ADVERTISEMENT

ന്യൂഡൽഹി∙ കശ്മീര്‍ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടതിനെതിരായ പ്രതിഷേധ സൂചകമായി രാജിവച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. കണ്ണൻ നൽകിയ രാജി അംഗീകരിക്കുന്നതു വരെ ജോലിയിൽ തുടരണമെന്നു കേന്ദ്ര സര്‍ക്കാർ നിലപാടെടുത്തു.

 IAS officer Kannan Gopinathan
കണ്ണൻ ഗോപിനാഥൻ ഐ.എ.എസ്

ഇതുമായി ബന്ധപ്പെട്ട നോട്ടിസ് കണ്ണൻ ഗോപിനാഥൻ  താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിനു മുന്നിൽ പതിപ്പിക്കുകയും ചെയ്തു. 2012 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ ജില്ലാ കലക്ടറായിരുന്ന കണ്ണന്‍ നിലവില്‍ ദാദ്രയിലെ ഊര്‍ജ്ജ-നഗരവികസനവകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കേന്ദ്രസർക്കാർ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് കണ്ണൻ രാജിവച്ചത്. പറയാനുള്ള അവകാശം ഇല്ലാതാകുന്നത് ജനാധിപത്യവിരുദ്ധമാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാനാണ് ഐ.എ.എസ് എടുത്തത്. ഇപ്പോള്‍ സ്വന്തം ശബ്ദം പോലുമില്ലാത്ത അവസ്ഥയാണ്– കണ്ണൻ  ഗോപിനാഥൻ പറഞ്ഞു.

രാഷ്ട്രീയത്തിലേക്കില്ലെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനം മോശമാണെന്ന് കരുതുന്നില്ല. ഭാവിയെക്കുറിച്ച് ആശങ്കയില്ല. മറ്റൊരു ജോലി കണ്ടെത്തണം. എന്നാല്‍, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ കഴിയുന്ന ജോലി മാത്രമെ തിരഞ്ഞെടുക്കുവെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ഓഗസ്റ്റ് 21നാണ് സിവിൽ സർവീസിൽ നിന്ന് രാജിവയ്ക്കുന്നതായി കാണിച്ച് കണ്ണൻ ഗോപിനാഥൻ ആഭ്യന്തര സെക്രട്ടറിക്കു കത്ത് നല്‍കിയത്. 

English Summary: IAS officer Kannan Gopinathan asked to join duty immediately

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com