ADVERTISEMENT

ദുബായ് ∙ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസിൽ അനിശ്ചിതത്വം തുടരുന്നു. പല ഒത്തുതീർപ്പ് വ്യവസ്ഥകളും മുന്നോട്ടുവച്ചെങ്കിലും ഇരു കൂട്ടരും സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതാണു പ്രതിസന്ധിക്കു കാരണം. ‌അതേസമയം, സ്വദേശി പൗരന്റെ പാസ്പോർട്ട് ജാമ്യത്തിൽ യാത്രാ വിലക്കു നീക്കി നാട്ടിലേയ്ക്കു മടങ്ങാനുള്ള ശ്രമം നടത്തിയെന്നതു തെറ്റായ വാർത്തയാണെന്ന് തുഷാർ ദുബായിൽ മനോരമ ഒാൺലൈനിനോട് പറഞ്ഞു. തുഷാറിന്റെ ആവശ്യം അജ്മാന്‍ കോടതി തള്ളിയെന്നായിരുന്നു വിവരം.

അത്തരമൊരു നീക്കം ഞാനിതുവരെ നടത്തിയിട്ടില്ല. നിയമ നടപടികളുമായി മുന്നോട്ടുപോകാനുള്ള രേഖകൾ തയാറാക്കുന്ന തിരക്കിലാണു ഞാൻ. ഇടപാടുകൾ സംബന്ധിച്ച എല്ലാ രേഖകളും തന്റെ കൈവശമുണ്ട്. അതു കോടതിയിൽ ഹാജരാക്കും. നിരപരാധിത്വം തെളിയിക്കാനുള്ള ആത്മവിശ്വാസമുണ്ടെന്നും തുഷാർ പറഞ്ഞു. അതേസമയം, കേസ് കോടതിക്ക് പുറത്തു രമ്യമായി പരിഹരിക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണു പരാതിക്കാരനായ നാസിൽ അബ്ദുല്ല.

ഇരു കൂട്ടരും തമ്മിലുള്ള പ്രശ്നപരിഹാര ചര്‍ച്ചകൾ ഇപ്പോഴും നടന്നുവരുന്നുണ്ട്. ഇൗ മാസം 20ന് ദുബായിൽ എത്തിയ തുഷാറിനെ ഹോട്ടലിൽവച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് അജ്മാൻ പൊലീസിനു കൈമാറി. ഒരു ദിവസത്തെ ജയിൽ വാസത്തിനു ശേഷം കഴിഞ്ഞ വ്യാഴാഴ്ച 10 ലക്ഷം ദിർഹവും പാസ്പോർട്ടും ജാമ്യം നൽകി പുറത്തിറങ്ങിയ തുഷാർ നാസിലുമായി അന്നുതന്നെ നേരിട്ട് ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു. പ്രശ്നം കോടതിക്കു പുറത്തു പറഞ്ഞുതീർക്കുമെന്നു പിന്നീട് തുഷാർ മാധ്യമങ്ങളോടു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com