ADVERTISEMENT

കണ്ണൂര്‍∙ കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ ദുരൂഹസാഹചര്യത്തില്‍ കുഴഞ്ഞുവീണു മരിച്ച സംഭവം കൊലപാതകമാണെന്നു പൊലീസ് സൂചന നല്‍കുമ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത് ഏഴു വര്‍ഷം മുമ്പ് പിണറായിയില്‍ നടന്ന സമാനമായ സംഭവം.

കൂടത്തായിയില്‍ സംഭവിച്ചതു പോലെ ഒരു വീട്ടില്‍ നാലു മാസത്തിനിടെ നടന്നതു മൂന്നു മരണങ്ങള്‍. എല്ലാവരും മരിച്ചത് ഛര്‍ദിയെത്തുടര്‍ന്ന്. വീട്ടില്‍ അവശേഷിച്ച യുവതിയും ഛര്‍ദിച്ച് ആശുപത്രിയിലായതോടെ നാട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് മരണങ്ങള്‍ക്ക് ഉത്തരവാദിയായി കണ്ടെത്തിയത് യുവതിയെ. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ജയില്‍വളപ്പിലെ കശുമാവില്‍ സാരിത്തുമ്പില്‍ അവര്‍ ഒടുങ്ങുകയും ചെയ്തു. 

പിണറായി പടന്നക്കരയില്‍ വീട്ടില്‍ അച്ഛനെയും അമ്മയെയും മകളെയും വിഷം കൊടുത്തു കൊലപെടുത്തിയശേഷം ആര്‍ക്കും സംശയമില്ലാതെ കഴിഞ്ഞ സൗമ്യ പിടിയിലാകുന്നത് നാട്ടുകാരുടെ ഇടപെടലിലൂടെയാണെങ്കില്‍ കോഴിക്കോട് കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറു മരണങ്ങളെക്കുറിച്ച് വീണ്ടും അന്വേഷണം ആരംഭിച്ചത് മരിച്ച ടോം തോമസിന്റെ മകന്‍ റോജോയുടെ പരാതിയിലാണ്.

പിണറായിയിലെ കൊലപാതക കേസും കൂടത്തായിയിലെ കേസും തമ്മില്‍ സാമ്യങ്ങളേറെ. തുടര്‍ച്ചയായി മരണങ്ങള്‍ നടന്ന് ഏറെ നാളുകള്‍ക്കുശേഷമാണ് രണ്ടു കേസിലും അന്വേഷണം ആരംഭിക്കുന്നത്. പിണറായിലെ കേസില്‍ മകളാണ് കുടുംബത്തിലുള്ളവരെ കൊന്നതെങ്കില്‍ കൂടത്തായില്‍ സംശയനിഴലിലുള്ളത് ബന്ധുക്കളാണ്. ഭക്ഷണത്തിലൂടെ വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്നും പൊലീസ് സംശയിക്കുന്നു. 

കൂടത്തായിയിലെ ടോം തോമസടക്കമുള്ളവര്‍ മരിക്കുന്നതിനു മുന്‍പ് ഒരേതരം ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണത്തിലൂടെയാണോ വിഷം അകത്തു ചെന്നത് എന്നതറിയാന്‍ കല്ലറകള്‍ തുറന്നു മൃതദേഹങ്ങള്‍ പരിശോധിച്ച പൊലീസ് ഫൊറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. സംശയമുള്ള ചിലര്‍ നീരീക്ഷണത്തിലുണ്ട്. കൊലപാതകമാണെന്നു തെളിയുകയാണെങ്കില്‍ കേരള ചരിത്രത്തിലെ ഏറ്റവും ആസൂത്രിതമായ കുറ്റകൃത്യത്തിന്റെ പിന്നാമ്പുറ കഥകളിലേക്കായിരിക്കും അതു വഴി തുറക്കുന്നത്.

