ADVERTISEMENT

മുംബൈ∙ ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്ക് രക്തസാംപിൾ നൽകി. ബെക്കുളയിലെ ജെ.ജെ ആശുപത്രിയിലെത്തിയാണ് ബിനോയ് രക്തസാംപിൾ നൽകിയത്. സാംപിൾ ഡിഎൻഎ പരിശോധനയ്ക്കായി കലാനയിലെ ഫോറൻസിക് ലാബിന് കൈമാറും. ഫലം മുദ്രവച്ച കവറിൽ മുംബൈ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

ബിനോയി കോടിയേരിയുടെ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാംപിളെടുക്കുന്നത് മുൻ നിശ്ചയിച്ച ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് പൊലീസ് മാറ്റിയിരുന്നു. രക്തസാംപിൾ ശേഖരിക്കുന്നതിനായി ബൈക്കുളയിലെ ജെ.ജെ ആശുപത്രിയിൽ എത്താനാണ് മുംബൈ ഓഷിവാര പൊലീസ് നിർദേശിച്ചത്. നേരത്തെ ജുഹുവിലെ ആർഎൻ കൂപ്പർ ജനറൽ ആശുപത്രിയിലെത്താനായിരുന്നു ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടത്. അവസാന നിമിഷം എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു മാറ്റം വരുത്തിയതെന്നതിന് പൊലീസ് വിശദീകരണം നൽകിയിട്ടില്ല. മാധ്യമങ്ങളുടെ ശ്രദ്ധയില്‍നിന്ന് ഒഴിവാക്കാനാണ് ആശുപത്രിമാറ്റമെന്ന് സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. 

ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡന പരാതിയിൽ ഡിഎൻഎ പരിശോധന നടത്തണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്നലെയാണ് നിർദേശിച്ചത്. പരിശോധനാഫലം മുദ്രവച്ച കവറിൽ ഹൈക്കോടതി റജിസ്ട്രാര്‍ക്കു കൈമാറണമെന്നും നിർദേശമുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും ഡിഎന്‍എ പരിശോധനയ്ക്കു തയാറെന്ന് ബിനോയ് കോടിയേരി കോടതിയെ അറിയിച്ചിരുന്നു.  പരാതി ഉന്നയിച്ച യുവതി കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ നിർദേശം. മുൻകൂർ ജാമ്യവ്യവസ്ഥ പ്രകാരം ബിനോയ് എല്ലാ തിങ്കളാഴ്ചയും ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധനയ്ക്കു രക്തസാംപിൾ  കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു.

ആദ്യം ഹാജരായ ദിവസം തന്നെ പൊലീസ് ബിനോയിയോടു സാംപിൾ ആവശ്യപ്പെട്ടു. എന്നാൽ ഇതിനായി കൂടുതൽ സമയം ചോദിച്ചു. നൽകാമെന്നു പറഞ്ഞ ദിവസം രക്ത സാംപിളിനു പകരം ബിനോയ് നൽകിയത് ആരോഗ്യനില മോശമെന്ന മെഡിക്കൽ സര്‍ട്ടിഫിക്കറ്റ്. മൂന്നാമത്തെ പ്രാവശ്യം അന്വേഷണ  ഉദ്യോഗസ്ഥൻ ഇല്ലാത്തതിനാൽ രക്തസാംപിൾ എടുത്തില്ല. ഇതേ തുടർന്നാണ് രക്തസാംപിൾ നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com