ADVERTISEMENT

കൊച്ചി∙ അമിതഭാരം കയറ്റുന്ന  ലോറികൾക്കെതിരെ നടപടിയെടുക്കുന്ന മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ ഭീഷണി വ്യാപകമാകുന്നു. ഫോണിലൂടെയും നേരിട്ടും ഫെയ്സ്ബുക്കിലൂടെയും ഭീഷണി തുടരുകയാണെന്ന് ഉദ്യോഗസ്ഥർ. സഹികെട്ടു പരാതി നൽകിയാൽ, വകുപ്പിന്റെ സഹായം ലഭിക്കാറില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. 

അമിതഭാരം കണ്ടെത്തി, പിഴ ചുമത്തിയതിനു കഴിഞ്ഞദിവസം ചാലക്കുടിയിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ ഫോണിൽ ഭീഷണിപ്പെടുത്തി. എംവിഐ പൊലീസിൽ പരാതിപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച വൈക്കത്ത് അമിതഭാരം പിടികൂടിയ എഎംവിഐക്കെതിരെ ഫെയ്സ്ബുക്കിലായിരുന്നു ഭീഷണി.  ഉദ്യോഗസ്ഥനെ അപായപ്പെടുത്തണമെന്ന തരത്തിലുള്ള ഭീഷണികൾ പോലും ഇതിലുണ്ട്. ഭാരം തൂക്കി നോക്കാൻ പോകുന്നതിനിടെ, ടിക്ടോക് വിഡിയോ എടുത്തു പ്രചരിപ്പിക്കുകയും ചെയ്തു.

ഒരു വിഭാഗം ടിപ്പർ, ടോറസ് ലോറികളുടെ ഉടമകളാണു സ്ഥിരമായി ഭീഷണിപ്പെടുത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഉദ്യോഗസ്ഥർക്കെതിരെ വ്യാജപരാതികൾ നൽകി, ഗതാഗതവകുപ്പിൽ സ്വാധീനം ചെലുത്തി സസ്പെൻ‍ഡ് ചെയ്യുകയോ സ്ഥലം മാറ്റുകയോ ചെയ്ത സംഭവങ്ങളും പലതവണ ഉണ്ടായിട്ടുണ്ട്.

മാസങ്ങൾക്കു മുൻപു ഒരു ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറെ സസ്പെൻഡ് ചെയ്തതിനു പിറകിൽ ഈ വിഭാഗത്തിന്റെ ഇടപെടലായിരുന്നു. തൃപ്പൂണിത്തുറയിലെ ഒരു എഎംവിഐയെ വയനാട്ടിലേക്കു സ്ഥലം മാറ്റി. പെരുമ്പാവൂർ ജോ. ആർടിഒയെ സസ്പെൻഡ് ചെയ്യിച്ചതും വ്യാജപരാതിയുടെ അടിസ്ഥാനത്തിലാണ്. ഇദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം 2 വർഷം വൈകാൻ ഇതിടയാക്കി. 

വിജിലൻസിനു വ്യാജ പരാതി നൽകിയും വിവരാവകാശം ദുരുപയോഗിച്ചു െചക്ക് റിപ്പോർട്ടുകളുടെയും ഉദ്യോഗസ്ഥരുടെ യോഗ്യതകളുടെയും വിശദാംശങ്ങൾ ചോദിച്ചും ഇവർ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കാറുണ്ട്. പെർമിറ്റിൽ കാണിച്ചതിനേക്കാൾ 15 മുതൽ 22 വരെ ടൺ അധികമാണു ചില ലോറികളിൽ കയറ്റുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിലധികവും കരിങ്കൽ കഷണങ്ങൾ കടത്തുന്ന ലോറികളാണ്. ഒരു ടൺ വരെ അധികഭാരത്തിന് 2000 രൂപയും തുടർന്നു വരുന്ന ഓരോ ടണ്ണിനും 1000 രൂപ വീതവുമാണു പിഴ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com