ADVERTISEMENT

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്തും പ്രണവും നസീമും പിഎസ്എസി റാങ്ക് പട്ടികയില്‍ ഇടം പിടിച്ചത് സിം ഇടാവുന്ന ചൈനീസ് വാച്ച് ഉപയോഗിച്ച് തട്ടിപ്പു നടത്തിയാണെന്നു സൈബര്‍ സൈല്ലിനു വിവരം ലഭിച്ചു. സ്കാനിങ് സംവിധാനമുള്ള വാച്ചുപയോഗിച്ച് ചോദ്യപേപ്പര്‍ ഇമേജ് രൂപത്തില്‍ പുറത്തെത്തിക്കാനാണു സാധ്യതയെന്ന് അധികൃതര്‍ പറയുന്നു. തട്ടിപ്പു നടത്തിയവരുടെ സുഹൃത്തുക്കള്‍ ഉത്തരങ്ങള്‍ സന്ദേശങ്ങളിലാക്കി വാച്ചിലേക്ക് തിരികെ അയച്ചു.

പരീക്ഷാ സമയത്ത് പ്രണവിനു സന്ദേശമയച്ച സുഹൃത്തും നാട്ടുകാരനുമായ ഗോകുല്‍ എസ്എപി ക്യാംപിലെ പൊലീസുകാരനാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. യൂണിവേഴ്സിറ്റി കോളജിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ചോദ്യപേപ്പര്‍ പുറത്തെത്തിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നു പിഎസ്‌സി ജീവനക്കാര്‍ രഹസ്യമായി സമ്മതിക്കുന്നു. പരീക്ഷയ്ക്ക് ഹാജരാകാത്തവരുടെ ചോദ്യപേപ്പര്‍ ശേഖരിക്കുന്നത് ഈ ജീവനക്കാരാണ്.

ഈ സംശയമുള്ളതിനാലാണ് പിഎസ്‌സിയുടെ പരീക്ഷാ സെന്ററുകളില്‍നിന്ന് യൂണിവേഴ്സിറ്റി കോളജിനെ ഒഴിവാക്കിയത്. ശിവരഞ്ജിത്ത് കെഎപി 4 ബറ്റാലിയന്‍ (കാസർകോട് ) റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരനും, പ്രണവ് രണ്ടാം സ്ഥാനക്കാരനുമാണ്. നസീം 28ാം റാങ്കുകാരനാണ്. വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും പ്രണവ് 17ാം പ്രതിയും നസീം രണ്ടാം പ്രതിയുമാണ്. ശിവരഞ്ജിത്തിന് 78.33 മാര്‍ക്കും പ്രണവിന് 78 മാര്‍ക്കുമാണു പരീക്ഷയില്‍ ലഭിച്ചത്.

വാച്ചാണു പരീക്ഷയിലെ താരം

പിഎസ്‌സി ആഭ്യന്തര വിജിലന്‍സ് ആവശ്യപ്പെട്ടതനുസരിച്ച് സൈബര്‍ സെല്ലാണ് തട്ടിപ്പുകാരെന്നു സംശയിക്കുന്നവരുടെ ഫോണ്‍ വിളികള്‍ പരിശോധിച്ചത്. സിം ഇടാന്‍ കഴിയുന്ന ചൈനീസ് വാച്ച് തട്ടിപ്പുകാര്‍ ഉപയോഗിച്ചിരിക്കാമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഇത്തരം വാച്ചില്‍ ക്യാമറ ഉപയോഗിച്ച് സ്കാന്‍ ചെയ്യാന്‍ സംവിധാനമുണ്ട്. ചോദ്യപേപ്പര്‍ സ്കാന്‍ ചെയ്യാന്‍ സെക്കന്റുകള്‍ മതി. എ, ബി, സി, ഡി എന്നീ നാല് കോഡിലുള്ള ചോദ്യമാണ് പിഎസ്‌സി തയാറാക്കുന്നത്. ഈ നാല് ചോദ്യങ്ങളും സ്കാന്‍ ചെയ്ത് ഇമേജ് രൂപത്തില്‍ പുറത്തുള്ള കൂട്ടുകാരിലേക്ക് എത്തിച്ചിരിക്കുമെന്നാണ് സൈബര്‍ വിദഗ്ധരുടെ നിഗമനം.