കുടുംബത്തിലെ മൂന്നുപേരെ കൊന്ന് കേരളത്തെ ഞെട്ടിച്ച സൗമ്യ

2012 സെപ്റ്റംബറിലാണ് പിണറായി പടന്നക്കരയില്‍ കുഞ്ഞിക്കണ്ണന്റെ വീട്ടില്‍ ആദ്യ മരണം സംഭവിക്കുന്നത്. കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യയുടെ മകളായ ഒരു വയസുള്ള കീര്‍ത്തന ഛര്‍ദിയെത്തുടര്‍ന്ന് മരിച്ചു. സംശയമൊന്നും തോന്നാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയില്ല. സൗമ്യയുടെ മൂത്ത മകള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഐശ്വര്യ 2018 ജനുവരി 21ന് ഛര്‍ദിയെത്തുടര്‍ന്നു മരിച്ചു. പരാതിയില്ലാത്തതിനാല്‍ ഐശ്വര്യയെയും പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയില്ല.

കുഞ്ഞിക്കണ്ണന്റെ ഭാര്യ കമല (68) മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍(76) ഏപ്രില്‍ 13നും ഛര്‍ദിയെത്തുടര്‍ന്നു മരിച്ചു. ഛര്‍ദിയെത്തുടര്‍ന്നാണ് എല്ലാ മരണങ്ങളും ഉണ്ടായതെന്നു മനസിലായതോടെ ജനങ്ങള്‍ ആശങ്കയിലായി. കിണറിലെ വെള്ളത്തില്‍ വിഷമുണ്ടെന്നായിരുന്നു സൗമ്യയുടെ പ്രചരണം. വീട്ടിലെയും പ്രദേശത്തെ കിണറുകളിലെയും വെള്ളം പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. മരണങ്ങള്‍ക്കു പിന്നില്‍ അസ്വഭാവികതയുണ്ടെന്ന നിലപാടിലായിരുന്നു അയല്‍ക്കാരും നാട്ടുകാരും. 

മരണത്തില്‍ സംശയമുണ്ടെന്നു ബന്ധു പരാതി നല്‍കിയതിനെത്തുടര്‍ന്ന് സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ (9) മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. പരിയാരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ഇതിനു ദിവസങ്ങള്‍ക്ക് മുന്‍പ് സൗമ്യയുടെ അമ്മ കമലമ്മയുടേയും അച്ഛന്‍ കുഞ്ഞിക്കണ്ണന്റെയും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. ശരീരത്തില്‍ അലുമിനീയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയത് പൊലീസില്‍ കൂടുതല്‍ സംശയം ഉണ്ടാക്കി.

എലിവിഷത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുവായ അലൂമിനിയം ഫോസ്‌ഫേറ്റ് ചെറിയ അളവില്‍ ശരീരത്തില്‍ പ്രവേശിച്ചാലും അപകടകരമാണ്. ഏപ്രില്‍ 17ന് ഛര്‍ദിയെത്തുടര്‍ന്ന് സൗമ്യയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. പരിശോധനയില്‍ സൗമ്യയ്ക്ക് ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ലെന്നു തെളിഞ്ഞു.

സൗമ്യയുടെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ്, ഭര്‍ത്താവുമായി അകന്നു കഴിയുന്ന സൗമ്യയ്ക്ക് പല പുരുഷന്‍മാരുമായും ബന്ധമുണ്ടെന്നു മനസിലാക്കി. സൗമ്യയുടെ മൊബൈലില്‍നിന്നും ഇതിനു ബലം നല്‍കുന്ന തെളിവുകള്‍ ലഭിച്ചു. ആശുപത്രിയില്‍നിന്നു തലശ്ശേരി റെസ്റ്റ്ഹൗസിലേക്ക് കൊണ്ടു പോയ സൗമ്യ ചോദ്യം ചെയ്യലില്‍ ആദ്യം പിടിച്ചു നിന്നെങ്കിലും പൊലീസ് തെളിവുകള്‍ നിരത്തിയതോടെ കുറ്റസമ്മതം നടത്തി.

