ADVERTISEMENT

കോഴിക്കോട് ∙ കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും മരിച്ച സംഭവത്തില്‍ ഏറ്റവും ദുരൂഹം എം.എം. മാത്യു മഞ്ചാടിയില്‍ എന്ന 68 കാരന്റെ മരണം. മരിച്ച ടോം തോമസിന്റെ ഭാര്യ അന്നമ്മയുടെ സഹോദരനായിരുന്നു മാത്യു മഞ്ചാടിയില്‍. ആറു മരണങ്ങളുടെ പരമ്പരയില്‍ ആദ്യം മരിച്ചത് അന്നമ്മയായിരുന്നു. 2002 ഓഗസ്റ്റ് 22ന് ആട്ടിന്‍സൂപ്പ് കഴിച്ചതിനു പിന്നാലെയാണ് അന്നമ്മ കുഴഞ്ഞു വീണത്. വായില്‍നിന്ന് നുരയും പതയും വന്നശേഷം ആശുപത്രിയിലെത്തുന്നതിനു മുന്‍പേ അന്നമ്മ മരിച്ചു. 2008 ല്‍ അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് മരിച്ചു. 2011ല്‍ മകന്‍ റോയ് തോമസും ഭക്ഷണം കഴിച്ചതിനു പിന്നാലെ മരിച്ചു. ഇതോടെയാണ് അന്നമ്മയുടെ സഹോദരന്‍ മാത്യു തുടർമരണങ്ങളില്‍ സംശയം ഉയര്‍ത്തിയത്.

കേസില്‍ ഇപ്പോള്‍ പിടിയിലായ ജോളിക്കെതിരായ ആദ്യ സംശയവും മാത്യു മഞ്ചാടിയിലിന്റേത് ആയിരിക്കാം. റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് പിടിവാശി കാണിച്ചത് മാത്യുവായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയതാണ് ഇപ്പോള്‍ കേസില്‍ വഴിത്തിരിവായിരിക്കുന്നത്. ആദ്യം മരിച്ച അന്നമ്മ തോമസിന്റെയും ടോം തോമസ് പൊന്നാമറ്റത്തിന്റെയും മൃതദേഹങ്ങള്‍ ആര്‍ക്കും സംശയമില്ലാതിരുന്നതുകൊണ്ടുതന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നില്ല. 2011ലാണ് റോയ് തോമസ് മരിച്ചത്. രണ്ടു വര്‍ഷത്തിനു ശേഷം 2014 ഫെബ്രുവരി 24ന് എം.എം. മാത്യു മരിച്ചു.

ഫെബ്രുവരി 24ന് വൈകിട്ട് 3.30നാണ് മാത്യു ദുരൂഹ സാഹചര്യത്തില്‍ തളര്‍ന്നുവീഴുന്നത്. അന്ന് മാത്യുവിന്റെ ഭാര്യ അവരുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. അതായത് മരണ സമയത്ത് മാത്യു വീട്ടില്‍ തനിച്ച്. അയല്‍വാസികള്‍ മാത്യുവിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടതു വായില്‍നിന്നു നുരയും പതയും വന്നു നിലത്തുകിടക്കുന്ന മാത്യുവിനെയാണ്. ആശുപത്രിയിലെത്തും മുന്‍പ് മാത്യു മരണത്തിനു കീഴടങ്ങി. മാത്യു കുഴഞ്ഞു വീണകാര്യം അയല്‍വാസികളെ അറിയിച്ചത് സമീപത്തു താമസിച്ചിരുന്ന ജോളിയായിരുന്നു. അതേ ജോളിയെയാണ് കൂടത്തായി കേസില്‍ ഇപ്പോള്‍ പൊലീസ് പിടികൂടിയിരിക്കുന്നത്.

മരണപരമ്പരയിൽ നാലാമതായിരുന്നു മാത്യുവിന്റെ മരണം. അതിനു ശേഷം മരിച്ചത് രണ്ടുപേര്‍ – ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജുവിന്റെ ഭാര്യയായിരുന്ന സിലിയും മകള്‍ രണ്ടു വയസ്സുകാരി ആല്‍ഫൈന്‍ ഷാജുവും. 2014 മേയ് മൂന്നാം തീയതിയാണ് ആല്‍ഫൈന്റെ മരണം. 2016 ജനുവരിയില്‍ ഷാജുവിന്റെ ആദ്യ ഭാര്യ സിലി ഷാജുവും മരിച്ചു. ജോളിക്കൊപ്പം ബന്ധുവിന്റെ കല്യാണത്തിനു പോയി താമരശേരിയില്‍ മടങ്ങിയെത്തിയതായിരുന്നു സിലി. തുടര്‍ന്ന് ഇവരും മക്കളും ഭര്‍ത്താവ് ഷാജുവിനെ ദന്തഡോക്ടറെ കാണിക്കുന്നതിനായി പോയി.

ജോളിയും ഇവരോടൊപ്പമുണ്ടായിരുന്നു. ഷാജു അകത്തു കയറിയപ്പോള്‍ സിലിയും ജോളിയും വരാന്തയില്‍ കാത്തുനിന്നു. ഈ സമയത്ത് സിലി ജോളിയുടെ മടിയിലേക്കു കുഴഞ്ഞുവീണെന്നാണു വിവരം. വായില്‍നിന്നു നുരയും പതയും വന്ന സിലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ഇവിടെയും ഉണ്ടായിരുന്നു ഇപ്പോള്‍ അറസ്റ്റിലായ ജോളിയുടെ സാന്നിധ്യം ! ജോളിയെ 2017ല്‍ സിലിയുടെ ഭര്‍ത്താവായിരുന്ന ഷാജു വിവാഹം ചെയ്തു. കുടുംബത്തിന്റെ ഒസ്യത്തും സംശയങ്ങള്‍ ജോളിയിലെത്തിച്ചു.

English Summary: Koodathayi Mysterious death

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com