു. അതിനു തെളിവാണ് വിവാദമായ പെരുമ്പാവൂരിലെ കൊലപാതക കേസ്.

അഖിൽ, ആദർശ്, രാഖി
അഖിൽ, ആദർശ്, രാഖി

എന്താണ് ഐഎംഇഐ നമ്പര്‍?

ഒരു ഫോണില്‍ രണ്ടു സിം സ്ലോട്ട് ഇണ്ടെങ്കില്‍ അതിനു രണ്ട് ഐഎംഇഐ നമ്പര്‍ ഉണ്ടാകും. *#06# എന്നു ടൈപ്പു ചെയ്ത് കോള്‍ ചെയ്താല്‍ ഫോണിലെ ഐഎംഇഐ നമ്പര്‍ ഓരോ വ്യക്തിക്കും മനസിലാക്കാം. ഐഎംഇഐ നമ്പര്‍ പൊലീസിനു കിട്ടിയാല്‍ ഏതു സിം സ്ലോട്ടിലാണ് സിം ഇട്ടിരിക്കുന്നതെന്നും, ഏതു ബ്രാന്‍ഡ് ഫോണാണ് ഉപയോഗിക്കുന്നതെന്നും മനസിലാക്കാന്‍ കഴിയും. 4-5 വര്‍ഷം മുന്‍പ് വരെ  ഐഎംഇഐ നമ്പരില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമായിരുന്നു. ഒരേ ഐഎംഇഐ നമ്പരില്‍തന്നെ നൂറുകണക്കിനു ചൈനീസ് ഫോണ്‍ ഇറങ്ങിയിരുന്നു. ഒരാള്‍ ഫോണ്‍ മാറ്റിയാലും അറിയാന്‍ കഴിയുമായിരുന്നില്ല. സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ അവരും നടപടികള്‍ കര്‍ശനമാക്കി. 

പെരുമ്പാവൂർ കൊലപാതകവും ഐഎംഇഐ നമ്പരും

പെരുമ്പാവൂരിലെ യുവതിയുടെ(പേര് വ്യക്തമാക്കുന്നില്ല) കൊലപാതകവും ഐഎംഇഐ നമ്പരുമായി എന്താണ് ബന്ധം? അതറിയാന്‍ രണ്ടു വര്‍ഷം പിന്നിലേക്ക് സഞ്ചരിക്കണം. കേരള പൊലീസിലെ സമര്‍ഥനായ ഒരു എഎസ്ഐ സൈബര്‍ തെളിവുകളുടെ ഇഴകീറി പരിശോധിച്ച് അസമില്‍നിന്ന് കൊലപാതകിയെ കണ്ടെത്തിയ ത്രസിപ്പിക്കുന്ന കഥ.

പെരുമ്പാവൂരിലെ യുവതി കൊല്ലപ്പെടുന്നത് 2016 ഏപ്രില്‍ 28ന് വൈകിട്ട് 4.42 മണിക്ക്. വീട്ടിലെത്തിയ അമ്മയാണ് പെണ്‍കുട്ടി രക്തത്തില്‍ കുളിച്ച് വീട്ടിനു പിന്നിലെ വാതിലിനു സമീപം കിടക്കുന്നത് കണ്ടത്. ചുരിദാര്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നുണ്ടായിരുന്നു. നഗ്നമായ മൃതദേഹത്തില്‍ ക്രൂരമായി പീഡനമേറ്റതിന്റെ തെളിവുകളുണ്ടായിരുന്നു. സ്ഥലത്തെത്തിയ സമര്‍ഥനായ എസ്ഐ പെണ്‍കുട്ടിയുടെ ചുരിദാര്‍ ശ്രദ്ധാപൂര്‍വം പാക്ക് ചെയ്ത് പരിശോധനയ്ക്ക് അയച്ചു. ഈ നടപടി അന്വേഷണത്തില്‍ പിന്നീട് നിര്‍ണായകമായി. വസ്ത്രത്തിലെ ഭൂരിഭാഗം സ്ഥലത്തും പെണ്‍കുട്ടിയുടെ ഡിഎന്‍എ ആയിരുന്നു. എന്നാല്‍ ഒരിടത്ത് മറ്റൊരു ഡിഎന്‍എ കണ്ടെത്തി. അത് ഈ കേസിലെ കൊലപാതകിയുടേതാകാമെന്നു പൊലീസ് ഉറപ്പിച്ചു.