പൊലീസ് മനഃശാസ്ത്രപരമായി നേരിട്ടു, കേസ് തെളിഞ്ഞു

കസ്റ്റഡിയില്‍ എടുത്തപ്പോഴും കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടില്‍ സൗമ്യ ഉറച്ചു നിന്നു. ആവശ്യത്തിലധികം മനോബലമുള്ള സൗമ്യയില്‍നിന്ന് ഒരു വിവരവും കിട്ടാന്‍പോകുന്നില്ലെന്ന് ഒരു ഘട്ടത്തില്‍ ഉറപ്പിച്ച പൊലീസ് മനഃശാസ്ത്രപരമായി കുറ്റവാളിയെ നേരിട്ടു. ഒരു പ്രത്യേക ഘട്ടത്തില്‍ പൊട്ടിക്കരഞ്ഞു സൗമ്യ കുറ്റങ്ങള്‍ ഏറ്റു പറഞ്ഞു. തന്ത്രപരമായ ചോദ്യം ചെയ്യലിലൂടെ 15 മിനിറ്റിനുള്ളില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസ് ചോര്‍ത്തിയെടുത്തു.

തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി സിഐ: കെ.ഇ.പ്രേമചന്ദ്രനാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്‍, ഡിവൈഎസ്പി പി.പി.സദാനന്ദന്‍, എഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവരും മുറിയിലുണ്ടായിരുന്നു. ചോദ്യങ്ങളെ കൂസലില്ലാതെ നേരിട്ട സൗമ്യ കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്ന് ആവര്‍ത്തിച്ചു. തെളിയിക്കാന്‍ വെല്ലുവിളിച്ചു.

വിഷം ഉള്ളില്‍ ചെന്നാണു മൂന്നുപേരും മരിച്ചതെന്നും സൗമ്യ വിഷം വാങ്ങിയതിനു തെളിവുണ്ടെന്നും കേസ് തുടക്കം മുതല്‍ അന്വേഷിച്ച സിഐ കെ.ഇ.പ്രേമചന്ദ്രന്‍ ആവര്‍ത്തിച്ചെങ്കിലും കുറ്റം സമ്മതിക്കാന്‍ സൗമ്യ തയാറായില്ല. ക്ഷോഭിച്ചു സംസാരിച്ച സൗമ്യയെ അടുത്ത മുറിയിലേക്കു മാറ്റി. കുറ്റവാളിയുടെ ജീവിതപശ്ചാത്തലം മനസിലാക്കി അവരുമായി അടുപ്പം സ്ഥാപിച്ച് മനഃശാസ്ത്രപരമായി കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന രീതിയാണ് ഈ കേസില്‍ പൊലീസ് സ്വീകരിച്ചത്.

വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ ഡിവൈഎസ്പി പി.പി.സാദാനന്ദന്‍ സൗമ്യയോട് സംസാരിച്ചു. ചോദ്യം ചെയ്യലാണെന്നു തോന്നാത്ത രീതിയില്‍ വീട്ടുകാര്യങ്ങള്‍ മനസിലാക്കുന്ന തരത്തിലായിരുന്നു സംസാരം. സൗമ്യയും ഭര്‍ത്താവും നേരത്തെ വേര്‍പിരിഞ്ഞിരുന്നു. ഭര്‍ത്താവിന്റെ ക്രൂരതകളെപ്പറ്റി ബന്ധുക്കളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ഡിവൈഎസ്പി സൗമ്യയുമായി പങ്കുവച്ചു.

'ഭര്‍ത്താവ് വല്ലാതെ ഉപദ്രവിക്കുമായിരുന്നല്ലേ' എന്ന ചോദ്യത്തിനാണ് സൗമ്യ ആദ്യമായി പ്രതികരിച്ചത്. 'ഭര്‍ത്താവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു. സ്‌നേഹിച്ചാണു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ നാള്‍മുതല്‍ സംശയമായിരുന്നു. ഇളയ മകള്‍ തന്റേതല്ലെന്ന് ഒരിക്കല്‍ അയാള്‍ പറഞ്ഞു. വിഷം കുടിച്ചു മരിക്കാന്‍ തീരുമാനിച്ചതാണ്. അയാള്‍ കുടിച്ചില്ല. താന്‍ കുടിച്ചു. ആശുപത്രിയിലായി.' - സൗമ്യ പറഞ്ഞു തുടങ്ങി.

