ADVERTISEMENT

ലക്ഷക്കണക്കിനു ബാരൽ എണ്ണ നിറച്ച, ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു കപ്പൽ. നങ്കൂരമിട്ടിരിക്കുന്നതാകട്ടെ ആഭ്യന്തരകലാപം ശക്തമായിരിക്കുന്ന യെമന്റെ തീരത്തും. ഒഴുകി നീങ്ങുന്ന ടൈം ബോംബ് എന്നാണ് റാസ് ഇസ തുറമുഖത്തോടു ചേർന്നുള്ള ഈ കപ്പലിനെ ഐക്യരാഷ്ട്ര സംഘടന (യുഎൻ) വിശേഷിപ്പിച്ചിരിക്കുന്നത്. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ബോംബ്. സ്ഫോടനമുണ്ടായാൽ അതു ലോക സമ്പദ്‌വ്യവസ്ഥയെ എത്രമാത്രം മാരകമായിട്ടായിരിക്കും ബാധിക്കുകയെന്നതിൽ ഇപ്പോഴും വിദഗ്ധർക്ക് വ്യക്തതയില്ല. കപ്പലിനകത്തെ കൂടുതൽ വിവരങ്ങള്‍ ലഭ്യമാകാത്തതാണു പ്രശ്നം. 

എന്നാൽ ലോകം ഇന്നേവരെ കണ്ടതിൽവച്ച് ഏറ്റവും ഭീകരമായ പാരിസ്ഥിതിക ദുരന്തമായിരിക്കും കപ്പൽപൊട്ടിത്തെറിയിലൂടെ സൃഷ്ടിക്കപ്പെടുക എന്നതിൽ ആർക്കും സംശയമേയില്ല. ഇപ്പോൾത്തന്നെ അൽപാൽപമായി എണ്ണ കടലിലേക്ക് ഒലിച്ചിറങ്ങുകയാണെന്ന് യെമൻ യുഎന്നിനെ അറിയിച്ചിട്ടുണ്ട്. കടലിൽ പടരുന്ന എണ്ണയ്ക്കു തീപിടിച്ചാൽ രാജ്യാന്തര കപ്പൽ ഗതാഗതത്തെ വരെ ഗുരുതരമായി ബാധിക്കും. കപ്പൽ പരിശോധിക്കാനുള്ള അനുമതി യെമനിലെ ഹൂതി വിമതർ യുഎന്നിന്റെ സാങ്കേതിക വിദഗ്ധ സംഘത്തിനു പലവട്ടം നിഷേധിക്കുക കൂടി ചെയ്തതോടെ പ്രശ്നം കൂടുതൽ രൂക്ഷമാവുകയാണ്. ദുരന്തത്തെ തുറുപ്പുചീട്ടാക്കി വിലപേശലിനു കൂടിയാണ് ഹൂതികളുടെ ശ്രമം. 

ras-isa-port-attack-2016
2016ൽ റാസ് ഇസ തുറമുഖത്തിനു നേരെയുണ്ടായ ആക്രമണം (ഫയൽ ചിത്രം)

എണ്ണവിലയിൽ നോട്ടമിട്ട് ഹൂതികൾ

വടക്കുപടിഞ്ഞാറൻ യെമനിലെ സുപ്രധാന തുറമുഖമായ റാസ് ഇസയിൽ നിന്ന് 70 കിമീ മാറിയാണ് കപ്പലുള്ളത്. 2015 മുതൽ ഇവിടെയാണ് കപ്പലിന്റെ സ്ഥാനം. യെമൻ ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പൽ ഗതാഗതത്തിന് ഉപയോഗിക്കാറില്ല. പകരം തുറമുഖത്തുനിന്ന് അൽപം മാറി നങ്കൂരമിട്ടു കിടക്കും. യെമനിലെ മരിബ് എണ്ണപ്പാടത്തിൽ നിന്നുള്ള എണ്ണ പൈപ് ലൈൻ വഴി കടലിലെ എക്സ്പോർട്ട് ടെർമിനലിലേക്ക് എത്തിക്കുന്നതാണ് രീതി. ടെർമിനലില്‍ നിന്ന് എണ്ണ ബാരലുകൾ ഓയിൽകമ്പനിയുടെ കപ്പലിലേക്കു മാറ്റും. അതിൽ നിന്നാണു മറ്റു രാജ്യങ്ങളിലെ കപ്പലുകളിലേക്ക് കയറ്റുമതിക്കായി കൈമാറുക.

