ADVERTISEMENT

വാഷിങ്ടൻ / മോസ്കോ ∙ ശീതയുദ്ധകാലത്ത് റഷ്യയുമായി ഒപ്പിട്ട ആണവായുധ കരാറിൽ നിന്ന് യുഎസ് പിന്മാറിയതോടെ യൂറോപ്യൻ രാജ്യങ്ങളുടെമേൽ വീണ്ടും ആശങ്കയുടെ നിഴൽ. യുഎസിനൊപ്പം ചേർന്ന് നാറ്റോ രാജ്യങ്ങളും റഷ്യയെ ‘പ്രതിരോധിക്കുമെന്നു’ പ്രഖ്യാപിച്ചതോടെ ലോകം വീണ്ടും ആണവായുധ ഭീഷണിയുടെ നിഴലിലായി. രണ്ടു ലോക ശക്തികൾ തമ്മിൽ സുപ്രധാനമായ ഒരു ആയുധ കരാറില്ലാത്ത സാഹചര്യവും രൂപപ്പെടുകയാണ്. യുഎസിനെ പ്രകോപിപ്പിക്കാനില്ലെന്നും എന്നാൽ ആയുധം സ്വരുക്കൂട്ടിയാൽ മുന്നറിയിപ്പ് നൽകാൻ ഹൈപ്പർസോണിക് മിസൈലുകൾ സജ്ജമാണെന്നും റഷ്യ തിരിച്ചടിച്ചു. യുകെയിലെ ഇരട്ടച്ചാരൻ സെർജി സ്ക്രീപലിനും മകൾക്കുമെതിരെ രാസായുധ പ്രയോഗം നടത്തിയതിന്റെ പേരിൽ റഷ്യക്കെതിരെ യുഎസ് ഉപരോധം ശക്തമാക്കിയതും പ്രശ്നങ്ങൾ വഷളാക്കുന്നു.

റഷ്യയ്ക്ക് രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ നൽകി വരുന്ന സാമ്പത്തിക വായ്പകളും സാങ്കേതിക പിന്തുണയും തടയുമെന്നാണ് യുഎസ് വ്യക്തമാക്കിയിരിക്കുന്നത്. റഷ്യയിലേക്കുള്ള ചരക്കു കൈമാറ്റത്തിലും കുറവു വരുത്തും. 2018ൽ സോൾസ്ബ്രിയിൽ നടന്ന രാസായുധ പ്രയോഗത്തിനു പിന്നില്‍ റഷ്യൻ ഏജന്റുമാരാണെന്നാണു പ്രധാന ആരോപണം. സ്ക്രീപലിനും മകൾക്കുമെതിരെ പ്രയോഗിച്ചത് സോവിയറ്റ് കാലത്തു രൂപപ്പെടുത്തിയ നെർവ് ഏജന്റ് നോവിച്ചോക്ക് ആണെന്നു കണ്ടെത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യമായിട്ടായിരുന്നു കുപ്രസിദ്ധമായ ഒരു രാസായുധം യൂറോപ്പിന്റെ മണ്ണിൽ പ്രയോഗിക്കപ്പെട്ടത്. ഇതിനെത്തുടർന്ന് റഷ്യൻ നയതന്ത്ര പ്രതിനിധികളെ തങ്ങളുടെ മണ്ണിൽനിന്ന് ഒട്ടേറെ രാജ്യങ്ങൾ പുറത്താക്കി. ഇക്കഴിഞ്ഞ ജനുവരിയിൽ യൂറോപ്യൻ യൂണിയൻ ഒൻപത് റഷ്യൻ, സിറിയൻ ഉദ്യോഗസ്ഥരെ രാസായുധം ഉപയോഗിക്കുന്നതിൽ നിന്നു വിലക്കി. റഷ്യൻ ഇന്റലിജൻസ് വിഭാഗമായ ജിആർയു തലവനെതിരെ ഉൾപ്പെടെയായിരുന്നു വിലക്ക്.

