ADVERTISEMENT

കോഴിക്കോട്∙ താമരശ്ശേരി കൂടത്തായിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ള ആറു പേർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്നു കരുതുന്ന യുവതിക്കു സയനൈഡ് എത്തിച്ചുനൽകിയ യുവാവിനെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. മരിച്ച റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളിയെയും ഇവരുടെ ബന്ധുവായ താമരശ്ശേരി സ്വദേശിയായ യുവാവിനെയുമാണ് കസ്റ്റഡിയിലെടുത്തത്.

താമരശേരി സ്വദേശിയായ യുവാവാണ് ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തതെന്നു െപാലീസിനു നേരത്തെ ബോധ്യപ്പെട്ടുവെങ്കിലും വ്യക്തമായ തെളിവുകൾ ശേഖരിച്ചതിനു ശേഷമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇവർ  കുറ്റസമ്മതം നടത്തിയതായാണ് സൂചന. നിലവില്‍ റോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിലായിരിക്കും മറ്റ് അഞ്ച് മരണങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ െപാലീസ് വ്യക്തത വരുത്തുക. 

ആറു മരണങ്ങളിൽ റോയിയുടെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം ചെയ്തിരുന്നത്. കുടുംബത്തിലെ 6 പേരുടെയും മരണം സയനൈഡ് ഉള്ളില്‍ ചെന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇന്നലെ അന്വേഷണ സംഘം അവസാനം മരിച്ച രണ്ടുപേരുടെ കല്ലറയും തുറന്നിരുന്നു. അതിൽ നിന്ന് നിർണായക വിവരങ്ങൾ കണ്ടെത്തിയെന്ന് കരുതുന്നു. വേഗത്തിലുള്ള മരണം. ആറുപേരുടെയും മരണത്തിലെ സമാനത. പോസ്റ്റ്മോർട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കാനുള്ള വ്യഗ്രത ഇക്കാര്യങ്ങളെല്ലാം സംശയത്തിന് ആക്കം കൂട്ടുന്നു. 

ഓരോ മരണത്തിനും വര്‍ഷങ്ങളുടെ ഇടവേള വരുത്തിയത് ബോധപൂര്‍വമായിരുന്നു. നുണപരിശോധനയ്ക്ക്  വിധേയമാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും ജോളി ഒഴി‍ഞ്ഞുമാറി.  നിരീക്ഷണത്തിലുള്ള മൂന്നുപേരുടെയും ഫോണ്‍വിളിയുടെ വിശദാംശങ്ങളുള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് പാരമ്പര്യമായി ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നുവെന്ന് പ്രചരിപ്പിച്ചതിന് പിന്നിലും വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 

English Summary: Koodathai Murder, Prime Suspects held in Custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com