പല വലുപ്പത്തിലുള്ള ഏകദേശം 34 ക്രൂഡ് ഓയിൽ ടാങ്കറുകളാണ്‌ നിലവിൽ കപ്പലിലുള്ളതെന്നാണു കരുതുന്നത്. ഇവയിലെല്ലാമായി ഏകദേശം 30 ലക്ഷം ബാരൽ എണ്ണ ഉൾക്കൊള്ളിക്കാനാകും. എന്നാൽ ഇത്രയും എണ്ണ ഇപ്പോഴില്ലെന്നാണു കരുതുന്നത്. അപ്പോഴും ആശങ്കയ്ക്കു വക നൽകി 14 ലക്ഷത്തോളം ബാരൽ എണ്ണ കപ്പലിലെ പടുകൂറ്റൻ ടാങ്കറിലുണ്ട്.  റാസ് ഇസ തുറമുഖം ഹൂതികൾ പിടിച്ചെടുത്തതോടെ 2015 മാർച്ച് മുതൽ കപ്പലിൽ നിന്നുള്ള എണ്ണകൈമാറ്റം പൂർണമായും നിലച്ചു. ആവശ്യത്തിനു ഡീസൽ ലഭിക്കാത്തതിനാൽ ഇതേവരെ കപ്പലിന്റെ എൻജിനും ചലിപ്പിക്കാനായിട്ടില്ല. യുദ്ധങ്ങളും കലാപങ്ങളും കാരണം പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങളെപ്പറ്റി പഠിക്കുന്ന കോൺഫ്ലിക്ട് ആൻഡ് എൻവയോണ്‍മെന്റൽ ഒബ്സർവേറ്ററി കൂട്ടായ്മ പ്രതിനിധി ഡഗ് വെയറാണ് കഴിഞ്ഞ വർഷം ഈ പ്രശ്നം യുഎന്നിനു മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത്. പിന്നാലെ യുഎൻ സുരക്ഷാകൗണ്‍സിൽ വിഷയം ചർച്ചയ്ക്കെടുത്തു.

ras-isa-marib-map

എന്നാൽ കപ്പലിലെ ഏകദേശം 544 കോടി രൂപ വരുന്ന എണ്ണയാണ് പ്രധാന ‘തടസ്സം’. ഹൂതികൾക്ക് എണ്ണ കയറ്റുമതിക്കുള്ള അനുമതിയില്ല. കപ്പലിലെ എണ്ണ വിറ്റു കിട്ടുന്നതില്‍നിന്ന് ഒരു വലിയ വിഹിതം തങ്ങൾക്കു നൽകണമെന്നാണ് അവരുടെ ആവശ്യം. ആയുധ സംഭരണത്തിനും മറ്റുമായി ആ പണം ഉപയോഗപ്പെടുത്തുമെന്നതിനാൽ യുഎന്നിന് അത്തരമൊരു ഉറപ്പ് നൽകാനുമാകില്ല. ഇക്കാര്യത്തിൽ തീരുമാനം വൈകിയാൽ കപ്പൽ കെട്ടിവലിച്ചു കൂടുതൽ ദൂരത്തിലേക്കു കൊണ്ടുപോകുമെന്നും ഹൂതികളുടെ ഭീഷണിയുണ്ട്.

