ADVERTISEMENT

കോഴിക്കോട്∙ കൂടത്തായിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിച്ചതു ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായ വേഗമേറിയ നീക്കങ്ങള്‍. കൃത്യമായ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു കല്ലറ തുറന്നതും സംഭവത്തിലെ മുഖ്യപ്രതിയെന്നു സംശയിച്ച ജോളിയെ ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തതും.

2002 മുതല്‍ 2016 വരെ 14 വർഷങ്ങളുടെ കാലയളവിലാണ് ഒരേ കുടുംബത്തിലെ 6 പേർ സമാന സാഹചര്യത്തിൽ മരിച്ചത്. 2002 ഓഗസ്റ്റ് 22ന്  നടന്ന റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റെയും 6 വർഷത്തിനു ശേഷമുണ്ടായ അന്നമ്മയുടെ ഭർത്താവ് ടോം തോമസ് പൊന്നാമറ്റത്തിന്റെയും മരണം സ്വാഭാവികമെന്നാണു കരുതിയത്. പിന്നീട് 3 വർഷത്തിനു ശേഷം മരിച്ച ഇവരുടെ മകൻ റോയ് തോമസിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സയനൈഡിന്റെ സാന്നിധ്യമാണ് ക്രൈബ്രാഞ്ച് അന്വേഷണത്തിലേക്കു വഴിവച്ചത്. 

കൊലപാതകമെന്ന സൂചന ലഭിച്ചപ്പോഴാണ് ക്രൈംബ്രാഞ്ച് സംഘം കല്ലറ തുറന്നതും ആറുപേരുടേയും മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തതും. സാഹചര്യത്തെളിവുകള്‍ ശേഖരിച്ചശേഷം മൃതദേഹങ്ങളില്‍ ഫൊറന്‍സിക് പരിശോധനയും നടത്തി. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ജോളി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ശനിയാഴ്ച രാവിലെ കൂടത്തായിലെ വീട്ടിലെത്തി ജോളിയെ കസ്റ്റഡിയിലെടുത്ത് വടകര എസ്പി ഓഫിസിലെത്തിച്ചു. തുടർന്ന് തിരക്കിട്ടു നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. മുന്‍പ് ആറുതവണ ചോദ്യംചെയ്തിട്ടും കുലുങ്ങാതിരുന്ന ജോളി ഒടുവില്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ച തെളിവുകൾക്കു മുന്നിൽ പതറി കുറ്റം സമ്മതിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ സുഹൃത്ത് എം.എസ്. ഷാജി എന്ന മാത്യുവും കസ്റ്റഡിയിലായി. ജോളിയുടെ മൊഴിയനുസരിച്ചാണ് ബന്ധുവായ മാത്യുവിനെ കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെ സയനൈഡ് നൽകിയ ജ്വല്ലറിയിലെ സ്വര്‍ണ പണിക്കാരന്‍ പ്രജുകുമാറും കസ്റ്റഡിയിലായി. മാത്യുവിനേയും പ്രജുകുമാറിനേയും പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്തത്. അതിനിടയില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജു കസ്റ്റഡിയിലെന്ന വാര്‍ത്തവന്നെങ്കിലും ഷാജു ഇക്കാര്യം നിഷേധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com