കൂട്ടുകാര്‍ക്ക് വാട്സാപ്പിലോ മറ്റു മാര്‍ഗങ്ങളിലൂടെയോ ഇമേജ് രൂപത്തില്‍ ചോദ്യപേപ്പര്‍ സ്വീകരിക്കാന്‍ കഴിയും. ഇത്തരം വാച്ചില്‍നിന്ന് പുറത്തേക്ക് ഇമേജ് രൂപത്തില്‍ സന്ദേശം അയയ്ക്കാമെങ്കിലും ഇമേജ് രൂപത്തില്‍ സ്വീകരിക്കാന്‍ കഴിയില്ല. സാധാരണ സന്ദേശം മാത്രമേ വാച്ച് സ്വീകരിക്കൂ. ശിവരഞ്ജിത്തിന് 96ഉം, പ്രണവിന് 78ഉം സന്ദേശങ്ങള്‍ വരാനുള്ള കാരണവും ഇതാണെന്നു അന്വേഷണസംഘം വിലയിരുത്തുന്നു. 5,000 രൂപ മുതല്‍ ഇത്തരം ചൈനീസ് വാച്ചുകള്‍ ലഭിക്കും. 

വലിയ പരീക്ഷാ തട്ടിപ്പോ?

ഇതര സംസ്ഥാനങ്ങളില്‍ നടന്നതിനു സമാനമായ വലിയ പരീക്ഷാ തട്ടിപ്പാണു നടന്നതെന്നാണു പിഎസ്‌സി വിജിലന്‍സ് സംഘത്തിന്റെ നിഗമനം. വിവിധ ജില്ലകളിലെ നൂറോളം പേര്‍ സിവില്‍ പൊലീസ് പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയില്‍ 7 പിഎസ്‌സി റാങ്ക് ലിസ്റ്റുണ്ട്. റാങ്ക് ലിസ്റ്റിലെ ആദ്യ നൂറുപേരുടെ (ആകെ 700 പേര്‍) ഫോണ്‍ നമ്പരുകള്‍ പരിശോധിക്കുന്നതോടെ ഇതില്‍ വ്യക്തത വരും. പ്രണവിന്റെ നമ്പരില്‍ പരീക്ഷാ സമയത്ത് സന്ദേശം അയച്ച ഗോകുല്‍ സിവില്‍ പൊലീസ് ഓഫിസറാണ്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തശേഷം ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരം ലഭിക്കൂ.

ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പിഎസ്‌സി സെക്രട്ടറി ഇന്ന് ഡിജിപിക്ക് കത്തു നല്‍കും. ഉദ്യോഗാര്‍ഥികളായ ശിവരഞ്ജിത്തും പ്രണവും പിഎസ്‌സിയില്‍ റജിസ്റ്റര്‍ (ഒറ്റത്തവണ റജിസ്ട്രേഷന്‍ സമയത്ത്) ചെയ്ത മൊബൈല്‍ നമ്പരുപയോഗിച്ച് തട്ടിപ്പു നടത്തിയതാണു വേഗത്തില്‍ കണ്ടെത്താന്‍ സഹായകരമായത്. 28ാം റാങ്കുകാരനായ നസീം പിഎസ്‌സിയില്‍ റജിസ്റ്റര്‍ ചെയ്ത നമ്പരിലേക്കു പരീക്ഷാ സമയത്ത് സന്ദേശങ്ങളൊന്നും വന്നിട്ടില്ല. നസീം മറ്റൊരു സിം ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. നിരവധിപേര്‍ ഈ രീതി പിന്തുടര്‍ന്നതായും സംശയമുണ്ട്. ഇവരുടെ ഫോണ്‍‌ സംഭാഷണത്തിന്റെ രീതി നോക്കി തട്ടിപ്പ് കണ്ടെത്താനാകുമെന്നു സൈബര്‍ വിദഗ്ധര്‍ പറയുന്നു.

English Summary: How SFI members malpractice PSC Police exam? inquiry report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com