ADVERTISEMENT

കോട്ടയം ∙ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ‘പാലാ’യാണ് എവിടെയും സംസാരം. ‘പാലാ വിശേഷങ്ങൾ’ക്ക് ഇപ്പോൾ പ്രസക്തിയുമേറെ.

കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനു ഇലകളോടും പാലായോടും പണ്ടേ വലിയ പ്രിയമാണ്. അതു കൊണ്ടാണ് രണ്ടിലക്ക് വേണ്ടി ഇത്രയും പിടിവാശി. പി.ജെ. ജോസഫിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പഴയ സിനിമാപാട്ടിനെക്കുറിച്ച് അറിയുമ്പോൾ ഈ കഥ മനസ്സിലാകും.

തൊടുപുഴയിൽ മാത്രമല്ല, പാലാ ഉൾപ്പെടെയുള്ള പൊതുവേദികളിൽ ജോസഫ് പല തവണ ഈ പാട്ട് പാടിയിട്ടുമുണ്ട്. ഇനി തിരഞ്ഞെടുപ്പ് കാലയളവിലും ഓണം നാളുകളിലും ഈ പാട്ട് കേട്ടെന്നും വരാം. രാഷ്ട്രീയ ഈണത്തിനു അണികൾ കുട പിടിക്കുമോ എന്നതാണ് ഇപ്പോൾ പാലായിൽ ഉയരുന്ന ചോദ്യം.

‘‘ഏഴിലംപാല പൂത്തു പൂമരങ്ങൾ കുട പിടിച്ചു
വെള്ളിമലയിൽ വേളിമലയിൽ. ’’

ജോസഫിന്റേതായ ശൈലിയിൽ ഇതു കേട്ടവർ പെട്ടെന്നു മറക്കില്ല. അത്രയ്ക്ക് ആസ്വദിച്ചാണ് അദ്ദേഹം ഇത് പാടുന്നത്. ‘കാട്’ എന്ന സിനിമയ്ക്കു വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയതാണ് ഈ ഗാനം. ആലാപനം യേശുദാസ്. വേദ്‌പാൽ വർമയാണ് ഈണം. മധുവും വരലക്ഷ്മിയുമാണ് ഗാനരംഗത്ത് അഭിനയിച്ചത്.

∙ പാട്ടിലും പൂത്ത പാല

‘‘കള്ളിപാലകൾ പൂത്തു ..
കാടൊരു വെള്ളപൂങ്കുട തീർത്തു .. ..
ആരിലും ആരിലും അവയുടെ സൗരഭം ആളിപടരും ഒരുന്മാദം .. .. ’’

‘പഞ്ചവൻകാട്’ എന്ന സിനിമയ്ക്ക് വേണ്ടി വയലാർ – ദേവരാജൻ ടീം ഒരുക്കിയതാണ് ഈ പാട്ട്. നസീറും ഷീലയുമാണ് ഗാനരംഗത്ത്. പഴപാട്ടുകൾ കൂടാതെ പുതുതലമുറ പാട്ടുകളിലും പാല ഉണ്ട്. ‘ഞാൻ ഗന്ധർവൻ’ എന്ന സിനിമയ്ക്കായി കെ.എസ്. ചിത്ര പാടിയ ‘‘പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരു..’’ എന്ന പാട്ട് മൂളാത്ത ആസ്വാദകർ ഉണ്ടാകില്ല.

pala-ldf-booking
മതിൽക്കും മീതെ.. പാലാ കിഴതടിയൂർ ജംക്ഷനിൽ ലോക് സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉപയോഗിച്ച ചുവരെഴുത്തിൽ എൽഡിഎഫ് ബുക്കിങ് നടത്തുന്നു. ചിത്രം:മനോരമ

∙ പാല എന്നാൽ സംരക്ഷകൻ

ബംഗാളി ഭാഷയിൽ ‘പാല’ എന്ന പദത്തിന്റെ അർഥം സംരക്ഷകൻ എന്നാണ്. എട്ടാം നൂറ്റാണ്ടിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശത്ത് പാല സാമ്രാജ്യം നിലനി ന്നിരുന്നു. ഭരണാധികാരികൾ പേരിനൊപ്പം ‘പാല’ എന്നും ചേർത്തിരുന്നു. 12–ാം നൂറ്റാണ്ടോടെ പാല സാമ്രാജ്യം ശിഫിലമായി എന്നാണ് രേഖകൾ. കോട്ടയം ജില്ലയിലെ പാലാ 1947 വരെ വില്ലേജ് യൂണിയൻ ആയിരുന്നു. പാലാഴി എന്ന പേര് ശോഷിച്ച് ‘പാലാ’ എന്നായി എന്നാണ് പഴമൊഴി.