തകർന്നത് റീഗൻ– ഗോർബച്ചോവ് കരാർ

യുഎസ് പ്രസിഡന്റായിരുന്ന റോണൾഡ് റീഗനും സോവിയറ്റ് നേതാവ് മിഹയിൽ ഗോർബച്ചോവും ചേർന്നാണ് 1987ൽ മധ്യദൂര ആണവായുധ കരാർ (The Intermediate-range Nuclear Forces Treaty–INF) ഒപ്പിടുന്നത്. അതു പ്രകാരം കരയിൽ 500 മുതൽ 5500 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള മിസൈലുകൾ ഇരുരാജ്യങ്ങളും പ്രയോഗിക്കുന്നതിനു നിരോധനമുണ്ടായി. മുന്നറിയിപ്പ് നൽകാതെ ആണവായുധ പ്രയോഗം നടത്താനുള്ള ഇരുരാജ്യങ്ങളുടെയും ശേഷിയെ ബാധിക്കുന്നതായിരുന്നു കരാർ. അതിനാൽത്തന്നെ ലോകസമാധാനത്തിന് ഏറെ പ്രധാനപ്പെട്ടതും. എന്നാൽ 1991ൽ ശീതയുദ്ധം അവസാനിച്ചതു മുതൽ ഇരുരാജ്യങ്ങളും കരാറിൽ വെള്ളം ചേർത്തു തുടങ്ങിയെന്നായിരുന്നു പ്രധാന ആരോപണം. യുഎസും റഷ്യയും തമ്മിലുള്ള ശത്രുത മൂർധന്യാവസ്ഥയിലായതോടെ ഇപ്പോൾ കരാറിൽ നിന്നു പിന്മാറുകയും ചെയ്തു. മറ്റ് ആയുധ നിയന്ത്രണ കരാറുകളെയും ഈ നീക്കം ബാധിക്കും. ആണവായുധങ്ങൾ തുടച്ചു നീക്കാനുള്ള രാജ്യാന്തര തലത്തിലെ ശ്രമങ്ങളെയും യുഎസിന്റെ നീക്കം ദോഷകരമായി ബാധിക്കും.

കരാറിനു വിരുദ്ധമായുള്ള പ്രവർത്തനങ്ങളിൽനിന്നു റഷ്യ പിന്മാറിയില്ലെങ്കിൽ കരാറിൽ തുടരില്ലെന്ന് ആറു മാസം മുൻപ് യുഎസ് വ്യക്തമാക്കിയിരുന്നു. പിന്മാറ്റം സംബന്ധിച്ച നോട്ടിസ് ഫെബ്രുവരി രണ്ടിനു നൽകുകയും ചെയ്തു. റഷ്യയുമായുള്ള പുതിയ കരാറാണ് താൻ ലക്ഷ്യമിടുന്നതെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം. ആണവായുധങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ കരാറിൽ ചൈനയെ പങ്കാളിയാക്കാനും ട്രംപ് ആഗ്രഹിക്കുന്നുണ്ട്. ‘കരാർ സംഭവിക്കുമെന്നാണു പ്രതീക്ഷ. അങ്ങനെയെങ്കിൽ അതു ലോകത്തോടു ചെയ്യുന്ന നന്മയായിരിക്കും. ഇതിനെപ്പറ്റി റഷ്യയോടും ചൈനയോടും സംസാരിച്ചിരുന്നു. ഇരുവിഭാഗവും ഏറെ പ്രതീക്ഷയിലാണ്’ –ട്രംപ് പറഞ്ഞു.

US-COLD-WAR-RELI
റഷ്യയുടെ ഭാഗത്തു നിന്നു പ്രകോപനമുണ്ടായാൽ മിസൈൽ പ്രയോഗത്തിന് ഫ്ലോറിഡയിൽ തയാറാക്കിയിരിക്കുന്ന സൈനിക കേന്ദ്രം (ഫയൽ ചിത്രം)

