ADVERTISEMENT

കൊച്ചി∙ തുടർച്ചയായി മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപന സമ്മർദം തുടരുകയാണ്. ഇന്നലെ 37451.84ൽ ക്ലോസ് ചെയ്ത സെൻസെക്സ് ഇന്നു രാവിലെ 37381.80നാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി സൂചികയാകട്ടെ 11046.10ൽ‍ നിന്ന് 10996.05ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരുവേള വ്യാപാരം 11020.15 വരെ വന്നെങ്കിലും നിർണായക നിലയായ 11000ൽ താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്.

നിഫ്റ്റിക്ക് ഇന്ന് താഴേയ്ക്ക് 10936ൽ ആയിരിക്കും അടുത്ത സപ്പോർട് ലഭിക്കുക എന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. മുകളിലേയ്ക്ക് 11030 ലവലിൽ റസിസ്റ്റൻസ് നേരിടുമെന്നാണ് വിലയിരുത്തൽ.

വിപണിയിൽ നിന്നുള്ള പ്രധാന സൂചനകൾ:

∙ ഇന്ന് ഏതാണ്ട് എല്ലാ സെക്ടറുകളിലും ഇടിവ് പ്രവണതയാണുള്ളത്. ഫാർമ സെക്ടറിൽ നിശ്ചിത ഓഹരികളിൽ മുന്നേറ്റം കാണിക്കുന്നുണ്ട്.

∙ ആഗോള വിപണിയിൽ നിന്ന് ഇന്ത്യൻ വിപണിയെ ബാധിക്കുന്ന കാര്യമായ ഡാറ്റകളൊന്നുമില്ല. യുഎസ് വിപണിയിൽ ഡൗജോൺസ് സൂചികയിൽ 250 പോയിന്റിന്റെ റാലി വന്നിരുന്നു. എന്നിരുന്നാലും രാവിലെ മുതൽ ഏഷ്യൻ വിപണികളിലെല്ലാം ഒരു ഇടിവ് പ്രവണതയാണ് പ്രകടമാകുന്നത്.

∙ യുഎസ് – ചൈന വ്യാപാരത്തർക്കം തുടരുന്നതും യൂറോപ്പിൽ നിന്നുള്ള പുതിയ നെഗറ്റീവ് വാർത്തകളുമാണ് ഏഷ്യൻ വിപണിയെ സമ്മർദത്തിലാക്കുന്നത്. ബ്രിട്ടന് യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തു കടക്കുന്നതിനുള്ള സമയം അടുക്കുകയാണ്. ഒരു നൊ ഡീൽ ബ്രക്സിറ്റായിരിക്കും വരിക എന്നാണ് റിപ്പോർട്ടുകൾ. ഇതോടൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി പാർലമെന്റ് ഒക്ടോബർ 31 വരെ സസ്പെൻഡ് ചെയ്യുമെന്ന പ്രഖ്യാപനവും പോസിറ്റീവായല്ല വിപണികൾ എടുക്കുന്നത്. ഇതെല്ലാം വിപണിയെ പിന്നോട്ടടിക്കും.

∙ ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ വിൽപന സമ്മർദം നേരിടുന്നതു ഇന്ത്യൻ വിപണിയിലാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ തുടർച്ചയായി വിൽപനയ്ക്കെത്തുകയാണ്. ഇന്നലെയും 935 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.

∙ ഇന്ന് പ്രധാനമായും വിപണിയുടെ പ്രവണത നിയന്ത്രിക്കുന്നത് ഓഗസ്റ്റിലെ എഫ്ആൻഡ്ഒ എക്സ്പയറിയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ അസ്ഥിരത ഉച്ചകഴിഞ്ഞ് വിപണിയിൽ പ്രകടമായേക്കും.

∙ യുഎസിലെ രണ്ടാം പാദ ജിഡിപി ഡേറ്റയും ഇന്ന് പുറത്ത് വരാനിരിക്കുന്നു.

∙ ഇന്നലെ വിപണി ക്ലോസ് ചെയ്ത ശേഷം ഏതാനും പ്രധാന വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിൽ നെസ്‍ലെയെ എൻഎസ്ഇ നിഫ്റ്റി സൂചികയിൽ ഉൾപ്പെടുത്തുന്നു എന്നതാണ് ഒന്ന്. ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് എൻഎസ്ഇ 50 സൂചികയിൽ നിന്നു പുറത്താകുകയാണ്. എൻഎസ്ഇ നിഫ്റ്റിയിൽ ഉപഭോക്തൃ ഓഹരിക്ക് നേരിയ മുൻതൂക്കം ലഭിക്കുകയാണ്. ഇതുകൊണ്ടു തന്നെ ചില പ്രധാന എഫ്എംസിജി ഓഹരികളിൽ നേരിയ മുന്നേറ്റമുണ്ട്.

∙ ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ പഞ്ചസാരയ്ക്ക് കൂടുതൽ കയറ്റുമതി സബ്സിഡി നൽകുന്നതിനുള്ള തീരുമാനം വന്നിട്ടുണ്ട്. അതുകൊണ്ടു ഷുഗർ ഓഹരികളിൽ നേരിയ മുന്നേറ്റം പ്രകടമായിരുന്നു.

∙ ഇന്നലെ കൂടുതൽ മേഖലകളിൽ വിദേശ നിക്ഷേപം അനുവദിക്കുന്നതിനുള്ള തീരുമാനം വന്നിരുന്നു. കൽക്കരി ഖനനം, സിംഗിൾ ബ്രാൻഡ് റിട്ടെയിൽ മേഖലകളിൽ കൂടുതൽ വിദേശ നിക്ഷേപം അനുവദിക്കുന്നതിനാണ് തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com