ADVERTISEMENT

ന്യൂഡൽഹി ∙ കാർഗിൽ യുദ്ധ വിജയം ഇപ്പോഴും രാജ്യത്തിനാകെ പ്രചോദനമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഗിലിലെ വിജയം ഇന്ത്യയുടെ ഐക്യത്തിന്റെയും കരുത്തിന്റെയും ക്ഷമയുടെയും വിജയമായിരുന്നു. 20 വർഷം മുൻപു രാജ്യത്തിനു വിജയം സമ്മാനിച്ച എല്ലാ ധീരസൈനികരെയും സല്യൂട്ട് ചെയ്യുന്നു. അവരെക്കുറിച്ചോർക്കുമ്പോൾ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഗിൽ വിജയ് ദിവസിന്റെ ഇരുപതാം വാർഷികത്തിന് ഒരു ദിവസത്തിനു ശേഷം ഡൽഹിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1999 ലെ യുദ്ധത്തിൽ രാജ്യത്തിനായി വീരമൃത്യുവരിച്ച എല്ലാ സൈനികർക്കും പ്രധാനമന്ത്രി ചടങ്ങിൽ ആദരാഞ്ജലി അർപ്പിച്ചു.

ഇന്ത്യയുടെ സുരക്ഷ ഒരിക്കലും തകർക്കാൻ‌ സാധിക്കാത്തതാണ്. എപ്പോഴും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. ഒരു രാജ്യം സുരക്ഷിതമാണെങ്കിൽ മാത്രമെ അവിടെ വികസനം സാധ്യമാകൂ. ദേശസുരക്ഷയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ ഒരിക്കലും സമ്മർദ്ദത്തിലാകില്ല. പ്രതിരോധ സേനയുടെ നവീകരണത്തിനാണു തന്റെ സർക്കാർ മുൻ‌ഗണന നൽകുന്നത്. വിവിധ സേനകൾ ഒന്നിച്ചു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഴിവിന്റെയും പ്രതീകമായിരുന്നു കാർഗിൽ വിജയം. യുദ്ധങ്ങൾ നടത്തുന്നത് സർക്കാരുകളല്ല, മുഴുവൻ രാജ്യവുമാണ്, കാർഗിൽ ഓരോ ഇന്ത്യക്കാരന്റെയും വിജയമായിരുന്നു– പ്രധാനമന്ത്രി പറഞ്ഞു.

യുദ്ധസമയത്ത് കാർഗിൽ സന്ദർശിക്കാനിടയായതും ചടങ്ങിൽ പ്രധാനമന്ത്രി അനുസ്മരിച്ചു. 20 വർഷം മുൻപു യുദ്ധം അതിന്റെ മൂര്‍ധന്യാവസ്ഥയിൽ ആയിരിക്കുമ്പോഴാണ് കാർഗിലിൽ എത്തിയത്. മരണത്തെ മുഖാമുഖം കണ്ടാണ് ഓരോ ജവാന്മാരും അവിടെയുണ്ടായിരുന്നത്. എങ്കിലും താഴ്‌വരകളിൽ ഏറ്റവും മുൻപിൽ നിന്നു പോരാടാനുള്ള നിശ്ചയദാർഢ്യം ത്രിവർണ പതാകയേന്തിയ എല്ലാ സൈനികരുടെയും മുഖത്തു കാണാമായിരുന്നെന്നു പ്രധാനമന്ത്രി പറഞ്ഞു. കാർഗിൽ യുദ്ധകാലത്തു സൈനികരെ സന്ദർശിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

ചില രാജ്യങ്ങൾ ഭീകരത പ്രചരിപ്പിക്കുന്നതിനായി നിഴൽ യുദ്ധങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ഇതു കൈകാര്യം ചെയ്യുന്നതിനുള്ള ആഗോള ശ്രമങ്ങൾക്കു സമയമായെന്നും പാക്കിസ്ഥാന്റെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു. നിരവധി സൈനിക ഉദ്യോഗസ്ഥരും വിമുക്തഭടന്മാരും സന്നിഹിതരായിരുന്ന ചടങ്ങിൽ സൈനിക ക്ഷേമത്തിനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായി നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. വൺ റാങ്ക് വൺ പെൻഷൻ നടപ്പാക്കാനുള്ള തീരുമാനം സർക്കാർ എടുത്തു. ഇത്തവണ സർക്കാർ രൂപീകരിച്ചതിനുശേഷം, വീരമൃത്യുവരിച്ച സൈനികരുടെ കുട്ടികളുടെ സ്കോളർഷിപ്പ് തുക ഉയർത്താനും തീരുമാനിച്ചു– പ്രധാനമന്ത്രി വ്യക്തമാക്കി.

English Summary: PM Modi pays tribute to the soldiers who were killed in Kargil War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com