എന്നാൽ പുതിയ മിസൈലുകൾ വികസിപ്പിച്ചെടുക്കാൻ വേണ്ടിയുള്ള യുഎസ് തന്ത്രമാണു കരാറിൽ നിന്നുള്ള പിന്മാറ്റമെന്നാണു റഷ്യയുടെ വാദം. രാജ്യാന്തര സുരക്ഷയെ ബാധിക്കുന്നതും ആയുധ നിയന്ത്രണത്തിനു നടപ്പാക്കുന്ന ശ്രമങ്ങൾക്കു വിഘാതം വരുത്തുന്നതുമായ നടപടിയാണു യുഎസിന്റെ ഭാഗത്തു നിന്നുണ്ടായത്. അനുകൂലമല്ലെന്നു തോന്നുന്ന രാജ്യാന്തര കരാറുകളെല്ലാം ഓരോരോ കാരണം പറഞ്ഞ് തകർക്കുന്ന യുഎസ് രീതിയുടെ ഏറ്റവും പുതിയ ഉദാഹരണമാണു പിന്മാറ്റമെന്നും റഷ്യ കുറ്റപ്പെടുത്തുന്നു. യുഎസിന്റെ നീക്കത്തെ ചൈനയും അപലപിച്ചു. പുതുതായി രൂപപ്പെടുത്താനിരിക്കുന്ന കരാറിൽ പങ്കാളിയാകുന്നതിനെപ്പറ്റി സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യയ്ക്കോ യുഎസിനോ ഒപ്പം നിൽക്കാവുന്ന വിധം ആയുധങ്ങൾ ചൈനയ്ക്കില്ലെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. പിന്നെന്തിനാണ് പുതിയ കരാറിൽ തങ്ങളെ ഉൾപ്പെടുത്താൻ യുഎസ് ശ്രമിക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്നും യുഎന്നിലെ ചൈനീസ് അംബാസഡർ ഷാങ് ജുൻ പറഞ്ഞു.

ആശങ്ക, യൂറോപ്പിലാകമാനം

donald-trump
ഡോണൾഡ് ട്രംപ്

കരാർ ഇല്ലാതായതിൽ നാറ്റോ അംഗങ്ങളായ ബ്രിട്ടനും പോളണ്ടും ആശങ്ക രേഖപ്പെടുത്തി. യൂറോപ്പിനാകമാനം സുരക്ഷാ ഭീഷണിയാണു നീക്കമെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. കരാർ തകരുന്നതിനു പിന്നാലെ യൂറോപ്പ് വീണ്ടും ആണവായുധങ്ങളുടെയും മധ്യദൂര മിസൈലുകളുടെയും കേന്ദ്രമാകുമെന്നാണ് വിവിധ രാജ്യങ്ങളുടെ ആശങ്ക. കരാർ ലംഘനമാകും വിധം ക്രൂസ് മിസൈലുകളിലൊന്നു പരീക്ഷിച്ചതിന് 2014ൽ ബറാക് ഒബാമ ഭരണകൂടം റഷ്യയെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ കരാർ ലംഘിച്ചിട്ടില്ലെന്നായിരുന്നു അന്ന് റഷ്യൻ വാദം. യൂറോപ്പിലെ യുഎസിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളും സായുധ ഡ്രോണുകളുമാണ് കരാർ ലംഘനമെന്നായിരുന്നു അന്നു റഷ്യയുടെ മറുപടി.

മനഃപൂർവം കരാറിനു വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയ റഷ്യയോടുള്ള പ്രതിഷേധമായാണു കരാറിൽനിന്നു പിന്മാറുന്നതെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ വാദം. കരാറിനു തുരങ്കം വയ്ക്കുകയാണ് റഷ്യ ചെയ്തത്. കരാർ മറികടന്നുള്ള റഷ്യയുടെ മിസൈൽ വികസന പദ്ധതികൾ യുഎസിനും സഖ്യരാജ്യങ്ങൾക്കും ഭീഷണിയാണെന്നും പോംപെയോ കൂട്ടിച്ചേർത്തു. റഷ്യയിൽ പലയിടത്തും വൻതോതിൽ ക്രൂസ് മിസൈലുകൾ സ്ഥാപിച്ചിരിക്കുന്നുവെന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. യൂറോപ്പിലെ സുപ്രധാന മേഖലകളെ ആക്രമിക്കാനാകുന്ന വിധം പടിഞ്ഞാറൻ റഷ്യയിലും ക്രൂസ് മിസൈൽ വിന്യാസം നടത്തിയതാണ് ആശങ്കാജനകമായ കാര്യം. യൂറോപ്പിലെ നാറ്റോ സൈന്യത്തിനു മേൽ വ്യക്തമായ ആധിപത്യം ഉറപ്പിക്കാവുന്ന വിധമാണ് റഷ്യൻ മിസൈല്‍ വിന്യാസമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