'ഭര്‍ത്താവില്ലാതായതോടെ വരുമാനം നിലച്ചു. അച്ഛന് ജോലിക്ക് പോകാന്‍ ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അമ്മ ജോലിക്കുപോയെങ്കിലും വീട്ടിലെ സ്ഥിതി മാറിയില്ല. പിന്നീട് താന്‍ ജോലിക്ക് പോയി തുടങ്ങി. ജോലിസ്ഥലത്തെ ഒരു സ്ത്രീയാണ് ചില പുരുഷന്‍മാരെ പരിചയപ്പെടുത്തിയത്. വരുമാനം കിട്ടിയതോടെ കൂടുതല്‍ പുരുഷ സുഹൃത്തുക്കളുണ്ടായി. ഒരിക്കല്‍ തന്റെ വീട്ടിലെത്തിയ പുരുഷ സുഹൃത്തിനെ മകള്‍ കണ്ടു. അവള്‍ തന്റെ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞതോടെ അവളോടും അമ്മയോടും ദേഷ്യമായി.' - സൗമ്യ വികാര വിക്ഷോഭത്തോടെ പറഞ്ഞു.

സൗമ്യ വല്ലാത്ത മാനസികാവസ്ഥയിലാണെന്നു മനസിലാക്കിയ ഡിവൈഎസ്പി അടുത്ത ചോദ്യമെറിഞ്ഞു. 'മകളെ ഒഴിവാക്കിയാല്‍ പ്രശ്‌നം തീരുമെന്ന് കരുതി അല്ലേ?' - 'അതേ'യെന്നു മറുപടി. ഇളയ മകളെയും കൊല്ലുകയായിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്നു പൊട്ടിക്കരഞ്ഞുകൊണ്ട് മറുപടി. അടുത്തുള്ള മുറിയില്‍നിന്നു സിഐയും മറ്റു പൊലീസുകാരും മുറിയിലേക്കെത്തിയപ്പോള്‍ സിഐയുടെ കയ്യില്‍ പിടിച്ച് സൗമ്യ പൊട്ടിക്കരഞ്ഞു.

ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനിടയില്‍ സിഐയില്‍നിന്ന് വിവരങ്ങള്‍ മറച്ചുപിടിച്ചതിന്റെ കുറ്റബോധമാണ് ഈ രംഗത്തിനിടയാക്കിയതെന്നു പൊലീസ് പറയുന്നു. പിന്നീട് സൗമ്യ എല്ലാകാര്യങ്ങളും ഏറ്റു പറഞ്ഞു. അച്ഛനേയും അമ്മയേയും മകളേയും എങ്ങനെ വിഷം കൊടുത്തു കൊന്നു എന്ന് വിവരിച്ചു. കുടുംബത്തെ ഇല്ലാതാക്കിയാല്‍ കാമുകനോടൊപ്പം താമസിക്കാമെന്നായിരുന്നു സൗമ്യ ചിന്തിച്ചത്. ഇളയ കുട്ടിയെ കൊന്നത് സൗമ്യ അല്ലെന്നും അസുഖബാധിതയായാണു കുട്ടി മരിച്ചതെന്നും പൊലീസ് കണ്ടെത്തി. 

ജയില്‍ വളപ്പിലെ കശുമാവില്‍ അന്ത്യം

രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പിക്കാനിരിക്കേ 2018 ഓഗസ്റ്റ് 24നാണ് കണ്ണൂര്‍ വനിതാ ജയില്‍ വളപ്പിലെ കശുമാവില്‍ സാരി ഉപയോഗിച്ച് സൗമ്യ തൂങ്ങി മരിക്കുന്നത്. ചെറിയ കടലാസില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് സൗമ്യ തൂങ്ങി മരിച്ചത്. മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നും ബന്ധുക്കള്‍ ഒറ്റപ്പെടുത്തിയതിനാലാണ് മരിക്കുന്നതെന്നും സൗമ്യ എഴുതി. ആരെയും കൊന്നിട്ടില്ലെന്നും ആത്മഹ്യാക്കുറിപ്പിലുണ്ടായിരുന്നു. ബന്ധുക്കളാരും സൗമ്യയെ കാണാന്‍ ജയിലില്‍ എത്തിയിരുന്നില്ല. മൃതദേഹം ഏറ്റുവാങ്ങാനും ആരും എത്തിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com