ADVERTISEMENT

കൊച്ചി∙ കണ്ണൂർ വിമാനത്താവളം വഴി കടത്തിയ 15 കിലോ സ്വർണം പിടികൂടിയ കേസിൽ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഇൻസ്പെക്ടർ രാഹുലിനെ (30) ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. കേസിൽ, രാഹുലിനെ സഹായിച്ചതായി കരുതുന്ന കണ്ണൂർ വിമാനത്താവളത്തിലെ 3 കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥരെ കൂടി ഡിആർഐ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. രാഹുലിനെ സാമ്പത്തിക കുറ്റവിചാരണ കോടതി റിമാൻഡ് െചയ്തു.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനിൽ ജോലി ചെയ്യുന്ന രാഹുൽ ഡൽഹി സ്വദേശിയാണ്. കള്ളക്കടത്തു സംഘത്തിനു സഹായം നൽകിയതിനാണു രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ സസ്പെൻഡ് ചെയ്തതായി കസ്റ്റംസ് പ്രിവന്റിവ് കമ്മിഷണർ സുമിത്കുമാർ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു വർഷമായി ജോലി ചെയ്തിരുന്ന രാഹുലിനെ, കള്ളക്കടത്തിനു സഹായിക്കുന്നുവെന്ന സംശയത്തെ തുടർന്ന് ഒരു മാസം മുൻപ് കോഴിക്കോട് പ്രിവന്റീവ് ഡിവിഷനിൽ പ്രത്യേകിച്ചു ചുമതലയൊന്നും നൽകാതെ മാറ്റി നിയമിക്കുകയായിരുന്നു.

സ്വർണക്കടത്ത് കാരിയറുടെ വിശദാംശങ്ങൾ കണ്ണൂരിലെ സുഹൃത്തുക്കൾക്കു കൈമാറുകയാണ് ഇയാൾ ചെയ്തിരുന്നതെന്നു ഡിആർഐ അറിയിച്ചു. കഴിഞ്ഞ 19ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 4.15 കോടി രൂപ വിലവരുന്ന 11.294 കിലോ സ്വർണം ഡിആർഐ പിടികൂടിയിരുന്നു. ഇതിന്റെ തുടർച്ചയായി കോഴിക്കോട്ടു നടത്തിയ പരിശോധനകളിൽ 4 കിലോയോളം സ്വർണവും ഡിആർഐ പിടിച്ചെടുത്തു. ഈ കേസിൽ അറസ്റ്റിലായവരിൽ നിന്നു ലഭിച്ച മൊഴികളെ തുടർന്നാണ് രാഹുലിന്റെ അറസ്റ്റ്.

ഓരോ കാരിയറിൽ നിന്നും ഒരു ലക്ഷം

സ്വർണം ഒളിപ്പിക്കുന്ന രീതിയടക്കം, കടത്താൻ വേണ്ട നിർദേശങ്ങളെല്ലാം സ്വർണക്കടത്തു സംഘത്തിനു നൽകിയിരുന്നതു കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഇൻസ്പെക്ടറായ രാഹുലാണെന്നു ഡിആർഐ കണ്ടെത്തി. കണ്ണൂർ വിമാനത്താവളത്തിൽ ഓരോ കാരിയറെത്തുമ്പോഴും രാഹുലിനു ലഭിച്ചിരുന്നത് ഒരു ലക്ഷം രൂപയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തിലിരുന്നാണു രാഹുൽ കണ്ണൂരിലെ സ്വർണക്കടത്തുകാരെ സഹായിച്ചത്.

സ്വർണം ഒളിപ്പിക്കേണ്ടതെങ്ങനെയെന്ന് രാഹുൽ ഓരോ തവണയും സംഘത്തിനു നിർദേശം നൽകിയിരുന്നു. മിക്സിയിലും മൈക്രോവേവ് അവനിലും ഏതു രീതിയിൽ സ്വർണം ഒളിപ്പിക്കണം, ബാഗേജിനു പുറത്ത് എന്തൊക്കെ, ഏതൊക്കെ നിറത്തിലുള്ള മഷിയിൽ ഏതു രീതിയിൽ എഴുതണമെന്നു വരെ നിർദേശിക്കും. കാരിയറെ പെട്ടെന്നു തിരിച്ചറിയാനാണിത്. ബാഗേജുമായി നിൽക്കുന്ന കാരിയറുടെ ഫോട്ടോ സ്വർണക്കടത്തു സംഘം രാഹുലിന് അയച്ചു കൊടുക്കും. ഫോട്ടോയും വിശദാംശവും രാഹുൽ, കണ്ണൂർ വിമാനത്താവളത്തിലെ പരിചയക്കാരായ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു കൈമാറുകയും ചെയ്യും.