യുഎസുമായുണ്ടായിരുന്ന കരാർ പ്രകാരമുള്ള ദൂരപരിധിയിലെ മിസൈലുകളാണു വിന്യസിച്ചതെന്നാണു റഷ്യയുടെ വാദം. കരാർ ലംഘനമാണെന്നു കാണിച്ച് എസ്എസ്‌സി–8 എന്നറിയപ്പെടുന്ന നോവട്ടോർ 9എം729 എന്ന റഷ്യൻ മിസൈൽ നശിപ്പിക്കാൻ റഷ്യയോട് യുഎസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. നാറ്റോ രാജ്യങ്ങളുടെ ആവശ്യപ്രകാരമായിരുന്നു അത്. ‘ആയുധം വച്ചുള്ള കളിക്ക്’ ഇല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കിയിട്ടുണ്ട്. മിസൈലുകള്‍ യുഎസ് വിന്യസിച്ചാൽ മാത്രമേ റഷ്യയും ആ രീതി പിന്തുടരുകയുള്ളൂ. എന്നാൽ മിസൈലുകൾ വിന്യസിക്കാനാണ് യുഎസ് തീരുമാനമെങ്കിൽ കപ്പലുകളിലും അന്തർവാഹിനികളിലും ഹൈപ്പർസോണിക് ആണവ മിസൈലുകൾ സ്ഥാപിക്കാൻ റഷ്യ നിർബന്ധിതമാകും. യുഎസിലേക്ക് തൊടുക്കാവുന്ന വിധം സമുദ്രത്തിൽ നിലവിലുള്ള റഷ്യൻ യുദ്ധക്കപ്പലുകളിലെല്ലാം ഈ മിസൈൽ വിന്യാസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി നിയന്ത്രണങ്ങളില്ല!

നിലവിൽ യുഎസ് ആരോപിച്ചിരിക്കുന്ന തരം മിസൈലുകൾ നീക്കം ചെയ്യാൻ റഷ്യ നിശ്ചിത സമയം ചോദിച്ചിരുന്നു. ഇതിനെ ട്രംപ് തള്ളുകയായിരുന്നു. റഷ്യയുടേത് വിശ്വാസ്യതയുള്ള ഒരു അപേക്ഷയായിരുന്നില്ലെന്ന് നാറ്റോയും വ്യക്തമാക്കുന്നു. ‘യൂറോപ്പിൽ പുതുതായി ഒരു മിസൈലും യുഎസോ നാറ്റോ സഖ്യരാജ്യങ്ങളോ സ്ഥാപിച്ചിട്ടില്ല. എന്നാൽ റഷ്യയിൽ അത്തരം മിസൈലുകളുടെ എണ്ണം വളരെ കൂടുതലാണ്...’ നാറ്റോ സെക്രട്ടറി– ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് പറയുന്നു. റഷ്യയുടെ നീക്കം തടയാൻ ഒരു ‘പ്രതിരോധ സംവിധാനം’ രൂപപ്പെടുത്തുന്നതിൽ യുഎസിനൊപ്പം നിൽക്കുമെന്നും നാറ്റോ വ്യക്തമാക്കി. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചായിരിക്കും പ്രതിരോധം രൂപപ്പെടുത്തുക.

Russia BRICS Summit
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും.