∙ മരങ്ങൾ പറയുന്നു; ഞങ്ങൾ ‘പാലാ’ക്കാർ

കേരളത്തിൽ സുപരിചിതമായ മരങ്ങൾക്കു പലതിനും പാല എന്ന പേരുണ്ട്. അതിൽതന്നെ ഏഴിലംപാല പ്രസിദ്ധം. കുരുട്ടുപാല, ദന്തപ്പാല,കുടുകപ്പാല, മൈലമ്പാല, കരി മ്പാല, മലമ്പാല, വെള്ളപ്പാല ഇതൊക്കെ ഏവർക്കും പരിചയമുള്ള ചെടികളും മരങ്ങളും ആണ്. പാലപ്പൂവിന്റെ ഗന്ധവും അതിലേറെ പ്രസിദ്ധം.

∙ കേരളത്തിൽ എത്ര ‘പാല’

pala-bjp-booking
പാലാ പുലിയന്നൂരിനു സമീപം ലോക് സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉപയോഗിച്ച ചുമരിൽ എൻഡിഎ ബുക്കിങ് നടത്തുന്നു. ചിത്രം:മനോരമ

മീനച്ചിലാറിന്റെ കരയിലെ പാലായിൽ തിരഞ്ഞെടുപ്പ് വിശേഷങ്ങളുടെ വേലിയേറ്റമായി. എന്നാൽ തിരഞ്ഞെടുപ്പിന്റെ കേളി കൊട്ട് അറിയാതെ കേരളത്തിൽ തന്നെ പല ‘പാല’ ഉണ്ടെന്നു എത്രപേർക്കറിയാം. ഈ സ്ഥലങ്ങളെ പരിചയപ്പെടാം. മീനച്ചിൽ താലൂക്കിലുള്ള പാലായിലെ ‘ല’ എന്ന അക്ഷരത്തിനു ദീർഘത്തിന്റെ നീട്ടം ഉണ്ട്. ഇതേ നീട്ടത്തോടു കൂടി തന്നെയും മറ്റൊരു പാലാ കേരളത്തിൽ ഉണ്ട്.

കാസർകോട് ചെറുവത്തൂർ പഞ്ചായത്തിൽ ചെന്നാൽ പേരിൽ പൊരുത്തമു ള്ള‘പാലായി’ കാണാം. കണ്ണൂരിലും കോഴിക്കോടും പാല എന്ന പേരിൽ സ്ഥലം ഉണ്ട്. കണ്ണൂരിൽ മുഴക്കുന്ന് പഞ്ചായത്തിൽ കിണവക്കിൽ നിന്നു അഞ്ചരക്കണ്ടി റൂട്ടിൽ സഞ്ചരിച്ചാൽ ‘പാല’ എത്താം. കോഴിക്കോ‌ട് രാമനാട്ടുകര വഴി മാലാപ്പറമ്പിലേക്കു പോയാലും ‘പാല’ ഉണ്ട്. ഇവിടെ മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. പാല എന്ന സ്ഥലത്തിനോ ടു ചേർന്നു പാലാഴി എന്ന സ്ഥലവും ഉണ്ട്.

പാലായുടെ കഥകൾ ഇങ്ങനെ ഏറെയുണ്ടെങ്കിലും രാഷ്ട്രീയവഴികളിൽ പാലാ തുറക്കുന്ന പുതിയ മുഖം ആരുടേതാകുമെന്ന ചർച്ചകളിലാണ് കേരളം. മാണി സി. കാപ്പൻ തന്നെ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മറ്റു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതോടെ പാലാ തിരഞ്ഞെടുപ്പു ചൂടിലമരും. ഉപതിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നയുടൻ തന്നെ പാലായും പരിസരങ്ങളും രാഷ്ട്രീയവേഷമണിഞ്ഞു കഴിഞ്ഞു. ഹോട്ടൽ മുറികൾ രാഷ്ട്രീയ പാർട്ടികൾ ബുക്കു ചെയ്തു നിറഞ്ഞതോടെ പ്രവർത്തകരെ ഉൾക്കൊള്ളാൻ ലഭ്യമായ വീടുകളും ബുക്കു ചെയ്യാനുള്ള പരിശ്രമത്തിലാണ് രാഷ്ട്രീയകക്ഷികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com