ADVERTISEMENT

പാലക്കാട് ∙ ഇന്ന് മനുഷ്യക്കടത്ത് വിരുദ്ധ ദിനം. കേരളത്തില്‍നിന്നു മനുഷ്യക്കടത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് ആൺകുട്ടികളെന്ന് യുഎൻ മനുഷ്യക്കടത്ത് വിരുദ്ധ സെല്ലിന്റെ കണ്ടെത്തൽ. "എസ്കേ‍ാർട്ട് സർവീസ് "എന്ന കേ‍ാഡിലാണ് മനുഷ്യക്കടത്ത് മാഫിയ കുട്ടികളെ കടത്തുന്നത്. ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഗുജറാത്ത് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് എസ്കേ‍ാർട്ട് സർവീസ് എന്ന പേരുള്ള സംവിധാനം പ്രവർത്തിക്കുന്നതെന്നും സെൽ വ്യക്തമാക്കുന്നു.

18 വയസിനു താഴെയുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള പെൺകുട്ടികളെ സ്റ്റഡി ടൂറിന്റെ പേരിലാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ എത്തിക്കുന്നത്.  ഇവരെ റിസേ‍ാർട്ടുകളിൽ താമസിപ്പിച്ച് മെ‍ാബൈൽ ഫേ‍ാണുകളും നൽകും. ഫേ‍ാൺ സമ്മാനമായി തന്ന വ്യക്തി വരുമെന്നും അദ്ദേഹവുമായി പിണങ്ങരുതെന്നും എസ്കേ‍ാർട്ട്  സംഘാടകർ നിർദ്ദേശിക്കും. മുറിയിലെത്തുന്ന വ്യക്തികൾ കുട്ടികളെ ഉപയേ‍ാഗിച്ച ശേഷം ഫോണിൽ ദൃശ്യങ്ങൾ പകർത്തി അതു സംഘാടകർക്ക് നൽകും.

കുട്ടികൾക്കു നൽകിയ ഫേ‍ാൺ നമ്പർ ഇതിനകം വിവിധ ഏജൻസികൾക്കു കൈമാറിയിട്ടുണ്ടാകും. നാട്ടിൽ മടങ്ങിയെത്തുന്ന വിദ്യാർഥികളെ ദൃശ്യങ്ങളുടെ പേരിൽ ബ്ലാക്മെയിൽ ചെയ്ത് വീണ്ടും വിവിധ സ്ഥലങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നതെന്ന്  യുഎൻ മനുഷ്യക്കടത്ത് വിരുദ്ധസെൽ ദക്ഷിണേന്ത്യൻ മേധാവിയും മുൻ ‍ഡിജിപിയുമായ ഡേ‍ാ. പി.എം. നായർ പറഞ്ഞു. 

സ്റ്റഡിടൂർ എന്നപേരിൽ കുട്ടികളെ കടത്തുന്നതിനാൽ അവരുടെ സമ്മതപത്രവും മാഫിയയുടെ പക്കലുണ്ടാകും. പെൺകുട്ടികളെ ആവശ്യമുള്ളവർക്ക്  കംഫേർട്ട് ഗാരണ്ടി എന്ന് വാഗ്ദാനം ചെയ്താണ് പരിചയപ്പെടുത്തുന്നത്. ഇത്തരത്തിൽ ആന്ധ്രയിൽ നിന്നുള്ള കുട്ടികളെ കേരളത്തിലെ ചില റിസേ‍ാർട്ടുകളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് സെല്ലിന്റെ ‍‍വെളിപ്പെടുത്തൽ. മനുഷ്യക്കടത്തിൽ കേരളം സുരക്ഷിതമല്ലെന്നാണ്  കണക്കുകൾ സൂചിപ്പിക്കുന്നത്.

2016,17 വർഷങ്ങളിലുണ്ടായ കേസുകളിൽ 40% കേരളവുമായി ബന്ധപ്പെട്ടവയാണ്. മനുഷ്യക്കടത്ത് വിഭാഗത്തിലെത്തുന്ന ആൺകുട്ടികളിൽ കൂടുതൽ ബംഗാളിൽ നിന്നാണ്. രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യേ‍ാഗസ്ഥരിൽ ചിലരും മാഫിയയുമായി ബന്ധമുള്ളതിനാൽ ഇതര സംസ്ഥാനങ്ങളിൽ മനുഷ്യക്കടത്തിനെതിരെ നടപടിയുണ്ടാകാറില്ല. പലപ്പേ‍ാഴും പേരിനുപേ‍ാലും അന്വേഷണം നടത്താത്ത സംഭവങ്ങളാണ് ഭൂരിഭാഗവും. 

കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും പെൺകുട്ടികൾ നേരിടുന്ന നിരന്തര അവഗണനാണ് മനുഷ്യക്കടത്തുകാർക്ക് സഹായമായി മാറുന്നതെന്നാണ് റിപ്പോർട്ടുകൾ. സ്റ്റഡിടൂറിന്റെ പേരിൽ മാഫിയയിൽ കുടുങ്ങിയ കുട്ടികളിൽ മിക്കവർക്കും പിന്നീട് സാധാരണ ജീവിതം സാധ്യമാകാതെ വരുന്നു. കേരളത്തിൽ നിന്ന് 2016 വരെ കാണാതായ കുട്ടികളിൽ 1806 പേരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇവരിൽ 18 വയസിനുതാഴെയുളള 1188 ആൺകുട്ടികളും 618 പെൺകുട്ടികളുമാണെന്ന് കേന്ദ്രസർക്കാർ റിപ്പേ‍ാർട്ടിൽ പറയുന്നു. മനുഷ്യക്കടത്ത് പ്രശ്നം കേരളം ഇനിയും ഗൗരവമായി എടുത്തിട്ടില്ലെന്ന് മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com