എക്സ്റേയിൽ കണ്ടില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറാനാണു ഗൃഹോപകരണങ്ങളിൽ സ്വർണം ഒളിപ്പിക്കാൻ നിർദേശിക്കുന്നത്. ചെക്ക് ഇൻ ബാഗേജിൽ കടത്താൻ ശ്രമിച്ച സ്വർണ ബിസ്കറ്റുകളാണ് 19ന് പിടിച്ചെടുത്തത്. ഇതിനു മുൻപു പലതവണ കണ്ണൂർ വിമാനത്താവളം വഴി രാഹുലിന്റെ സഹായത്തോടെ സംഘം സ്വർണം കടത്തിയതായാണു വിവരം. കോഴിക്കോട് വിമാനത്താവളത്തിൽ ജോലി ചെയ്യവെ, താമസിക്കാൻ ഫ്ലാറ്റ് ഏർപ്പാടാക്കിയ ആളുമായുള്ള പരിചയമാണു രാഹുലിനെ സ്വർണക്കടത്തു സംഘത്തിലേക്ക് അടുപ്പിച്ചതെന്നു സൂചനയുണ്ട്.

തന്നെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള പ്രതിഫലം രാഹുലാണു കൈമാറിയിരുന്നതെന്നും സൂചനയുണ്ട്. കണ്ണൂർ വഴി സ്വർണം കടത്തിയിരുന്ന, കോഴിക്കോട് ആസ്ഥാനമായുള്ള സംഘവുമായാണു രാഹുലിനു ബന്ധമെങ്കിലും അറസ്റ്റിലേക്കു നയിച്ച നിർണായക വിവരം ലഭിച്ചതു നെടുമ്പാശേരി വിമാനത്താവളത്തിൽ കഴിഞ്ഞദിവസം സ്വർണവുമായി അറസ്റ്റിലായ സംഘത്തിൽ നിന്നാണെന്നു സൂചനയുണ്ട്.

രാഹുലിനെക്കുറിച്ച് വിവരങ്ങള്‍ നൗഷാദിന്റെ ഫോണില്‍

സ്വർണക്കടത്തു സംഘത്തിനു സഹായം നൽകിയ കസ്റ്റംസ് ആൻഡ് സെൻട്രൽ  എക്സൈസ് ഇൻസ്പെക്ടർ രാഹുലിനെ പറ്റി നിർണായക തെളിവു ലഭിച്ചതു കൊച്ചി വിമാനത്താവളത്തിൽ കള്ളക്കടത്തു സ്വർണവുമായി പിടിയിലായ മലപ്പുറം മഞ്ചേരി സ്വദേശി നൗഷാദിൽ നിന്ന്. ഈമാസം 25നാണു നൗഷാദും പാലക്കാട് സ്വദേശി യാസിമും 2.5 കിലോ സ്വർണവുമായി ഡിആർഐയുടെ പിടിയിലായത്.

നൗഷാദിന്റെ മൊബൈൽ ഫോണിൽ, കാരിയർമാരുടെ ഫോട്ടോയും ബാഗേജ് വിശദാംശങ്ങളും രാഹുലിനു കൈമാറിയതിന്റെ മുഴുവൻ വിവരങ്ങളുമുണ്ടായിരുന്നു. കള്ളക്കടത്ത് ബന്ധം സംശയിച്ച്, ഒരു മാസം മുൻപു തന്നെ രാഹുലിനെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനിലേക്കു മാറ്റിയിരുന്നുവെങ്കിലും കാര്യമായ തെളിവു ലഭിച്ചിരുന്നില്ല. കോഴിക്കോട് വിമാനത്താവളം വഴി സ്വർണം കടത്താൻ രാഹുൽ കൂട്ടു നിന്നതായാണു ഡിആർഐ സംശയിക്കുന്നത്. 

കോഴിക്കോട്ടെ സംഘത്തിനു പുറമെ, മറ്റേതെങ്കിലും സംഘങ്ങൾക്കു രാഹുൽ സഹായം നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തിലെ 3 കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡിആർഐ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. കസ്റ്റംസ് വിജിലൻസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com