ഭീഷണി വ്യക്തമാക്കി വിഡിയോയും

യെമനിലെ സൗദി പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന സർക്കാരും ഹൂതികളും തമ്മിലൊപ്പിട്ട കരാറിന്റെ ലംഘനം കൂടിയാണ് ഈ കപ്പലിന്മേൽ നടക്കുന്നതെന്നും യുഎൻ ആരോപിക്കുന്നു. കഴിഞ്ഞ വർഷം സ്റ്റോക്കോമിൽ ഇരുവിഭാഗവും ഒപ്പിട്ട കരാർ പ്രകാരം ചെങ്കടൽ തീരത്തെ പല തുറമുഖങ്ങളും തീരസംരക്ഷണ സേനയ്ക്ക് വിട്ടുനൽകുമെന്ന് ഹൂതികൾ സമ്മതമറിയിച്ചിരുന്നു. അതിൽ ഉൾപ്പെട്ട തുറമുഖത്തിനു സമീപമാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. യെമനിൽ കയറ്റുമതി–ഇറക്കുമതിക്കായി പ്രധാനമായും ആശ്രയിക്കുന്ന ഹൊബെയ്ദ തുറമുഖത്തു നിന്നും അധികം അകലെയല്ലാതെയാണു കപ്പൽ. യെമനിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് അവശ്യവസ്തുക്കളും സഹായങ്ങളും എത്തിക്കുന്നത് ഈ തുറമുഖം വഴിയാണെന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു. 

എത്രമാത്രം അപകടകരമാണ് കപ്പലിന്റെ സ്ഥാനം എന്നതു സംബന്ധിച്ച് കഴിഞ്ഞയാഴ്ച യെമൻ സർക്കാർ ട്വിറ്ററിൽ ആനിമേഷൻ വിഡിയോ പുറത്തുവിട്ടിരുന്നു. ‘കപ്പൽ സംബന്ധിച്ചു കരാർ വരെ തയാറാക്കിയതാണ്. എന്നാൽ അതിന്മേൽ ഇപ്പോഴും തർക്കം തുടരുകയാണ്. യുഎൻ സംഘത്തിന് കപ്പൽ പരിശോധിക്കാനായില്ലെങ്കിൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്നത് ഉറപ്പാണ്. 30 വർഷം മുൻപുണ്ടായ എക്സോൺ വാൽഡസ് കപ്പലപകടത്തെത്തുടർന്ന് 2.6 ലക്ഷം ബാരൽ എണ്ണയാണ് കടലിലേക്ക് ഒഴുകിയത്. റാസ് ഇസ തുറമുഖത്തോടു ചേർന്നുള്ള കപ്പലില്‍ നിന്നു പുറന്തള്ളപ്പെട്ടേക്കാവുന്ന എണ്ണയുടെ അളവ് ഇതിലും നാലിരട്ടിയോളം വരും...’ വിഡിയോ സന്ദേശത്തിൽ യെമൻ വ്യക്തമാക്കുന്നു.

