ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭയില്‍ ‘അധികസമയം ജോലി െചയ്തതിന്’ സെക്രട്ടറി മുതല്‍ സുരക്ഷാ ജീവനക്കാര്‍ വരെയുള്ളവര്‍ക്ക് സര്‍ക്കാര്‍ അലവന്‍സായി നല്‍കിയത് 1.18 കോടിരൂപ. പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന്റെ തയാറെടുപ്പുകള്‍ക്കായി മേയ് 9 മുതല്‍ ജൂലൈ 4 വരെയുള്ള കാലയളവില്‍ അധികജോലി ചെയ്തതിനാണ് ഈ തുക അനുവദിച്ചത്.

ഒരു ഓവര്‍ ടൈം ഡ്യൂട്ടിക്ക് 350 രൂപയാണ് ഭൂരിഭാഗം ജീവനക്കാര്‍ക്കും നല്‍കുന്നത്. ക്ലീനിങ് വിഭാഗത്തിലുള്ളവര്‍ക്ക് 315 ഉം, പാര്‍ടൈം ക്ലീനര്‍മാര്‍ക്ക് 255 രൂപയും നല്‍കുന്നുണ്ട്. സമ്മേളന കാലയളവില്‍ 104 ഓവര്‍ ടൈം ഡ്യൂട്ടി ചെയ്ത് 36,000 രൂപവരെ വാങ്ങിയ ഉദ്യോഗസ്ഥര്‍ വരെ കൂട്ടത്തിലുണ്ട്. അതേസമയം നിയമസഭയിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ സെക്രട്ടറി ഓവര്‍ടൈം ഇനത്തില്‍ വാങ്ങിയത് 4,200 രൂപയും.

നിയമസഭയിലെ ഉദ്യോഗസ്ഥര്‍ക്ക് ഒരു ദിവസം പരമാവധി 3 ഓവര്‍ടൈം ഡ്യൂട്ടികളാണ് അനുവദിച്ചിരിക്കുന്നത്. സെക്ഷനിലെ മേലധികാരിയാണ് ഓവര്‍ടൈം റജിസ്റ്റര്‍ സെക്രട്ടറിയുടെ ഓഫിസിലേക്ക് അയയ്ക്കുന്നത്. ആദ്യത്തെ ഓവര്‍ടൈം ഷിഫ്റ്റ് പരിശോധിക്കുമെങ്കിലും രണ്ടാമത്തേതും മൂന്നാമത്തേതും പരിശോധിക്കാന്‍ കൃത്യമായ സംവിധാനമില്ല. ഓവര്‍ടൈം ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോള്‍ ജീവനക്കാര്‍ ഒപ്പിടുന്ന പതിവുമില്ല. ഇതു ചിലര്‍ മുതലെടുക്കുന്നതാണ് സര്‍ക്കാരിന് അധിക ചെലവാകുന്നതെന്നു ജീവനക്കാര്‍ക്കിടയില്‍ തന്നെ ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം മെയ് 27നാണ് ആരംഭിച്ചത്. ജൂലൈ 5ന് സമ്മേളനം അവസാനിച്ചു. സഭയുടെ വൈബ്സൈറ്റിലുള്ള കലണ്ടര്‍ അനുസരിച്ച് 22 ദിവസമാണ് സഭ സമ്മേളിച്ചത്. നിയമസഭയിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും ഓവര്‍ടൈം അലവന്‍സ് ഇക്കാലയളവില്‍ ലഭിച്ചിട്ടുണ്ട്. നൂറിനു മുകളില്‍ ഓവര്‍ടൈം ഡ്യൂട്ടി എഴുതിയെടുത്ത നിരവധി ജീവനക്കാരുണ്ട്.

സമ്മേളന സമയത്ത് ഡ്യൂട്ടിക്ക് വരാന്‍ കഴിയാത്ത നിയമസഭാ ജീവനക്കാര്‍ മുന്‍കൂട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് അനുമതി വാങ്ങണമെന്നാണ് ചട്ടം. രാവിലെ 9 മണിക്കാണ് സഭ ചേരുന്നത്. നടപടിക്രമങ്ങള്‍ അവസാനിക്കുന്നതിന് അനുസരിച്ചാണ് സഭ പിരിയുന്ന സമയം തീരുമാനിക്കുന്നത്. നിശ്ചയിച്ച ഡ്യൂട്ടി സമയത്തിന് മുന്‍പും ശേഷവുമായി രണ്ടര മണിക്കൂര്‍ അധികം ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഓവര്‍ടൈമിന് അര്‍ഹതയുണ്ട്. ഓവര്‍ടൈം ചെയ്യുന്നവരുടെ പട്ടിക ഉച്ചയ്ക്ക് മുന്‍പായി ബന്ധപ്പെട്ട സെക്ഷനില്‍നിന്ന് സെക്രട്ടറിയുടെ ഓഫിസിലേക്ക് അയയ്ക്കണം. സെക്ഷനിലെ മേധാവിക്കാണ് പട്ടിക പരിശോധിച്ച് കൃത്യത ഉറപ്പാക്കേണ്ട ഉത്തരവാദിത്തം.

ഓവര്‍ടൈം ഡ്യൂട്ടിക്ക് സെക്ഷന്‍ മേധാവിയുടെ റിപ്പോര്‍ട്ടാണ് അടിസ്ഥാനമാക്കുന്നത്. മറ്റു തെളിവുകള്‍ പരിശോധിക്കാത്തതിനാല്‍ കൃത്രിമം നടക്കുന്നതായി ആക്ഷേപമുണ്ട്. രണ്ടാം ഘട്ടത്തിലെ ഓവര്‍ടൈം മുതല്‍ കാര്യമായ പരിശോധന ഉണ്ടാകാറില്ല. ഓവര്‍ടൈം തുടങ്ങുമ്പോള്‍ തന്നെ ഒപ്പിട്ട് ജീവനക്കാര്‍ പോകുന്നതായും റജിസ്റ്ററില്‍ കൃത്രിമം നടത്തുന്നതായും ആരോപണമുണ്ട്. നിയമസഭയ്ക്ക് പുറമേ സെക്രട്ടേറിയറ്റിലെ നിയമവകുപ്പിലെ ചില പ്രത്യേക വിഭാഗങ്ങളിലും സര്‍ക്കാര്‍ പ്രസുകളിലും ഓവര്‍ടൈം അലവന്‍സ് നല്‍കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com