ആർക്കും വിലയിരുത്താവുന്ന വിധം സുതാര്യവുമായിരിക്കും. പ്രകോപനപരമായ യാതൊരു നടപടിയും നാറ്റോയുടെ ഭാഗത്തു നിന്നുണ്ടാകില്ല. പുതിയൊരു ആയുധപ്പോരാട്ടം നാറ്റോ ആഗ്രഹിക്കുന്നില്ലെന്നും സ്റ്റോൾട്ടൻബർഗ് വ്യക്തമാക്കി. അതിനിടെ റഷ്യയ്ക്കു മറുപടിയായി മധ്യദൂര മിസൈൽ പരീക്ഷണത്തിനൊരുങ്ങുകയാണ് യുഎസ്. ഏതാനും മാസങ്ങള്‍ക്കം പരീക്ഷണം നടത്താനിരിക്കെയാണു കരാറിൽ നിന്നു പിന്മാറുന്നത്. പരീക്ഷണം മാത്രമേയുള്ളൂവെന്നും അവ വിന്യസിക്കുന്നതിനെപ്പറ്റി നിലവിൽ ആലോചിക്കുന്നില്ലെന്നും യുഎസ് വ്യക്തമാക്കി. ദീർഘദൂര മിസൈലുകളിന്മേലും റഷ്യ–യുഎസ് കരാറുണ്ട്. 2021ൽ അതിന്റെ കാലാവധി അവസാനിക്കാനിരിക്കെ നിലവിലെ സാഹചര്യത്തിൽ കരാർ പുതുക്കാൻ സാധ്യതയില്ലെന്നതും ആശങ്ക ശക്തമാക്കുന്നു. നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ ആയുധ പ്രയോഗം സംബന്ധിച്ചു നിലനിൽക്കുന്ന ഒരേയൊരു കരാറും ഇതാണ്.

2010ലാണ് കരാർ രൂപപ്പെട്ടത്, പ്രയോഗത്തിൽ വന്നത് 2018ലും. ഒബാമയുടെ കാലത്തുണ്ടാക്കിയ മറ്റൊരു മോശം കരാർ എന്നാണ് ഇതിനെ ട്രംപ് വിശേഷിപ്പിക്കുന്നതു തന്നെ. അടുത്ത അഞ്ചു വർഷത്തേക്കു കരാർ നീട്ടാൻ യാതൊരു സാധ്യതയില്ലെന്നും ട്രംപിന്റെ വിശ്വസ്തർ നേരത്തേ വ്യക്തമാക്കിയിരുന്നു. അങ്ങനെ വന്നാൽ 1972നു ശേഷം ഇതാദ്യമായിട്ടായിരിക്കും റഷ്യയും യുഎസും ആണവായുധങ്ങളിൽ യാതൊരുവിധ ‘കരാർ’ നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്ന അവസ്ഥയുണ്ടാവുക. ഇതുണ്ടാക്കുന്ന രാജ്യാന്തര ഭീഷണി ചെറുതായിരിക്കില്ലെന്നും യൂണിയൻ ഓഫ് കൺസേണ്‍ഡ് സയന്റിസ്റ്റ്സ് ഗ്ലോബൽ സെക്യൂരിറ്റി പ്രോഗ്രാം ഉപമേധാവി ഡേവിഡ് റൈറ്റ് മുന്നറിയിപ്പ് നൽകുന്നു.

യുഎസും റഷ്യയും തമ്മിലുള്ള കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന തരം ആയുധങ്ങളാണ് ചൈനയുടെ കൈവശമുള്ളതിൽ 95 ശതമാനവുമെന്നാണ് യുഎസിന്റെ ആരോപണം. ചൈനയുടെ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെല്ലാം ഇത്തരത്തിലുള്ളതാണ്. ചൈനയുടെയും റഷ്യയുടെയും ഇത്തരം ആയുധ വളർച്ചയും പുതിയ കാലത്തിന്റെ ആയുധങ്ങളായ ഹൈപ്പർ സോണിക് മിസൈലുകളുടെ നിർമാണവുമെല്ലാം തടയേണ്ടത് അത്യാവശ്യമാണെന്നും യുഎസ് വ്യക്തമാക്കുന്നു. ഉത്തര കൊറിയ, ഇറാൻ പോലുള്ള രാജ്യങ്ങളുടെ കയ്യിൽ ആണവായുധങ്ങളെത്തുമോയെന്ന ആശങ്കയും യുഎസ് പങ്കുവയ്ക്കുന്നു.

English Summary: INF nuclear treaty: What is Next? Trump says new pact should include China, but China Denies

us-ship
യുഎസിന്റെ യുദ്ധക്കപ്പലുകളിലൊന്ന് (ഫയൽ ചിത്രം)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com