കടലിനെ ‘കൊന്നൊടുക്കിയ’ കപ്പൽ ദുരന്തം

1989 മാർച്ച് 24നാണു ലോകത്തെ ഞെട്ടിച്ച എക്സോൺ വാൽഡെസ് കപ്പലപകടം ഉണ്ടാകുന്നത്. മനുഷ്യൻ കാരണം ലോകത്തുണ്ടായ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തത്തിൽ മുൻനിരയിലാണ് ഇതിന്റെ സ്ഥാനം. കലിഫോർണിയയിലേക്കു പോകുകയായിരുന്ന എക്സോൺ കമ്പനിയുടെ കപ്പലാണ് അപകടത്തിൽപ്പെട്ടത്. അലാസ്കയിലെ പ്രിൻസ് വില്യം ജലപാതയിൽ അന്നു പവിഴപ്പുറ്റിൽ തട്ടിത്തകർന്നു കടലിലേക്കൊഴുകിയ എണ്ണയുടെ മൂന്നിരട്ടിയെങ്കിലും ഇപ്പോൾ യെമൻ തീരത്തുള്ള കപ്പലിലുണ്ട്. എക്സോൺ വാൽഡെസ് കപ്പലിൽ നിന്നൊഴുകിയ എണ്ണ ഏകദേശം 2100 കിമീ നീളത്തിൽ തീരമേഖലയെ ബാധിച്ചു. ഇതിൽ 320 കിമീ നീളത്തിലും വൻതോതിൽ എണ്ണയടിഞ്ഞ് ഭീഷണിയുണ്ടായി. എണ്ണയുടെ ഒഴുക്ക് തടയാൻ മറ്റു കപ്പലുകൾക്കോ ഹെലികോപ്ടറുകൾക്കോ ചെറുവിമാനങ്ങൾക്കോ പോലും എത്തിച്ചേരാൻ ഏറെ ബുദ്ധിമുട്ടുള്ള മേഖലയായിരുന്നു പ്രിൻസ് വില്യം ജലപാത. തീരത്തോടു ചേർന്നുതന്നെയാണെങ്കിലും യെമനിലും സമാനമായ അവസ്ഥയാണ്. 

മേഖലയിലെ ആഭ്യന്തര കലാപം കാരണം കപ്പലിനടുത്തേക്ക് എത്തിച്ചേരാൻ മറ്റു കപ്പലുകളും വിമാനങ്ങളും കോപ്ടറുകളും ഏറെ പാടുപെടേണ്ടി വരും. വെള്ളത്തിലേക്ക് ഓയിൽ പടർന്നാൽ തടയാനുള്ള സംവിധാനങ്ങളൊന്നും ഹൂതികളുടെ കയ്യിലില്ല. യെമനും ഒപ്പമുള്ള മറ്റു രാജ്യങ്ങളും ചേർന്നു സഹായം എത്തിക്കാൻ ഹൂതികൾ സമ്മതിക്കുകയുമില്ല. സൗദിയും യെമനും ഹൂതികളും ഒപ്പം നിന്നു പ്രശ്നം പരിഹരിക്കുമെന്നു പ്രതീക്ഷിക്കാനുമാകില്ല. ഇതെക്കെയാണ് കപ്പല്‍പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നത്. യെമനിൽ സംരക്ഷിതപ്രദേശമായി നിർത്തിയിരിക്കുന്ന ഒരേയൊരു കടൽതീര മേഖലയും റാസ് ഇസ തുറമുഖത്തിനു സമീപമാണ്. പവിഴപ്പുറ്റുകളും കണ്ടൽച്ചെടികളും കടലാമകളും വൻ മത്സ്യസമ്പത്തും നിറഞ്ഞ ഈ മേഖലയെ ആയിരിക്കും ഏറ്റവും ദോഷകരമായി എണ്ണച്ചോർച്ച ബാധിക്കുക. 

RETRO-EXXON-VALDEZ-USA
എക്സോൺ വാൽഡെസ് കപ്പലപകടത്തെത്തുടർന്ന് കടലിൽ നിറഞ്ഞ എണ്ണ (ഫയൽ ചിത്രം)

വാതകം നിറയുന്നു; ഏതുനിമിഷവും സ്ഫോടനം

ജപ്പാനിൽ നിർമിച്ച ഈ കപ്പൽ പൂർണമായും ലോഹത്തിലുള്ളതാണ്. എണ്ണക്കപ്പലുകളിലെ ടാങ്കറിൽ സൂക്ഷിച്ചിരിക്കുന്ന വീപ്പകളിൽ നിന്നു പലതരത്തിലുള്ള വാതകങ്ങൾ പുറത്തുവരുന്നതു പതിവാണ്. എളുപ്പത്തിൽ അന്തരീക്ഷത്തിൽ  നിറയുന്നതരം സജീവ വാതകങ്ങളായിരിക്കും ഇവ. അതുവഴി സ്ഫോടനമുണ്ടാകാനുള്ള സാധ്യതയും ഏറെ. വീപ്പകൾ സൂക്ഷിച്ചിരിക്കുന്ന ടാങ്കറിലേക്ക് ഇടയ്ക്കിടെ അലസ വാതകങ്ങൾ പമ്പ് ചെയ്താണ് ഈ പ്രശ്നം പരിഹരിക്കുക.

