ADVERTISEMENT

ന്യൂഡൽഹി ∙ കൈലാസ് മാനസരോവർ യാത്രയ്ക്ക് അപേക്ഷ നൽകിയ ഇന്ത്യൻ സംഘത്തിനു വീസ നിഷേധിച്ച് ചൈന. ജമ്മു കശ്മീർ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിൽ എതിർപ്പ് രേഖപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ചൈനീസ് നടപടി. ചൊവ്വാഴ്ച വീസ ലഭിക്കേണ്ടിയിരുന്ന ഇന്ത്യന്‍ സംഘത്തിന് ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

ബുധനാഴ്ച രാവിലെയാണ് സംഘം പുറപ്പെടേണ്ടിയിരുന്നത്. നേരത്തെ ദോക് ലാം പ്രശ്‌നത്തിനിടയിലും മാനസരോവർ യാത്രക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ എട്ടിന് ആരംഭിച്ച ഈ വർഷത്തെ കൈലാസ് മാനസരോവർ യാത്ര അടുത്ത മാസം അവസാനിക്കും. വിദേശകാര്യ മന്ത്രാലയത്തിനാണ് നടത്തിപ്പ് ചുമതല. ഉത്തരാഖണ്ഡിലെ ലിപുലേഖ് വഴിയും സിക്കിമിലെ നാഥുല വഴിയുമാണ് യാത്ര. ചൈനീസ് അതിര്‍ത്തിയിലുള്ള പര്‍വതമേഖലയിലൂടെയാണ് മാനസരോവറിൽ എത്തുന്നത്.

ജമ്മു കശ്മീരിൽ ഇന്ത്യ നടത്തിയ ഇടപെടലിൽ ചൈന കഴിഞ്ഞ ദിവസം ആശങ്ക അറിയിച്ചിരുന്നു. തൽസ്ഥിതിയിൽ മാറ്റമുണ്ടാക്കും വിധം ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കരുതെന്നും സംഘർഷം വർധിപ്പിക്കരുതെന്നും. ഇന്ത്യയോടും പാക്കിസ്ഥാനോടും ആവശ്യപ്പെട്ട ചൈന, കശ്മീരിലെ സ്ഥിതിഗതികളിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ പിന്തുടർച്ചയായാണ് ഇന്ത്യൻ സംഘത്തിനു വീസ നിഷേധിച്ചതെന്നാണ് സൂചന.

ചൈന-ഇന്ത്യ അതിർത്തിയുടെ പടിഞ്ഞാറൻ ഭാഗത്തെ ചൈനീസ് മേഖലയെ എപ്പോഴും ഇന്ത്യയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുനിയിങ് പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര നിയമങ്ങൾ അടുത്തിടെ ഏകപക്ഷീയമായി ഭേദഗതി ചെയ്തത് ലഡാക്ക് മേഖലയിലെ ചൈനയുടെ അധികാരത്തെ ദുർബലപ്പെടുത്തുന്നതിനു വേണ്ടിയാണ്. ഇതി തികച്ചും അസ്വീകാര്യമാണ്. ചൈനയുടേത് ഉറച്ച നിലപാടാണെന്നും ഹുവ ചുനിയിങ്  പറഞ്ഞു.

എന്നാൽ ഇന്ത്യയുടെ അധികാരപരിധിയിൽ ഉള്ള ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കുന്നത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരവിഷയങ്ങൾ ഇന്ത്യ പരാമർശിക്കാറില്ലാത്തതുപോലെ തിരിച്ചും പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ മറുപടി നൽകി. ഇന്ത്യ-ചൈന അതിർത്തിയിൽ രാഷ്ട്രീയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ന്യായമായ, പരസ്പര സ്വീകാര്യമായ പരിഹാരത്തിന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ ഇന്ത്യയും  ചൈനയും തമ്മിൽ ധാരണയുണ്ടെന്നും രവീഷ് കുമാർ പറഞ്ഞു.

English Summary: No Chinese Visas For Kailash Mansarovar Yatra After Ladakh Move

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com