സംഭവം ഉണ്ടായി ഏഴു ദിവസത്തിനുശേഷമാണ് ഈ ഡിഎന്‍എ ഫലം വരുന്നത്. ഡിഎന്‍എ ആരുടേതെന്നറിയാന്‍ പൊലീസ് അയല്‍വാസികളുടേയും നാട്ടുകാരുടേയും രക്തം പരിശോധിച്ചതു വിവാദമായി. അതോടെ ആ ശ്രമം ഉപേക്ഷിച്ചു. പിന്നെ പൊലീസിന്റെ കൈവശമുള്ളത് കൊലപാതകിയുടേതെന്നു സംശയിക്കുന്ന ഒരു ജോഡി ചെരുപ്പുകള്‍ മാത്രമായിരുന്നു. അതോടെ പൊലീസ് ഫോണ്‍ രേഖകള്‍ ശാസ്ത്രീയമായി പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു.

അന്വേഷണത്തിലെ ‘സൈബർ ട്വിസ്റ്റ്’

യുവതി കൊല്ലപ്പെട്ടത് 4.42ന്. ഉച്ചയ്ക്ക് 2.45 മുതല്‍ വൈകിട്ട് 6.45വരെ പരിസരത്തുള്ള ടവറുകളില്‍നിന്ന് വന്നതുംപോയതുമായ 10 ലക്ഷം ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. തെളിവു കിട്ടിയില്ല. ആ ഘട്ടത്തിലാണ് കേരള പൊലീസിലെ സൈബര്‍ വിദഗ്ധനായ എഎസ്ഐയെ പൊലീസ് സഹായത്തിനായി വിളിക്കുന്നത്. സൈബര്‍ തെളിവുകള്‍ ശേഖരിക്കാന്‍ കേരള പൊലീസിലെ ഏറ്റവും മിടുക്കനായ ഓഫിസറായിരുന്നു ഇദ്ദേഹം (പേരു വെളിപ്പെടുത്തുന്നില്ല).

കൊലപാതകം ഉണ്ടായ ദിവസം രാവിലെ ആറു മണി മുതല്‍ അന്ന് രാത്രി 12 വരെയുള്ള 20 ലക്ഷം കോളുകള്‍ പരിശോധിച്ചു. തെളിവില്ല. പിന്നെ കൊലനടന്നതിനു മുന്‍പും പിന്‍പുമായുള്ള 40 മണിക്കൂറുകളിലെ കോള്‍ വിവരങ്ങള്‍ പരിശോധിച്ചു. ഒരു തെളിവും കിട്ടിയില്ല. അപ്പോഴാണ് മറ്റൊരു ആശയം ലഭിച്ചത്. ഒരു സ്ഥലത്തെ ഫോണുകളുടെ സാന്നിധ്യം മാത്രം നോക്കിയാല്‍ പോരല്ലോ അസാന്നിധ്യവും പരിശോധിക്കണമല്ലോ.

ആ സ്ഥലത്ത് സജീവമായിരിക്കുകയും കൊലപാതകത്തിനുശേഷം ഓഫ് ആകുകയോ കാണാതാകുകയോ ചെയ്ത ഫോണുകളുടെ പരിശോധന നടത്തി. ഏറെ ദിവസത്തെ പരിശോധനയ്ക്കുശേഷം, കൊലപാതകത്തിനുശേഷം ഓഫ് ആയ ചില ഫോണുകളുടെ നമ്പരുകള്‍ കിട്ടി. അവ പരിശോധിച്ച് ഒരു നമ്പരിലേക്ക് അന്വേഷണമെത്തി. പെണ്‍കുട്ടി കൊല്ലപ്പെടുന്നതിനു 40 മണിക്കൂര്‍ മുന്‍പ് ഫോണ്‍ ഓണ്‍ ആയിരുന്നു. രാത്രി 1.30നാണ് ആ ഫോണില്‍നിന്ന് അവസാന കോള്‍ വിളിച്ചിരിക്കുന്നത്. പിന്നീട് ഓഫ് ആയ ഫോണ്‍ കൊലപാതകം കഴിഞ്ഞ് 8.30 ഓടെ പെരുമ്പാവൂര്‍ ടൗണില്‍ ഓണ്‍ ആയി. പക്ഷേ ഐഎംഇഐ നമ്പറിൽ മാറ്റം!.

