ADVERTISEMENT

ന്യൂഡൽഹി∙ അഴിമതിക്കാരെ സഹായിക്കുന്നതിനാണ് മോദി സർക്കാർ വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കുന്നതെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അഴിമതിക്കാർക്ക് ഇന്ത്യയിൽ മോഷണം നടത്തുന്നതിനു സഹായിക്കുന്നതാണു കേന്ദ്രസർക്കാർ നീക്കം. അഴിമതിക്കെതിരെ ശബ്ദമുയർ‌ത്തുന്നവരെപ്പോലും ഈ സമയത്തു കാണാനില്ലെന്നത് അസാധാരണമാണെന്നും രാഹുൽ ട്വിറ്ററിൽ പ്രതികരിച്ചു.

‘ഗവൺമെന്റ് മർഡേർസ് ആര്‍ടിഐ’ (സർക്കാർ വിവരാവകാശ നിയമത്തെ കൊല്ലുന്നു) എന്ന ഹാഷ്ടാഗോടെയാണു രാഹുലിന്റെ വിമർശനം. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാനാണു കേന്ദ്രസർക്കാർ ശ്രമമെന്നു കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും വിമർ‌ശനമുന്നയിച്ചിരുന്നു. വലിയ ചർച്ചകൾക്കുശേഷം പാര്‍ലമെന്റ് ഐകകണ്ഠ്യേന പാസാക്കിയ നിയമമാണു നാശത്തിന്റെ വക്കിൽനിൽക്കുന്നതെന്നും സോണിയാ ഗാന്ധി പ്രസ്താവനയിൽ അറിയിച്ചു.

പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള കടുത്ത പ്രതിഷേധം മറികടന്നാണു വിവരാവകാശ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്. കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണു ഭേദഗതി. ലോക്സഭ പാസാക്കിയ ബില്‍ ശബ്ദവോട്ടൊടെയാണു രാജ്യസഭയിൽ പാസാക്കിയത്. സിലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രമേയം വോട്ടിനിട്ട് തള്ളുകയും ചെയ്തു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റേതിനു തുല്യമായ അധികാരവും സേവനവേതന വ്യവസ്ഥയുമാണു കേന്ദ്ര വിവരാവകാശ കമ്മിഷണർ‌ക്കും ലഭിക്കുന്നത്. സുപ്രീംകോടതി ജഡ്ജിക്കു തുല്യമാണ് ഈ പദവി. സംസ്ഥാനങ്ങളിൽ ഇതു യഥാക്രമം അവിടത്തെ തിരഞ്ഞെടുപ്പു കമ്മിഷണർക്കും ചീഫ് സെക്രട്ടറിക്കും സമമായിരുന്നു. നിയമത്തിലൂടെ സ്ഥാപിതമായ വിവരാവകാശ കമ്മിഷന്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവകാശാധികാരങ്ങൾ വേണ്ടെന്നാണു കേന്ദ്ര നിലപാട്. 2005 ജൂൺ അഞ്ചിനാണ് ആർടിഐ ആക്ട് പാർലമെന്റ് പാസാക്കുന്നത്. 2005 ഒക്ടോബർ 13 മുതൽ നിയമം പ്രാബല്യത്തിലുണ്ട്.

English Summary: Government diluting RTI Act to help corrupt people steal: Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com