ADVERTISEMENT

പത്തനംതിട്ട ∙ നക്ഷത്ര ആമകളുടെ നക്ഷത്രം തെളിഞ്ഞു എന്നു പറയാം. ഇവയെ പിടികൂടുന്നതും കടത്തുന്നതും വളർത്തുന്നതും പൂർണമായും നിരോധിക്കാൻ ജനീയവയിൽ നടക്കുന്ന ആഗോള പ്രകൃതി സംരക്ഷണ സംഗമത്തിൽ തീരുമാനമായി. 

വംശനാശ ഭീഷണി നേരിടുന്ന ജീവികളെയും സസ്യങ്ങളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കൺവൻഷൻ ഓൺ ഇന്റർനാഷനൽ ട്രേഡ് ഇൻ എൻഡേഞ്ചേർഡ് സ്പീഷീസ് ഓഫ് വൈൽഡ് ഫ്ലോറാ ആൻഡ് ഫോണാ (സൈറ്റ്സ്) എന്ന രാജ്യാന്തര സംഘടനയുടെ  ഉച്ചകോടിയാണ് നിർദേശം അംഗീകരിച്ചത്. കേരളത്തിലും കർണാടകത്തിലും ഉൾപ്പെടെ ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന നീർനായകളെയും (ഓട്ടർ) വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

കൊങ്കൺ—കർണാടക തീരത്ത് കാണപ്പെടുന്ന സ്മൂത്ത് കോട്ടഡ് ഓട്ടർ, കേരളം ഉൾപ്പെടെ പശ്ചിമഘട്ടത്തിലെ ജലാശയങ്ങളിൽ കാണുന്ന സ്മാൾ ക്ലോവ്ഡ് ഓട്ടർ എന്നിവയെ രോമത്തിനും മറ്റും വേട്ടയാടി പിടികൂടുന്നത് വ്യാപകമായതോടെയാണ് ഇവയെ സംരക്ഷിത പട്ടികയിലാക്കണമെന്ന നിർദേശം 170 അംഗരാജ്യ സംഘടനയിൽ ഇന്ത്യ ഉന്നയിച്ചത്. 

നക്ഷത്ര ആമകളെ കേരളത്തിലൂടെ ഉൾപ്പെടെ ആഗോള വ്യാപകമായി കടത്തുന്നതു പതിവാണ്. പലപ്പോഴും ഭാഗ്യചിഹ്നമായി കരുതുന്നതുകൊണ്ടാണ് ഇവയെ വാങ്ങാൻ ആവശ്യക്കാരേറുന്നതെന്നു വന്യജീവി കുറ്റകൃത്യ നിയന്ത്രണ വിഭാഗം പറയുന്നു. പട്ടിക രണ്ടിൽ നിന്ന് പട്ടിക ഒന്നിലേക്ക്  (അപ്പൻഡിക്സ് 1) സംരക്ഷണ പദവി  ഉയർത്തുന്നതോടെ ഇവയെ ജീവനോടെയോ കൊന്നോ ശരീരഭാഗങ്ങളായോ കടത്തുന്നതു കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറും.

നക്ഷത്ര ആമകളെ കടത്തുന്നതിന് എതിരെ കടുത്ത നിയമ നടപടി സ്വീകരിക്കാൻ ഇനി ഉദ്യോഗസ്ഥർക്കു കഴിയുമെന്ന് ജീവികളെ കടത്തുന്നതിന് എതിരെ പ്രവർത്തിക്കുന്ന ട്രാഫിക് എന്ന സംഘടനയുടെ ആഗോള വക്താവ് ഡോ. റിചാർഡ് തോമസ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ചൈനീസ് മരുന്നുകളിൽ ഉപയോഗിക്കുന്ന ചിലതരം പല്ലികളെ രണ്ടാം പട്ടികയിൽ ചേർത്ത് സംരക്ഷിക്കാനും ഉച്ചകോടി തീരുമാനിച്ചു. 

പട്ടിക രണ്ടിലും മൂന്നിലും ഉള്ള ജീവികളെയും സസ്യങ്ങളെയും ഭാഗിക നിയന്ത്രണങ്ങളോടെ വ്യാപാരം നടത്താം. കൃഷിക്കും വാണിജ്യ ആവശ്യങ്ങൾക്കും നീർത്തടങ്ങളും ഹരിത ഇടങ്ങളും നികത്തുന്നതും, അനധികൃത കടത്തലിനു പുറമെ, ഈ ജീവികളുടെ നിലനിൽപ്പിനെ ബാധിക്കുന്നു. കടുവയുടെയോ ആനയുടെയോ അത്ര തലയെടുപ്പില്ലാത്ത കുഞ്ഞു ജീവികളെ സംരക്ഷിക്കാനുള്ള നീക്കം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത് ജൈവവൈവിധ്യ സംരക്ഷണത്തിനു ശുഭകരമാണെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. മരങ്ങളുടെ കൂട്ടത്തിൽ കരിവീട്ടിക്ക് (റോസ് വുഡ്) സംരക്ഷണം വേണമെന്ന് ഇന്ത്യ ആവശ്യമുന്നയിച്ചിരുന്നു. 

English Summary : Endangered Indian Star Tortoise gets bumped upto higher protection status

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com