അതോടെ സംശയിക്കുന്ന ആള്‍ പുതിയ ഫോണ്‍ വാങ്ങിയതായി നിഗമനം ഉണ്ടായി. സിമ്മിന്റെ മേല്‍വിലാസം അസമിലേതാണ്. ഒന്നുകില്‍ ഫോണ്‍ കേടായി പുതിയ ഫോണ്‍ വാങ്ങി, അല്ലെങ്കില്‍ മറ്റെന്തോ മറച്ചുവയ്ക്കാനാണ് പുതിയ ഫോണ്‍ വാങ്ങിയിരിക്കുന്നത് - പൊലീസ് ഉറപ്പിച്ചു. അയാളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പെരുമ്പാവൂരില്‍ ജോലിക്കായി വന്ന് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയാണെന്നു മനസിലായി.

കടം വാങ്ങിയ ഫോൺ, കുരുക്കു മുറുക്കി പൊലീസ് 

ജന്മസ്ഥലം ബംഗ്ലദേശ് അതിര്‍ത്തിക്കടുത്തുള്ള ദുംദുനിയ. അയാള്‍ വാങ്ങിയ പുതിയ ഫോണ്‍(രണ്ടാമത്തെ ഫോണ്‍) ആലുവ ടവര്‍ ലൊക്കേഷനില്‍ പുലർച്ചെ മൂന്നു മണിവരെ ഉണ്ടായിരുന്നു. പിന്നീട് ലൊക്കേഷന്‍ പാലക്കാടും, തമിഴ്നാടുമായി. അയാള്‍ നാടുവിട്ടുപോകുകയാണെന്നു പൊലീസിനു മനസിലായി. സംശയിക്കുന്നയാളിന്റെ പെരുമ്പാവൂരിലെ മേല്‍വിലാസം തൊഴിലാളികളുടെ സഹായത്തോടെ കണ്ടെത്തി ചെന്നപ്പോള്‍ അന്വേഷിക്കുന്നയാള്‍ അതാ മുന്നില്‍. 

അപ്പോള്‍ ട്രെയിനില്‍ കയറിപോയ ആള്‍ ആരാണ്? അസം സ്വദേശിയെ ചോദ്യം ചെയ്തു. രണ്ടു വര്‍ഷം മുന്‍പ് അമീര്‍ എന്ന യുവാവിനു ഫോണ്‍ വിറ്റതായി അയാള്‍ പറഞ്ഞു. സിമ്മിലെ തന്റെ മേല്‍വിലാസം മാറ്റിയിട്ടില്ല. അമീര്‍ സ്ഥിരമായി വിളിച്ചിരുന്ന ഏഴു പേരെ പൊലീസ് മൊബൈല്‍ രേഖകളില്‍നിന്ന് കണ്ടെത്തി.  നാലു പേരും അമീറിന്റെ കുടുംബത്തിലുള്ളവർ – അച്ഛന്‍, അമ്മ, ഭാര്യ, സഹോദരന്‍. ശേഷിക്കുന്ന മൂന്നു പേര്‍ പെരുമ്പാവൂര്‍ ടവര്‍ ലൊക്കേഷനിലുണ്ട്.

അമീറിന്റെ കൂടെ താമസിക്കുന്നവരായിരുന്നു അവര്‍. പെണ്‍കുട്ടി കൊല്ലപ്പെട്ട ദിവസം അമീര്‍ വൈകിട്ട് കൂട്ടുകാര്‍ താമസിക്കുന്ന മുറിയിലേക്ക് വന്നു. ഫോണ്‍ കേടായതായും നാട്ടിലേക്ക് അത്യാവശ്യമായി പോകേണ്ടതിനാല്‍ പകരം ഫോണ്‍ വേണമെന്നും ആവശ്യപ്പെട്ടു. കൂടെ താമസിക്കുന്നവരില്‍ ഒരാള്‍ അമീറിന്റെ ബന്ധുവാണ്. അയാള്‍ തന്റെ അമ്മയ്ക്ക് കൊടുക്കാനായി വാങ്ങിയ പുതിയ ഫോണ്‍ അമീറിനു നല്‍കി. നാട്ടില്‍ ചെല്ലുമ്പോള്‍ പുതിയ ഫോണ്‍ വാങ്ങുമെന്നും അപ്പോള്‍ അമ്മയെ ഫോണ്‍ ഏല്‍പ്പിക്കാമെന്നും അമീര്‍ ഉറപ്പു നല്‍കി.