അവസാനമായി രണ്ടു വർഷം മുൻപ് ജൂണിലാണ് അലസവാതകങ്ങൾ ടാങ്കറിലേക്കു പ്രയോഗിച്ചത്. ഇപ്പോൾത്തന്നെ വീപ്പകളിൽ നിന്നുള്ള സജീവ വാതകങ്ങൾ ടാങ്കറിൽ നിറഞ്ഞ അവസ്ഥയിലായിരിക്കും. മാത്രവുമല്ല പ്രതികൂലമായ കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം കപ്പൽ ദ്രവിച്ചു രണ്ടായി പിളരാൻ പോലും സാധ്യതയുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ കപ്പലിന്റെ പല ഭാഗങ്ങളും ഇളകിപ്പോകാൻ തുടങ്ങിയെന്നും യുഎന്നിന്റെ എമർജൻസി റിലീസ് കോ–ഓർഡിനേറ്റർ ഫോർ ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് മാർക് ലൊകോക്ക് പറയുന്നു.

കനത്ത ചൂടാണ് യെമൻ തീരത്ത് മിക്ക സമയവും അനുഭവപ്പെടാറുള്ളത്. ഇതോടൊപ്പം കടലിലെ ഉപ്പുരസമുള്ള വെള്ളവും ഹ്യുമിഡിറ്റിയും എല്ലാം ചേർന്ന് കപ്പലിനെ അപകടത്തിലാക്കുന്നുണ്ട്. മരിബിൽനിന്ന് റാസ് ഇസയിലേക്ക് എണ്ണ എത്തിക്കുന്ന പൈപ് ലൈനുമായും കപ്പൽ ബന്ധപ്പെടുത്തിയിട്ടുണ്ട്. ഈ പൈപ്പിലും ഏകദേശം 10 ലക്ഷം ബാരൽ എണ്ണയുണ്ടെന്നാണു കരുതുന്നത്. സ്ഫോടനമുണ്ടായാൽ ഈ എണ്ണയും കടലിലേക്ക് ഒഴുകും. ചെങ്കടലിന്റെ തീരമേഖലയൊന്നാകെ അതോടെ മലിനമാക്കപ്പെടും.

US-ALASKA-OIL SPILL
എക്സോൺ വാൽഡെസ് കപ്പലപകടം നടന്ന് ഒരാഴ്ചയ്ക്കു ശേഷം കപ്പൽ വലിച്ചുകെട്ടി നീക്കുന്നു (ഫയൽ ചിത്രം)

ഏതുസമയത്താണ് പൊട്ടിത്തെറിയുണ്ടാകുന്നതെന്നതും കടലിലെ അടിയൊഴുക്കുകളുടെ വേഗതയും ദിശയും അനുസരിച്ചു മാത്രമാണ് ഇതിന്റെ വ്യാപ്തി കണക്കുകൂട്ടാനാവുക. ഒരുപക്ഷേ ലോക കപ്പൽഗതാഗതത്തിന്റെ സിംഹഭാഗവും നടക്കുന്ന സൂയസ് കനാലും ഹോർമുസ് കടലിടുക്കും വരെ ഈ എണ്ണ എത്താം. 

