ADVERTISEMENT

മുംബൈ∙ മെട്രോ 3 പദ്ധതിയുടെ കാർഷെഡ് നിർമാണവുമായി ബന്ധപ്പെട്ടു വനമേഖലയായ ആരെ കോളനിയിലെ മരംമുറിക്കുന്നതിൽ പ്രതിഷേധിച്ച 29 പരിസ്ഥിതി പ്രവർത്തകർ അറസ്റ്റിൽ. മരം മുറിക്കുന്നതിനു വെള്ളിയാഴ്ച രാത്രി മണ്ണുമാന്തി യന്ത്രങ്ങൾ എത്തിയപ്പോൾ പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇവരെ റിമാൻഡ് ചെയ്തു. 

ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ എടുത്തിരുന്നു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. സംഭവത്തിൽ 38 പേർക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.  ഇതുവരെ പ്രദേശത്തെ ആയിരത്തിലധികം മരങ്ങൾ മുറിച്ചെന്നാണ് സൂചന. സംഭവത്തിൽ അടിയന്തരമായി ഇടപെടാനുള്ള പ്രതിഷേധക്കാരുടെ അപേക്ഷ ബോംബെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ശനിയാഴ്ച വീണ്ടും തള്ളി. ചീഫ് ജസ്റ്റിസിനെ സമീപിക്കാൻ കോടതി ഉത്തരവിട്ടു. 

ആരെ കോളനിയിലെ മരങ്ങൾ മുറിക്കുന്നതിനെതിരെ നൽകിയ നാല് ഹർജികൾ വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണു മരം മുറിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. മരം മുറിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ കോളനിയിലേക്കു പ്രതിഷേധക്കാർ കൂട്ടമായി എത്തുകയായിരുന്നു.

രാത്രിയിൽ മരം മുറിക്കുന്നതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും ഇതു നിയമവിരുദ്ധമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. നഗരസഭാ ചട്ടപ്രകാരം കോടതി വിധി വന്നു 15 ദിവങ്ങൾക്കു ശേഷം മാത്രമെ മരം മുറിക്കാവൂ. ഒക്ടോബർ 4നാണ് വിധിയുടെ പകർപ്പ് കോടതി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. അന്നു വൈകിട്ടു തന്നെ അധികൃതർ മരം മുറിക്കാൻ ആരംഭിച്ചു. ഇനി ദസ്റ അവധിക്കു ശേഷമെ കോടതി തുറക്കു. അതുകൊണ്ടു തന്നെ തങ്ങൾ കോടതിയെ സമീപിക്കാതിരിക്കാനാണ് അധികൃതരുടെ തിരക്കിട്ട നീക്കമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

എന്നാൽ പ്രതിഷേധക്കാരുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നു മുംബൈ മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടർ അശ്വനി ബിഡെ പറഞ്ഞു. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട സമിതി സെപ്റ്റംബർ 13നു തന്നെ നോട്ടിസ് പുറപ്പെടുവിക്കുകയും 28നു അതിന്റെ കാലാവധി അവസാനിക്കുകയും ചെയ്തു. എങ്കിലും ഹൈക്കോടതി വിധി വരുന്നതുവരെ നടപടികൾ നിർത്തിവച്ചിരിക്കുകയായിരുന്നെന്നും അവർ പറഞ്ഞു. 

മെട്രോ പദ്ധതിക്കായി വനമേഖലായ ആരെ കോളനിയിലെ 2,600 മരങ്ങൾ മുറിക്കാനുള്ള നീക്കത്തിനെതിരെ കഴിഞ്ഞ രണ്ടു വർഷമായി കടുത്ത പ്രതിഷേധമാണ് പരിസ്ഥിതി പ്രവർത്തകർ നടത്തുന്നത്. കേസ് സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും പരിഗണനയിലാണ്. സർക്കാർ നടപടിയെ അനുകൂലിച്ചു രംഗത്തെത്തിയതിനു പിന്നാലെ നടന്മാരായ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ എന്നിവർക്കെതിരെയും പ്രതിഷേധമുയർന്നു

English Summary: Bulldozers Enter Mumbai's Aarey To Cut Trees, 29 Activists Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com