ഫോണ്‍ വാങ്ങിയ കടയിലെത്തി പരിശോധിച്ചപ്പോള്‍ ഐഎംഇഐ നമ്പര്‍ ശരിയാണ്. തേടുന്നയാള്‍ അസമിലേക്ക് കടന്നിരിക്കുന്നു എന്നു മനസിലാക്കിയ പൊലീസ് അവിടേയ്ക്ക് തിരിച്ചു. പൊലീസ് അസമിലെത്തുമ്പോള്‍ കൊലപാതകം കഴിഞ്ഞ് 20 ദിവസം പിന്നിട്ടിരുന്നു. അപ്പോഴേക്കും അമീര്‍ അസാമിലെ തന്റെ വീട്ടില്‍നിന്ന് ബംഗാളിലെ ഭാര്യ വീട്ടിലേക്ക് പോയി. പൊലീസ് അവിടെയെത്തിയപ്പോള്‍ അയാള്‍ ചെന്നൈയിലേക്ക് പോയിരുന്നു. 

രക്ഷിച്ചില്ല മൂന്നാം ഫോണും; കുരുങ്ങിയത് ‘എസ്എംഎസ് ചൂണ്ടയിൽ’

അമീറിന്റെ സിമ്മിലേക്ക് പൊലീസിലെ സൈബർ വിദഗ്ധൻ സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്നു. ഒന്നും സ്വീകരിക്കപ്പെട്ടില്ല. കൊലപാതകമുണ്ടായ 46ാം ദിവസം ഒരു സന്ദേശം അമീറിന്റെ ഫോണ്‍ സ്വീകരിച്ചു. പക്ഷേ ഐഎംഇഐ നമ്പര്‍ വ്യത്യാസം. അമീര്‍ മൂന്നാമത്തെ ഫോണ്‍ ഉപയോഗിച്ചു തുടങ്ങിയതായി പൊലീസ് മനസിലാക്കി. പിന്നീട് ഫോണ്‍  ഓഫായി. ലൊക്കേഷന്‍ കാഞ്ചീപുരമാണെന്ന് മനസിലാക്കിയ പൊലീസ് അവിടം കേന്ദ്രീകരിച്ച് അന്വേഷിച്ചു, ഫോണ്‍ ഉടമയായ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി.

ഫോണ്‍ 2000 രൂപയ്ക്ക് ഒരു അസം സ്വദേശിക്കു വിറ്റതാണ്- അയാള്‍ പറഞ്ഞു. അയാളുടെ സുഹൃത്താണ് അസം സ്വദേശിയെ പരിചയപ്പെടുത്തിയത്. സുഹൃത്തിനെ ചോദ്യം ചെയ്തു. അസമില്‍നിന്നുള്ള തൊഴിലാളി ഒരു ഫാക്ടറിയില്‍ പുതുതായി ജോലിക്ക് കയറിയിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു. പൊലീസ് ഫാക്ടറിക്ക് മുന്നില്‍ കാത്തുനിന്നു. അതു അമീറാണെന്നു പൊലീസിനു ഉറപ്പായിരുന്നു. പൊലീസിനു പക്ഷേ അമീറിനെ അറിയില്ല. അമീറിനെ തിരിച്ചറിയാന്‍ പൊലീസ് അയാളുടെ കൂടെ ജോലി ചെയ്ത മൂന്നു പേരെ തമിഴ്നാട്ടിലെത്തിച്ചു.

ഫാക്ടറിയില്‍നിന്ന് ഇറങ്ങിയ അമീറിനെ കൂട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ മഫ്തിയിലുണ്ടായിരുന്ന പൊലീസ് അയാളെ വളഞ്ഞ് ജീപ്പിലേക്ക് തള്ളി. കേരളത്തിലെത്തിച്ച് ഡിഎന്‍എ പരിശോധിച്ചു. പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍നിന്ന് കിട്ടിയ അതേ ഡിഎന്‍എ. അതോടെ പെണ്‍കുട്ടിയുടെ കൊലപാതകിയായ അമീറിനെക്കുറിച്ച് കേരളമറിഞ്ഞു. അമീര്‍ ജയിലിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com