ADVERTISEMENT

നോർത്ത് കാരലൈന ∙ ഒരാഴ്ചയ്ക്കുള്ളിൽ യുഎസിലെ നാലു ബാങ്കുകൾ കവർച്ച ചെയ്ത യുവതി ‘പിങ്ക് ലേഡി ബണ്ടിറ്റ്’ പിടിയിൽ. സിർസെ ബയസ് (35) എന്ന സ്ത്രീയും സഹായി എന്നു കരുതുന്ന അലക്സിസ് മൊറൈൽസ് (38) എന്നിവരാണ് അറസ്റ്റിലായതെന്ന് എഫ്ബിഐ അറിയിച്ചു. ജൂലൈ 20 മുതലാണു സിർസെ ബാങ്ക് കൊള്ളയടി തുടങ്ങിയത്.

ബാങ്കുകളുടെ കൗണ്ടറിൽ ഇരിക്കുന്ന ക്ലർക്കിനു തുകയെഴുതിയ കുറിപ്പ് നൽകിയാണ് ഇവർ ‘ഓപ്പറേഷൻ’ നടപ്പാക്കിയിരുന്നത്. കവർച്ചയ്ക്ക് എത്തുമ്പോൾ കൈവശം പിങ്ക് നിറത്തിലുള്ള ബാഗ് ഉണ്ടായിരുന്നതിനാലാണ് 'പിങ്ക് ലേഡി ബണ്ടിറ്റ്' (പിങ്ക് കൊള്ളക്കാരി) എന്നു പേരു വീണത്. പൊലീസും ഇങ്ങനെയാണു വിശേഷിപ്പിച്ചത്. യുവതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10,000 ഡോളറിന്റെ പാരിതോഷികം എഫ്ബിഐ പ്രഖ്യാപിച്ചിരുന്നു.

യുഎസിന്റെ കിഴക്കൻ തീരങ്ങളിലെ സംസ്ഥാനങ്ങളിലാണു യുവതി കവർച്ച നടത്തിയത്. കൊള്ളയടിക്കു ശേഷം ഒളിവിലായിരുന്ന ഇവരെ നോർത്ത് കാരലൈനയിൽ ഷാർലറ്റ് സ്പീഡ്‌വേ ഇൻ ആൻഡ് സ്യൂട്ട്സിൽനിന്നാണു പൊലീസ് പിടികൂടിയത്. ഡെലവെയർ, പെൻസിൽവേനിയ, നോർത്ത് കാരലൈന എന്നിവിടങ്ങളിലെ ബാങ്കുകളാണ് കവർച്ചയ്ക്കിരയാക്കിയത്.

അഞ്ചടി നാലിഞ്ച് ഉയരവും 59 കിലോ ഭാരവുമുള്ള പിങ്ക് ലേഡി ബണ്ടിറ്റിന് എതിരെ കൊള്ളയടിക്കും ആയുധം കൈവശം വച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഉൾപ്പെടെയാണു കേസെടുത്തിരിക്കുന്നത്. ജൂലൈ 20ന് പെൻസിൽവേനിയയിൽ ആയിരുന്നു ആദ്യ കൊള്ള. മൂന്നു ദിവസത്തിനുശേഷം ഡെലവെയറിലെ ബാങ്ക് ലക്ഷ്യമിട്ടു. വ്യാഴം, ശനി ദിവസങ്ങൾക്കിടയിൽ നോർത്ത് കാരലൈനയിലെ രണ്ടു ബാങ്കുകളും കൊള്ളയടിച്ചതായി എഫ്ബിഐ പറഞ്ഞു. 665 മൈൽ ദൂരമാണു കൊള്ളയടിക്കായി യുവതി സഞ്ചരിച്ചത്.

Pink-Lady-Bandit-Bank-Robbery
അറസ്റ്റിലായ പിങ്ക് ലേഡി ബണ്ടിറ്റും കൂട്ടുപ്രതിയും.

വിവിധ സംസ്ഥാനങ്ങളിലെ റിപ്പോർട്ടുകൾ കിട്ടുന്നതുപ്രകാരം പ്രതികൾക്കെതിരെ കൂടുതൽ കേസ് ചുമത്തിയേക്കും. തന്റെ അടയാളമായ പിങ്കിനു പകരം, പിടിക്കപ്പെടുമ്പോൾ ഓറഞ്ച് നിറമുള്ള ഒറ്റക്കുപ്പായമാണു ധരിച്ചിരുന്നതെന്നു ദ് പിറ്റ് കൗണ്ടി ഭരണകൂടം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. അടയാളമുദ്രയായി പിങ്ക് ബാഗ് ഉണ്ടായിരുന്നെങ്കിലും ഇവരുടെ വേഷവിധാനം ശ്രദ്ധേയം. രണ്ടു ബാങ്കുകളിൽ യോഗ പാന്റും ടോപ്പും നേവി ബേസ്ബോൾ തൊപ്പിയുമാണു ധരിച്ചത്. വരകളുള്ള ഷർട്ടായിരുന്നു മറ്റൊരു ബാങ്കിൽ എത്തിയപ്പോൾ. അവസാനത്തെ കൊള്ളയടിക്കു വട്ടങ്ങളുള്ള ഉടുപ്പും തൊപ്പിയുമായിരുന്നു. നാലിടത്തും സൺഗ്ലാസ് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

English Summary: "Pink Lady Bandit", Who Robbed Multiple Banks Along East Coast in US, Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com