സമ്പ‌ദ്‌വ്യവസ്ഥ തകർന്നടിയും

സൗദിയുടെയും എറിത്രിയയുടെയും സുഡാന്റെയും ഈജിപ്തിന്റെയും ഉൾപ്പെടെ തീരത്തേക്ക് എണ്ണപ്പാടകൾ അടിച്ചു കയറും. ഇത്രയും കാലമായി സംരക്ഷിക്കപ്പെട്ടിരുന്ന ചെങ്കടലിലെ അറുനൂറിലേറെ വരുന്ന മീനുകൾ ഉൾപ്പെട്ട ജലജീവികളുടെയും പവിഴപ്പുറ്റുകളുടെയും സമ്പൂർണ നാശമായിരിക്കും ഫലം. പവിഴപ്പുറ്റുകൾ പൂർണമായും നശിപ്പിക്കപ്പെടുമെന്നതിൽ സംശയമില്ല. യെമനിലെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ മത്സ്യബന്ധന മേഖലയും കുറേക്കാലത്തേക്ക് നിശ്ചലമാകും. റാസ് ഇസ തുറമുഖത്തും ഏദൻ കടലിടുക്കിനോടു ചേർന്നും മത്സ്യബന്ധനം തൊഴിലാക്കി ജീവിക്കുന്ന ആയിരങ്ങളുടെ ജീവനോപാധി തടസ്സപ്പെടും. ചെങ്കടൽ തീരത്തോടു ചേർന്നുള്ള ടൂറിസവും പൂർണമായി തകരും.

ഈ പ്രശ്നങ്ങളെപ്പറ്റിയെല്ലാം ഏറെ ആശങ്കാകുലരാണെന്ന് യുഎൻ ഓഫിസ് ഓഫ് ദ് കോ–ഓർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് വക്താവ് റസ്സൽ ഗീക്കി പറയുന്നു. ഹൂതികളിൽ നിന്ന് അനുമതി ലഭിച്ചാലുടൻ യെമനിലേക്ക് സാങ്കേതിക വിദഗ്ധരുടെ സംഘത്തെ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തീരുമാനമെടുക്കാതെ മനഃപൂർവം വൈകിപ്പിക്കുന്ന മോശം രീതിയാണ് ഹൂതികൾ സ്വീകരിക്കുന്നതെന്ന്  മാർക് ലൊകോക്ക് വ്യക്തമാക്കുന്നു.

RETRO-EXXON-VALDEZ-USA-SEA LIONS
എക്സോൺ വാൽഡെസ് കപ്പൽ അപകടത്തെത്തുടർന്ന് പാറക്കെട്ടിൽ അഭയം പ്രാപിച്ചിരിക്കുന്ന സീലുകൾ (ഫയൽ ചിത്രം)

രാജ്യാന്തര പിന്തുണയോടെ യെമനിൽ അധികാരത്തിലെത്തിയ സർക്കാരിനെ അട്ടിമറിക്കാൻ 2015ൽ ഹൂതികൾ ശ്രമം തുടങ്ങിയതോടെയാണ് മേഖലയിലെ ആഭ്യന്തര യുദ്ധം ശക്തമായത്. ഇറാനാണ് ഹൂതികൾക്കു പിന്തുണ നൽകുന്നത്. മറുവശത്ത് യെമൻ സർക്കാരിനൊപ്പം സൗദി ഉൾപ്പെടെയുള്ള സഖ്യശക്തികൾ ചേർന്നതോടെ യുദ്ധം ശക്തമായി. കുറച്ചുകാലത്തെ ഇടവേളയ്ക്കു ശേഷം ഇരുവിഭാഗവും തമ്മിൽ അടുത്തകാലത്തു ബോംബ്, മിസൈൽ ആക്രമണം ഉൾപ്പെടെ സംഘർഷം  ശക്തമായിരിക്കുകയാണ്. അത്തരമൊരു ആക്രമണത്തിനിടെ പരസ്പരം പ്രയോഗിക്കപ്പെടുന്ന ആയുധങ്ങൾ പോലും റാസ് ഇസ തീരത്തെ കപ്പലിനു മേൽ ഭീഷണിയായി നിൽക്കുന്ന അവസ്ഥയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com